"അതെ,ഒരൊറ്റ അടിയായിരുന്നു;പക്ഷെ അടിക്കാൻ പാടില്ലായിരുന്നു"
നിലപാടുകൊണ്ടും കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പു കൊണ്ടും സ്ത്രീപക്ഷനായികയായ തപ്‌സി പന്നുവിന്റെ 2020 റിലീസ് ആണ് ഥപ്പട് . അമൃത എന്ന വീട്ടമ്മ കഥാപാത്രമായാണ് തപ്‌സി ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. കുടുംബം എന്ന വ്യവസ്ഥാപിതസ്ഥാപനത്തിന്റെ ഉള്ളിൽ സ്ത്രീ കൈകാര്യം ചെയ്യപ്പെടുന്ന വിവിധ അവസ്ഥകളാണ് ഈ സിനിമയുടെ പ്രമേയം. സമൂഹം എത്രയൊക്കെ പുരോഗമിക്കുമ്പോഴും തീർത്തും അവഗണിക്കപ്പെടുന്ന ഒന്നാണ് വൈവാഹികബന്ധത്തിലെ സ്ത്രീകൾക്കെതിരെയുള്ള അടിച്ചമർത്തലുകൾ. വിവാഹത്തിൽ അങ്ങനെ ആകാം എന്ന് കാലങ്ങൾക്കപ്പുറം തീരുമാനിക്കപ്പെട്ട പാട്രിയാർക്കൽ ശരിയിലാണ് ഇപ്പോഴും സ്ത്രീകളുടെ ജീവിതം. അതുകൊണ്ടുതന്നെയാണ് 'വെറും ഒരു അടി' എന്തിനാണ് ഇത്ര വലിയ പ്രശ്‌നമാകുന്നത് എന്ന് ഈ സിനിമയിലെ പല കഥാപാത്രങ്ങളും ചോദിച്ചുപോകുന്നതും .

ഗാർഹികപീഡനം എന്ന വകുപ്പിൽ പെടുന്നതാണ് നമ്മുടെ സ്ത്രീകൾ ഓരോ ദിവസവും കടന്നുപോരുന്ന പല സന്ദർഭങ്ങളും. വാക്കുകൾ കൊണ്ടുള്ള മുറിവേൽപ്പിക്കലും പൊതു ഇടങ്ങളിൽ വെച്ചുള്ള ആക്ഷേപങ്ങളും മുതൽ ശാരീരിക അതിക്രമങ്ങളും നിർബന്ധിതലൈംഗികബന്ധവും വരെ അതിൽ പെടും . പക്ഷേ ഇതൊന്നും നിയമത്തിനു മുൻപിൽ കുറ്റകരമാകുന്നില്ല. അതിന്റെ ഒരേയൊരു കാരണം ഇതൊക്കെ നടക്കുന്നത് വൈവാഹികബന്ധത്തിലാണ് എന്നതാണ്. അവിടെ ആണിനുള്ള മേൽക്കൈ അംഗീകരിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. അവർക്കവിടെ പരമാധികാരമാണ്. പുരുഷന്റെ താത്പര്യങ്ങൾക്കും സൗകര്യങ്ങൾക്കും മൂഡിനും സമയത്തിനും അനുസരിച്ചു മാത്രം ചലിക്കുന്നതാണ് കുടുംബബന്ധങ്ങൾ.
.jpg)
കാലാകാലങ്ങളായി തുടരുന്ന ഈ സാധാരണത്വത്തിന്റെ മുഖത്ത് ആഞ്ഞടിക്കുന്ന ഒരു അടിയാണ് ഈ സിനിമ. അമൃതയുടെ ഭർത്താവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസം നടക്കുന്ന ആഘോഷനേരമാണ് സിനിമയുടെ പ്രധാനസന്ദർഭം. അതിനിടെ ജോലിയുമായി ബന്ധപ്പെട്ട് ഒരു സഹപ്രവർത്തകനുമായി ചില മോശം സംസാരങ്ങൾ ഉണ്ടാവുകയും സന്ദർഭം വഷളാവുകയും ചെയ്യുന്നു. ആളുകൾക്ക് മുൻപിൽ ഭർത്താവ് അപമാനിതനാകാതിരിക്കാനാണ് അമൃത ഇടപെടുന്നത്, എങ്കിലും തന്റെ ദേഷ്യവും അപമാനവും സങ്കടവും തീർക്കാൻ അത്രയധികം ആളുകൾക്ക് മുൻപിൽ വെച്ച് ഭാര്യയുടെ മുഖത്ത് ആഞ്ഞടിക്കുകയാണ് അയാൾ ചെയ്യുന്നത്. ഇത് യഥാർത്ഥജീവിതത്തിൽ അത്ര അപരിചിതമല്ലാത്ത ഒരു സന്ദർഭമാണ്. ഭർത്താവിന്റെ/ കാമുകന്റെ/ അച്ഛന്റെ/ ആങ്ങളയുടെ ഈഗോ മുറിപ്പെടുന്ന ഇടങ്ങളിൽ അയാളാൽത്തന്നെ അപമാനിക്കപ്പെടുകയും അങ്ങനെ അയാളുടെ ഫ്രസ്ട്രേഷൻ കുറയുകയും ചെയ്യുക. അത് അയാളുടെ സങ്കടമോ ദേഷ്യമോ കൊണ്ടല്ലേ എന്ന് സ്വയം സമാധാനിക്കുകയും മറ്റുള്ളവർക്ക് മുൻപിൽ സഹതാപത്തിന്റെ നോട്ടങ്ങളിൽ ചൂളി നിൽക്കുകയും ചെയ്യുക.

ഈ അതിസാധാരണസന്ദർഭത്തിൽ അമൃത അതുവരെയുണ്ടായ തന്റെ ജീവിതത്തെ നേർക്കുനേർ കാണുന്നു. ഒരുമിച്ചുള്ള ജീവിതത്തിൽ തന്റെ റോൾ എത്ര നിസ്സാരമാണെന്ന് തിരിച്ചറിയുന്ന ആ ഒരു നിമിഷം ഏതു സ്ത്രീയെ സംബന്ധിച്ചും ക്രൂരവും നിശബ്ദവുമായ ഒന്നാണ്. സംഭവിച്ചത് അനീതിയാണെന്ന് മനസ്സിലാവുകയും ദിവസങ്ങൾക്ക് ശേഷവും ആ അനീതിയെ അഡ്രസ്സ് ചെയ്യാൻ ഭർത്താവ് തയ്യാറാവുന്നില്ല എന്ന് കാണുകയും ചെയ്യുന്നിടത്ത് പക്ഷേ അമൃത മുഴുവൻ സത്യസന്ധതയോടെയും അതിനെ ചോദ്യം ചെയ്യുന്നു.
പറയുന്നത് അമൃതയുടെ കഥയാകുമ്പോൾ തന്നെ അമൃതയോട് ബന്ധപ്പെട്ടിരിക്കുന്ന സ്ത്രീകളുടെ, അമ്മായിയമ്മ, വീട്ടുവേലക്കാരി , അനിയന്റെ കാമുകി എന്നിവരുടെയൊക്കെ ജീവിതവും സിനിമ കൈകാര്യം ചെയ്യുന്നു. ഇവരൊക്കെയും പല തട്ടിലാണെങ്കിലും കടന്നുപോരുന്നത് ഒരേയിനം ജീവിതമാണ്. സ്വന്തം വ്യക്തിത്വത്തെ, സ്വാതന്ത്ര്യത്തെ, സന്തോഷങ്ങളെ ഒക്കെ ഒരു കടമ എന്നവണ്ണം ത്യാഗം ചെയ്യണം എന്നും മറ്റേയാളുടെ സന്തോഷമാണ് പ്രധാനം എന്നും സമൂഹം ഈ സ്ത്രീകളെ നിരന്തരം ഓർമിപ്പിച്ചുകൊണ്ടിരിക്കുന്നു. അമൃതയുടെ നീതിക്കായുള്ള പോരാട്ടത്തിൽ കൂട്ടാവുന്ന വക്കീലിനാവട്ടെ, തന്റെ ഇഷ്ടമില്ലാതെ നിർബന്ധമായി ലൈംഗികബന്ധത്തിന് വിധേയനാകുന്ന ഭർത്താവിനോട് അരുത് എന്ന് പറയാൻ പോലും സാധിക്കുന്നില്ല.
.jpg)
"എനിക്കിഷ്ടമുള്ള നിറം മഞ്ഞയാണ്, നീലയല്ല അല്ലേ അച്ഛാ" എന്ന് ഒരു ചോദ്യമായി സ്വയം ഓർത്തെടുക്കുന്നയിടത്ത് അമൃത അവനവനെ കാണാൻ തുടങ്ങുന്നുണ്ട്. "സന്തോഷവും ബഹുമാനവുമാണ് ഞാൻ ജീവിതത്തിൽ നിന്ന് ആഗ്രഹിച്ചിരുന്നത്" എന്ന് സിനിമ കാണുന്നവരും സിനിമയിൽ കൂട്ടുകഥാപാത്രങ്ങൾ ആയവരുമായ ഓരോ സ്ത്രീയുടെയും ആത്മാഭിമാനത്തിലേക്ക് അവർ ഒരു കൊളുത്തിട്ടുവെക്കുന്നു. "ആ ഒരൊറ്റ അടി കൊണ്ടാണോ ഡിവോഴ്സ് വേണം എന്ന് ആവശ്യപ്പെടുന്നത്" എന്ന് ആശ്ചര്യപ്പെടുന്ന വക്കീലിനോട് "അതെ,ഒരൊറ്റ അടിയായിരുന്നു;പക്ഷെ അടിക്കാൻ പാടില്ലായിരുന്നു"എന്നുപറയുന്ന അമ്മു എന്ന അമൃത കാലാകാലങ്ങളായി അവനവന്റെ ഭാരം താങ്ങിമടുത്ത സ്ത്രീകളുടെ നിവർന്നുനിൽപ്പാണ്.

രണ്ടു വ്യക്തികളെ ലിംഗാടിസ്ഥാനത്തിൽ ശത്രുതയിലേക്ക് നയിക്കുന്ന സ്ഥിരം പാറ്റേണിൽ നിന്ന് വ്യത്യസ്തമായി അവർക്കിടയിൽ ഉണ്ടായിരിക്കേണ്ട സൗഹൃദത്തിന്റെയും പരസ്പരമുള്ള ഡിസ്കഷനുകളുടെയും ഇടത്തിന്റെ പ്രാധാന്യമാണ് ഈ സിനിമ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം. തന്റെ ഭാഗം ശക്തമായും ഭംഗിയായും അഭിനയിച്ചു ഫലിപ്പിച്ചിട്ടുള്ള തപ്‌സി പന്നു തന്നെയാണ് ഈ സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്ന പ്രധാനകഥാപാത്രം. തന്റെ കഥാപാത്രത്തെ അസാമാന്യകയ്യടക്കത്തോടെയാണ് തപ്‌സി അവതരിപ്പിച്ചിട്ടുള്ളത്.
അനുഭവ് സിന്‍ഹ സംവിധാനം ചെയ്ത ഥപ്പട് 2020 ഫെബ്രുവരി 28നാണ് റിലീസ് ചെയ്തത്.

സിനിമയിൽ അമൃതയോട് അടുത്തു നിൽക്കുന്ന സ്ത്രീകളൊക്കെത്തന്നെ അവനവന്റെ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുകയും തിരുത്തലുകൾക്ക് തയ്യാറാവുകയും ചെയ്യുന്നുണ്ട്. പക്ഷേ സിനിമ കണ്ട് തുളുമ്പുന്ന കണ്ണുകളുമായി പുറത്തിറങ്ങിയ സ്ത്രീകളിൽ എത്രപേർക്ക് അത് സാധ്യമാവും എന്നതൊരു വേദനിപ്പിക്കുന്ന ചോദ്യമാണ്.

