മധ്യപ്രദേശ് വിമത എംഎല്‍എയുടെ മകള്‍ മരിച്ച നിലയില്‍
മധ്യപ്രദേശിലെ വിമത കോണ്‍ഗ്രസ് എംഎല്‍എ സുരേഷ് ധക്കാദിന്റെ മകള്‍ ആത്മഹത്യ ചെയ്തു. ഇരുപതുകാരിയായ മകള്‍ ജ്യോതിയാണ് മരിച്ചത്. രാജസ്ഥാനിലെ ബാരന്‍ ജില്ലയില്‍ ഭര്‍തൃ വീട്ടില്‍ വച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു. പോലീസ് എത്തുമ്പോള്‍ മൃതദേഹം വീടിന്റെ തറയില്‍ കിടത്തിയ നിലയിലായിരുന്നു.
കഴുത്തിന് ചുറ്റം കയര്‍ മുറുകിയതിന്റെ അടയാളമുള്ളതിനാല്‍ പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്ന് വ്യക്തമാകുന്നതായി കെല്‍വാഡ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ നന്ദ് സിങ് പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ലെങ്കിലും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികതയുണ്ടെങ്കില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് ഓഫീസര്‍ വ്യക്തമാക്കി. യുവതിയുടെ ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടിട്ടില്ല.
ഡോക്ടര്‍ ജെയ് സിങ് മെഹതയാണ് ജ്യോതിയുടെ ഭര്‍ത്താവ്. ബാരന്‍ ജില്ലയിലെ ബക്കേഡ ഗ്രാമത്തിലാണ് ഇരുവരുടെയും താമസം. മധ്യപ്രദേശിലെ പൊഹാരി മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന സുരേഷ് ധക്കാദ് വ്യാഴാഴ്ച രാത്രിയാണ് എംഎല്‍എ പദവി രാജിവച്ചത്.

