'സില്‍ക് സ്മിതയുടെ ബയോപിക്കാണ്, അല്‍പ്പം ഗ്ലാമറസായി ചെയ്യേണ്ടി വരും'; അഞ്ജലി മേനോന്റെ പേരില്‍ യുവനടികളെ കബളിപ്പിച്ച യുവാവ് അറസ്റ്റില്‍
പ്രമുഖ സിനിമ സംവിധായക അഞ്ജലി മേനോന്റെ പേരില്‍ വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് യുവനടികളെ ഉള്‍പ്പെടെ അവസരം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം ഓച്ചിറ കാഞ്ഞിരക്കാട്ടില്‍ ജെ.ദിവിന്‍ ആണ് പിടിയിലായത്.
യുവ നടികള്‍ ഉള്‍പ്പടെ 18 പേരേയാണ് യുവാവ് അവസരം വാഗ്ദാനം ചെയ്ത് വിളിച്ചത്. 'അന്തരിച്ച നടി സില്‍ക് സ്മിതയെ കേന്ദ്രീകരിച്ചുള്ള ബയോപിക് എടുക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിലേയ്ക്ക് അല്‍പം ഗ്ലാമറസായ വേഷങ്ങള്‍ ചെയ്യേണ്ടി വരും. അല്‍പം സെക്‌സിയായി ചെയ്യാനാകുമോ' എന്നെല്ലാം അന്വേഷിച്ചായിരുന്നു വിളികള്‍.
തുടര്‍ന്ന് അഞ്ജലി മേനോനെ വിളിച്ച് ചിലര്‍ വിവരം അന്വേഷിച്ചപ്പോഴാണ് അവര്‍ സംഭവം അറിയുന്നതും പൊലീസില്‍ പരാതി നല്‍കുന്നതും. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദിവിന്‍ പിടിയിലായത്.സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് പ്രൊഫൈല്‍ വിവരങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിഞ്ഞത്.
മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍കാളുകള്‍ ഇന്റര്‍നെറ്റ് കാളുകളാക്കി മാറ്റിയാണ് ഇയാള്‍ ആളുകളെ കബളിപ്പിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. മെഡിക്കല്‍ പരിശേധനകള്‍ക്ക് ശേഷം പ്രതിയെ ഇപ്പോള്‍ ജാമ്യത്തില്‍ വിട്ടയച്ചിരിക്കുകയാണ്.

