കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കിയതു കൊണ്ട് സ്ത്രീകളുടെ ജീവിതം മെച്ചപ്പെടില്ലെന്ന് അന്താരാഷ്ട്ര നീതിന്യായ കമ്മീഷന്‍; വധശിക്ഷയ്‌ക്കെതിരെ വിവിധ മനുഷ്യാവകാശ സംഘടനകളും

കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കിയതു കൊണ്ട് സ്ത്രീകളുടെ ജീവിതം മെച്ചപ്പെടില്ലെന്ന് അന്താരാഷ്ട്ര നീതിന്യായ കമ്മീഷന്‍; വധശിക്ഷയ്‌ക്കെതിരെ വിവിധ മനുഷ്യാവകാശ സംഘടനകളും

നിര്‍ഭയ കേസിലെ നാല് കുറ്റവാളികളെ തൂക്കിലേറ്റിയതിനു പിന്നാലെ വധശിക്ഷയ്‌ക്കെതിരെ വിവിധ മനുഷ്യാവകാശ സംഘടനകള്‍ രംഗത്തെത്തി. കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുന്നത് കൊണ്ട് സ്ത്രീകളുടെ ജീവിതം മെച്ചപ്പെടില്ലെന്ന് അന്താരാഷ്ട്ര നീതിന്യായ കമ്മീഷന്റെ ഏഷ്യ-പസഫിക് ഡയറക്ടര്‍ ഫ്രെഡറിക് റോസ്‌കി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ വിവിധ പ്രമേയങ്ങള്‍ അംഗീകരിച്ച് കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കുന്ന രീതി നിര്‍ത്തലാക്കണമെന്ന് അദ്ദേഹം ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചു. 
വധശിക്ഷ ഒരിക്കലും കുറ്റകൃത്യങ്ങള്‍ക്ക് പരിഹാരമല്ല എന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യയുടെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ അവിനാഷ് കുമാര്‍ പറഞ്ഞു. ഇന്ത്യയുടെ മനുഷ്യാവകാശ ചരിത്രത്തിലെ കറുത്ത പാടാകും നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ. ഇന്നും കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ലോകത്തെ 140 രാജ്യങ്ങള്‍, അതായത് മൂന്നിലൊന്ന് രാജ്യങ്ങളും നിയമത്തില്‍ നിന്ന് വധശിക്ഷ നീക്കം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. 
വധശിക്ഷകള്‍ക്ക് ഉടന്‍ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടു. വധശിക്ഷ ഉപേക്ഷിക്കുന്നതിന്റെ ആദ്യത്തെ സുപ്രധാന പടിയായി എല്ലാ വധശിക്ഷകളും ഇളവു ചെയ്യണം. വധശിക്ഷ തരംതാണതും ക്രൂരവും മനുഷ്യവിരുദ്ധവുമാണെന്നും ആംനസ്റ്റി അഭിപ്രായപ്പെട്ടു. വധശിക്ഷ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുമെന്നതിന് യാതൊരു തെളിവുമില്ലെന്നും വധശിക്ഷ കൊണ്ട് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇന്ത്യയില്‍ അവസാനിക്കില്ലെന്നും ആംനസ്റ്റി പറയുന്നു. 
അതേസമയം തന്റെ മകള്‍ക്ക് നീതി ലഭിച്ചുവെന്ന് നിര്‍ഭയയുടെ അമ്മ ആശ ദേവി പറഞ്ഞു. 'ഞങ്ങളുടെ മകള്‍ പോയി. അവള്‍ ഇനി തിരിച്ചു വരില്ല. അവള്‍ പോയ ശേഷമാണ് ഞങ്ങള്‍ ഈ പോരാട്ടം ആരംഭിച്ചത്. അവള്‍ക്ക് വേണ്ടിയാണ് ഇത്രയും കഷ്ടപ്പെട്ടത്. രാജ്യത്തെ പെണ്‍കുട്ടികള്‍ക്കുവേണ്ടി ഈ പോരാട്ടം തുടരും. എന്റെ മകളുടെ ചിത്രം കെട്ടിപ്പിടിച്ച് ഞാന്‍ അവളോട് പറഞ്ഞു, ഒടുവില്‍ നിനക്ക് നീതി ലഭിച്ചുവെന്ന്.' - ഇതായിരുന്നു നിര്‍ഭയയുടെ അമ്മയുടെ പ്രതികരണം.
 

Human right organizations against capital punishment in india after execution of delhi rape culprits.

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES