'പ്രിയപ്പെട്ട മക്കളേ, നിങ്ങളുടെ സ്‌നേഹം ഈ അമ്മയുടെ കണ്ണു നിറയിക്കുന്നുണ്ട്'; കൊറോണയെ നമുക്ക് ഒന്നിച്ച് നേരിടാമെന്നും കാര്‍ത്ത്യായനി അമ്മ

'പ്രിയപ്പെട്ട മക്കളേ, നിങ്ങളുടെ സ്‌നേഹം ഈ അമ്മയുടെ കണ്ണു നിറയിക്കുന്നുണ്ട്'; കൊറോണയെ നമുക്ക് ഒന്നിച്ച് നേരിടാമെന്നും കാര്‍ത്ത്യായനി അമ്മ

കൊറോണ വൈറസ് പടരാതിരിക്കാനായി ആയിരക്കണക്കിന് ആളുകളാണ് കേരളത്തില്‍ നിരീക്ഷണത്തിലുള്ളത് എന്ന വാര്‍ത്ത കാര്‍ത്ത്യാനി അമ്മ അറിഞ്ഞത് പത്രത്തില്‍ വായിച്ചാണ്. വിവരം അറിഞ്ഞതോടെ കാര്‍ത്ത്യായനി അമ്മ അസ്വസ്ഥയായി. അവര്‍ക്ക് എന്തെങ്കിലും ചെയ്യമമെന്ന് ആലോചിച്ച് ഒടുവില്‍ കത്തെഴുതാന്‍ തീരുമാനിച്ചു. ആ കത്തിലെ വാക്കുകള്‍ ഒരു പക്ഷേ അവര്‍ക്ക് ആശ്വാസമായെങ്കിലോ....

കാര്‍ത്ത്യായനി അമ്മയെ ഓര്‍മ്മയില്ലേ? 2018ലെ തുല്യതാ പരീക്ഷയില്‍ നൂറില്‍ 98 മാര്‍ക്ക് നേടി വിജയിച്ച കാര്‍ത്ത്യായനി അമ്മ രാഷ്ട്രപതിയുടെ നാരീശക്തി പുരസ്‌കാര വിജയി കൂടിയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും നേരിട്ട് അഭിനന്ദിച്ചതോടെ വാര്‍ത്താ താരമായിരുന്നു കാര്‍ത്ത്യായനി അമ്മ. 

നിരീക്ഷണത്തില്‍ കഴിയുന്നവരെ 'എന്റെ പ്രിയപ്പെട്ട മക്കളേ' എന്ന് വിളിച്ചു കൊണ്ടാണ് കാര്‍ത്ത്യായനി അമ്മയുടെ കത്ത് ആരംഭിക്കുന്നത്. തന്നെ പോലെയുള്ളവര്‍ക്ക് വേണ്ടി മറ്റാരോടും ഇടപഴകാതെ ഒരു മുറിയില്‍ തന്നെ കഴിയുന്ന നിങ്ങളുടെ സ്‌നേഹം തന്റെ കണ്ണ് നിറയ്ക്കുന്നുണ്ടെന്നും അവര്‍ എഴുതി. കൊറോണയെ നമുക്ക് ഒന്നിച്ച് നേരിടാമെന്നും എല്ലാവര്‍ക്കും ദൈവം നല്ലതുവരുത്തട്ടെയെന്നും കാര്‍ത്ത്യായനി അമ്മ എഴുതി. 

കത്തിനെ കുറിച്ച് അറിഞ്ഞതോടെ ആലപ്പുഴ ജില്ല കലക്ടര്‍ എം. അഞ്ജന കാര്‍ത്ത്യായനി അമ്മയുടെ വീട്ടിലെത്തി കത്ത് ഏറ്റുവാങ്ങി. ഹസ്തദാനം ഒഴിവാക്കി കൂപ്പുകൈയോടെയാണ് അവര്‍ കലക്ടറെ വരവേറ്റത്. കൊറോണ വൈറസിനെതിരെ സ്വീകരിക്കേണ്ട മുന്‍കരുതലുകളും ശുചിത്വ ശീലങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകതയുമെല്ലാം കലക്ടര്‍ കാര്‍ത്ത്യായനി അമ്മയുമായി ചര്‍ച്ച ചെയ്തു. നാരീ പുരസ്‌കാരം സ്വീകരിക്കാനായി ഡല്‍ഹിയില്‍ പോയതിന്റെ വിശേഷങ്ങള്‍ കലക്ടര്‍ ചോദിച്ചറിഞ്ഞു. 

ആലപ്പുഴ ജില്ലയില്‍ ഐസൊലേഷനില്‍ കഴിയുന്ന എല്ലാവര്‍ക്കും കത്ത് എത്തിച്ചു കൊടുക്കുമെന്ന ഉറപ്പു നല്‍കിയാണ് കലക്ടര്‍ തിരിച്ചു പോയത്. ഐസൊലേഷനില്‍ കഴിയുന്ന ആളുകള്‍ക്ക് ഈ കത്ത് അയക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി. 

കാര്‍ത്ത്യായനി അമ്മയുടെ കത്തിന്റെ പൂര്‍ണ്ണരൂപം: 

'എന്റെ പ്രിയപ്പെട്ട മക്കളെ, നിങ്ങള്‍ ദൂരസ്ഥലങ്ങളില്‍ നിന്നും വന്നവരുണ്ട്. പല പല ആവശ്യങ്ങള്‍ ഉള്ളവരാണ്. എന്നെപോലെയുള്ള അമ്മമാര്‍ക്കും മക്കള്‍ക്കും വേണ്ടി ആരോടും ഇടപെഴുകാതെ ഒരു മുറിയില്‍ തന്നെ കഴിയുകയാണല്ലോ. നിങ്ങളുടെ സ്‌നേഹം ഈ അമ്മയുടെ കണ്ണുനിറയ്ക്കുന്നുണ്ട്. എന്റെ പൊന്നു മക്കള്‍ക്ക് ദൈവം നല്ലതുവരുത്തട്ടെ. ഈ കൊറോണയെ നമുക്ക് ഒന്നിച്ചു നേരിടാം. എല്ലാവരുടെയും പേരില്‍ എന്റെ മക്കള്‍ക്ക് ഒരിക്കല്‍ കൂടി ഈ അമ്മയുടെ നന്ദി'.

Karthyayani Amma Letter
 

Read more topics: # Karthyayani Amma,# Corona Virus,# Covid19,# Isolation,# Letter
Karthyayani Amma writes letter to isolated people in Alappuzha because of covid-19.

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES