ഡല്‍ഹിയില്‍ അഞ്ചു പേരില്‍ കൂടുതല്‍ ഒരുമിച്ച് നില്‍ക്കുന്നത് നിരോധിച്ചു; ആവശ്യമെങ്കില്‍ ഡല്‍ഹി ലോക്ക് ഡൗണ്‍ ചെയ്യുമെന്നും അരവിന്ദ് കെജ്‌രിവാള്‍
കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ അഞ്ചുപേരില്‍ കൂടുതല്‍ ഒരുമിച്ചു നില്‍ക്കുന്നത് നിരോധിച്ചു. നേരത്തേ നിലവിലുണ്ടായിരുന്ന 20 പേരില്‍ കൂടുതല്‍ ഒന്നിച്ച് നില്‍ക്കാന്‍ പാടില്ല എന്ന തീരുമാനമാണ് ഇപ്പോള്‍ പുതുക്കിയത്. ആവശ്യമെങ്കില്‍ ഡല്‍ഹി പൂര്‍ണ്ണമായി ലോക്ക് ഡൗണ്‍ ചെയ്യുമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. തന്റെ ഡിജിറ്റല്‍ രൂപത്തില്‍ മാത്രം നടത്തുന്ന ആദ്യ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
പ്രഭാത നടത്തം ഒഴിവാക്കണമെന്ന് ഡല്‍ഹി നിവാസികളോട് കെജ്‌രിവാള്‍ അഭ്യര്‍ത്ഥിച്ചു. എല്ലാവരും വീടിനുള്ളില്‍ തന്നെ കഴിയണം. നിലവില്‍ ഡല്‍ഹി ലോക്ക് ഡൗണ്‍ ചെയ്യുന്നില്ലെങ്കിലും ആവശ്യമെങ്കില്‍ അത് ചെയ്യും. ഡല്‍ഹി നിവാസികളുടെ സുരക്ഷയ്ക്കാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍ ഒരിടത്തും അഞ്ചുപേരില്‍ കൂടുതല്‍ ഒരുമിച്ചുണ്ടാകാന്‍ പാടില്ല. അഥവാ അഞ്ചുപേര്‍ ഒന്നിച്ചുണ്ടെങ്കില്‍ അവര്‍ തമ്മില്‍ കുറഞ്ഞത് ഒരു മീറ്റര്‍ അകലം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇതിന് പുറമെ വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കുമുള്ള ഏപ്രിലിലെ പെന്‍ഷന്‍ ഇരട്ടിയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൈറ്റ് ഷെല്‍റ്ററുകളില്‍ ഭക്ഷണം സൗജന്യമായി വിതരണം ചെയ്യും.
ജനതാ കര്‍ഫ്യൂ ദിനമായ ഞായറാഴ്ച 50 ശതമാനം ബസുകള്‍ മാത്രമേ നിരത്തിലിറങ്ങൂവെന്നും കെജ്‌രിവാള്‍ പറഞ്ഞു.

