നിര്‍ഭയ കേസ് പ്രതികള്‍ക്ക് വധശിക്ഷ നാളെ; ഇതുകൊണ്ടുമാത്രം തീരുമോ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ?
നാളെ രാവിലെ 5 .30 നാണ് അത് സംഭവിക്കുക. ഇന്ത്യ കണ്ടതില്‍ ഏറ്റവും ക്രൂരമായ ഒരു ബലാത്സംഗകൊലപാതകത്തിന് എട്ടു വര്‍ഷങ്ങള്‍ക്കിപ്പുറം മറുപടി കൊടുക്കുകയാണ് നിയമം.
'നിര്‍ഭയ ' എന്ന പേര് ആരും മറന്നുകാണാനിടയില്ല. 2012 ഡിസംബര്‍ 16 നാണ് ഡല്‍ഹിയില്‍ രാത്രി കൂട്ടുകാരനുമൊത്ത് ബസില്‍ സഞ്ചരിക്കുകയായിരുന്ന 23 വയസുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായത്. അവരെ കൂടാതെ ബസില്‍ ഡ്രൈവര്‍ അടക്കം 6 പുരുഷന്മാരാണ് ഉണ്ടായത്. അവര്‍ എല്ലാവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും കൂട്ടുകാരനെ മര്‍ദ്ദിച്ച് അവശനാക്കുകയും ചെയ്യുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം മുനീര്‍ക്ക എന്നയിടത്ത് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെയും കൂട്ടുകാരനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും പതിനൊന്ന് ദിവസത്തെ ജീവന്മരണ പോരാട്ടത്തിന് ശേഷം ആ പെണ്‍കുട്ടി മരണത്തിനു കീഴടങ്ങി. അതുവരെ രാജ്യത്തുണ്ടായ വിവിധപീഡനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ലോകമനഃസാക്ഷിക്കു തന്നെ മുറിവേല്പിക്കും വിധം ക്രൂരമായാണ് ആ പെണ്‍കുട്ടി കൊല്ലപ്പെട്ടത്. ജനനേന്ദ്രിയത്തില്‍ കമ്പിപ്പാര കുത്തിയിറക്കുക അടക്കമുള്ള അതിക്രൂരമായ പീഡനങ്ങള്‍ ആണ് ആ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത്.
അതിനു ശേഷം സോഷ്യല്‍ മീഡിയ ആഹ്വാനങ്ങള്‍ വഴി ഒത്തുകൂടിയ കോളേജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെയുള്ള ചെറുപ്പക്കാരുടെ അണപൊട്ടിയ പ്രതിഷേധമാണ് ഇന്ത്യയൊട്ടാകെ ഉണ്ടായത്. വിദ്യാര്‍ത്ഥിനിയുടെ മരണത്തിന് ഉത്തരവാദികളായവരെ എത്രയും പെട്ടെന്ന് നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണമെന്നും ഇനി ഇന്ത്യയില്‍ ഇത്തരത്തില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അക്രമങ്ങള്‍ ഉണ്ടാവുന്നത് തടയാന്‍ ശക്തമായ നടപടികള്‍ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് പ്രധാനപ്പെട്ട നഗരങ്ങളിലൊക്കെ പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെടുകയും പലയിടത്തും പോലീസുമായി സംഘര്‍ഷമുണ്ടാവുകയും ചെയ്തു. ഇന്ത്യന്‍ നിയമപ്രകാരം ഇരയാക്കപ്പെട്ട ആളുടെ പേര് പുറത്തുവിടാന്‍ പാടില്ല. അതിനാല്‍ത്തന്നെ പ്രതിഷേധത്തില്‍ ഏര്‍പ്പെട്ടവര്‍ 'ഭയമില്ലാത്തവള്‍' എന്ന് അര്‍ഥം വരുന്ന നിര്‍ഭയ എന്ന് ആ പെണ്‍കുട്ടിയെ വിളിക്കുകയും അന്തര്‍ദേശീയതലത്തില്‍ത്തന്നെ സ്ത്രീകള്‍ ഏല്‍ക്കേണ്ടി വരുന്ന പീഡനങ്ങളുടെയും കൊടിയവേദനകളുടെയും പേരായി നിര്‍ഭയ എന്ന വാക്ക് മാറുകയും ചെയ്തിരുന്നു.
നിരന്തരപ്രക്ഷോഭങ്ങളുടെ ഫലമായി വലിയ താമസമില്ലാതെ തന്നെ ബസില്‍ ഉണ്ടായിരുന്ന ആറു പുരുഷന്മാരെയും കസ്റ്റഡിയില്‍ എടുക്കുകയും ലൈംഗികപീഡനക്കേസ് ചുമത്തുകയും ചെയ്തു. അവരില്‍ രാം സിങ് എന്നയാള്‍ തീഹാര്‍ ജയിലില്‍ കസ്റ്റഡിയില്‍ ഇരിക്കെ ആത്മഹത്യ ചെയ്തു . അക്കൂട്ടത്തില്‍ പ്രായപൂര്‍ത്തിയാവാത്ത പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും ബാക്കി നാലുപേരെയും കുറ്റക്കാരെന്ന് കണ്ടെത്തുകയും ചെയ്തു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസ് എന്ന പരിഗണനയില്‍ ഇവരെ സെപ്തംബര്‍ 2013 ന് വധശിക്ഷക്ക് വിധിച്ചു . 2015 ല്‍ ജുവനൈല്‍ ഹോമിലുണ്ടായിരുന്ന പ്രതിയെ മൂന്നുവര്‍ഷത്തെ കഠിനതടവിനു ശേഷം പുതിയൊരു ജീവിതം നയിക്കാനായി വെറുതെ വിട്ടു. ബാക്കിയുള്ള നാലുപേര്‍, പവന്‍ ഗുപ്ത, അക്ഷയ് സിങ്, മുകേഷ് കുമാര്‍ സിംഗ്, വിനയ് കുമാര്‍ ശര്‍മ എന്നിവര്‍ അന്നുമുതല്‍ തുടര്‍ച്ചയായി ദയാഹര്‍ജി ഉള്‍പ്പടെയുള്ള അപ്പീലുകള്‍ നല്‍കുകയും വധശിക്ഷ നീട്ടിവെക്കപ്പെടുകയുമായിരുന്നു. ആ ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ പൂര്‍ണ്ണവിരാമം ഉണ്ടായിരിക്കുന്നത്.
മൂന്നാം തവണയാണ് നിര്‍ഭയ കേസ് പ്രതികള്‍ക്ക് കോടതി വധശിക്ഷ വിധിക്കുന്നത്. ഇത്തവണ നിര്‍ഭയയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് എല്ലാ അപ്പീലുകളും തള്ളി നാളെ ഇവരുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. നിരവധി തവണ കോടതിക്ക് മുന്‍പില്‍ പൊട്ടിക്കരയുകയും തന്റെ മകള്‍ക്ക് നീതിവേണമെന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തിരുന്ന നിര്‍ഭയ പെണ്‍കുട്ടിയുടെ അമ്മ തന്റെ കാത്തിരിപ്പിനും വേദനക്കും അവസാനമായി എന്നാണ് ഇന്ന് മീഡിയയോട് പറഞ്ഞത്.
നിര്‍ഭയ കേസില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ
പല സെലിബ്രിറ്റികളും നിര്‍ഭയ കേസില്‍ വധശിക്ഷ നടപ്പാക്കുന്നതിനെ പിന്‍തുണച്ച് സംസാരിച്ചിരുന്നു . 'ധര്‍മ്മം നിറവേറ്റപ്പെടുമ്പോഴാണ് നീതി നടപ്പിലാകുന്നത്. നിര്‍ഭയ കേസിലെ ഈ വിധിക്ക് ഡല്‍ഹി കോടതി അഭിനന്ദനം അര്‍ഹിക്കുന്നു. സുധീരയായ നിര്‍ഭയക്ക് ഇനി നിത്യശാന്തി കിട്ടും' എന്നാണ് ഇവരുടെ മരണവാറന്റിനെക്കുറിച്ച് നേരത്തെ യുവരാജ് സിങ് പ്രതികരിച്ചത്.
എട്ടുവര്‍ഷങ്ങള്‍ക്കിപ്പുറം നിര്‍ഭയ കേസിലെ പ്രതികള്‍ വധശിക്ഷ ഏറ്റുവാങ്ങുമ്പോഴും ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരല്ല എന്നതാണ് ഏറ്റവും ദുഃഖകരമായ സത്യം. എല്ലാ വാഗ്ദാനങ്ങള്‍ക്കിപ്പുറവും രാത്രി സ്വതന്ത്രമായി സഞ്ചരിക്കാനോ പകല്‍ സുരക്ഷിതമായി ചിലവഴിക്കാനോ സ്ത്രീകള്‍ക്ക് സാധിക്കുന്നില്ല. നിര്‍ഭയ കേസിനിപ്പുറവും ധാരാളം പെണ്‍കുട്ടികള്‍ പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. ഈ വധശിക്ഷ കൊണ്ട് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്നാണ് സ്ത്രീസമൂഹം ഉറ്റുനോക്കുന്നത്.

