ജാഗ്രതാനിർദ്ദേശങ്ങൾക്ക് പുല്ലുവില; കണ്ണൂർ തൃച്ചംബരം ക്ഷേത്രഭാരവാഹികൾക്കെതിരെ കേസ്
സർക്കാർ തുടർച്ചയായി അതീവജാഗ്രതാനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു കൊണ്ടിരിക്കേ അതൊക്കെ അവഗണിച്ച് ഉത്സവം ഗംഭീരമാക്കിയതിന് കണ്ണൂർ തൃച്ചംബരം ക്ഷേത്രഭാരവാഹികൾക്കെതിരെ കേസെടുത്തു. പതിനാലു ദിവസം നീണ്ടുനിന്ന ഉത്സവാഘോഷത്തിന് അവസാനം കുറിച്ചുകൊണ്ടുള്ള കൂടിപ്പിരിയൽ ചടങ്ങായിരുന്നു ഇന്നു നടന്നത്. പ്രാദേശിക ടെലിവിഷൻ ചാനലുകൾ ഇത് തത്സമയസംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു. ആയിരങ്ങളാണ് ഈ ചടങ്ങിന് ഒത്തുകൂടിയത്. യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ, സർക്കാർ നിർദ്ദേശങ്ങൾക്ക് പുല്ലുവില കൽപ്പിച്ചാണ് ആഘോഷങ്ങൾ നടന്നത്.
വടക്കെ മലബാറിലെ ഏറ്റവും പ്രസിദ്ധമായ ഉത്സവാഘോഷങ്ങളിൽ ഒന്നാണ് ഈ ക്ഷേത്രത്തിലേത്. കുംഭം 22 മുതൽ മീനം 6 വരെ 14 ദിവസങ്ങൾ നീണ്ടുനിൽക്കുന്നതാണ് ഇവിടത്തെ ആഘോഷം. കേരളീയ തന്ത്രശാസ്ത്രപ്രകാരമുള്ള മൂന്നു തരം ചടങ്ങുകളും ഒരുപോലെ നടത്തുന്ന അപൂർവ്വങ്ങളിൽ അപൂർവ്വമായ ഒരു ഉത്സവാഘോഷമാണ് തൃച്ചംബരം ഉത്സവം. അതുകൊണ്ടുതന്നെ ഈ ചടങ്ങിൽ പങ്കെടുക്കാൻ വിശ്വാസികൾ തിക്കിത്തിരക്കി എത്തുകയായിരുന്നു. കംസനെ വധിച്ച ശേഷം രൗദ്രഭാവത്തിലുള്ള കൃഷ്ണനാണ് ഇവിടെ പ്രതിഷ്ഠ. ഇതും അപൂർവമായ ഒന്നാണ്. ഭാരവാഹികളടക്കം കണ്ടാൽ അറിയാവുന്ന 80 പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തിട്ടുള്ളത്.
ഇന്നലെ കൊടുങ്ങല്ലൂർ ശ്രീ കുരുംബക്കാവിൽ നടന്ന കോഴിക്കല്ല് മൂടൽ ചടങ്ങിലേക്കും വിശ്വാസികൾ ഒഴുകിയെത്തിയിരുന്നു.ഈ ദൃശ്യങ്ങളും വീഡിയോകളും ജില്ലാകളക്ടർക്ക് കൈമാറിയിട്ടുണ്ട്. സ്ത്രീകളാണ് ഇത്തരം ചടങ്ങുകളിൽ സന്ദർഭത്തിന്റെ ഗൗരവം മനസിലാക്കാതെ എത്തുന്നതിൽ കൂടുതൽ പേരും.
അതിനിടെ കണ്ണൂർ ജില്ലയിൽ തന്നെ അഞ്ഞൂറുപേരെ പങ്കെടുപ്പിച്ചു ജുമാ നമസ്‌കാരം നടത്തിയ പിലാത്തറ മുസ്ലിം പള്ളിക്ക് എതിരെ ഇന്നലെ കേസ് എടുത്തിരുന്നു. വെള്ളിയാഴ്ച പ്രാർത്ഥനയിൽ ആൾക്കൂട്ടം ഒഴിവാക്കണമെന്ന് ജില്ലാ കളക്ടറും എസ്.പിയും മഹൽ കമ്മറ്റികൾക്ക് നിർദേശം കൊടുത്തിരുന്നത് മറികടന്നാണ് ഇവിടെ നമസ്കാരം നടത്തിയത്.

