കൊവിഡ്-19: സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി; ഏപ്രിലിലെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഈ മാസം നല്‍കും
സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് നേരിടാന്‍ 20,000 കോടി രൂപയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചു. കൊവിഡ്-19ന്റെ പശ്ചത്തലത്തില്‍ ഏപ്രിലില്‍ നല്‍കേണ്ട സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഈ മാസം തന്നെ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ക്ഷേമപെന്‍ഷന്‍ കിട്ടാത്ത പാവപ്പെട്ടവര്‍ക്ക് മാസം ആയിരം രൂപ നല്‍കും. ഇതിനായി 100 കോടി രൂപ വിനിയോഗിക്കും. എല്ലാ കുടിശ്ശികയും ഏപ്രില്‍ മാസത്തോടെ കൊടുത്ത് തീര്‍ക്കും. കുടുംബശ്രീ വഴി 2,000 കോടി രൂപയുടെ വായ്പ നല്‍കും. തൊഴിലുറപ്പ് പദ്ധതിക്ക് 2,000 കോടി നല്‍കും.
ഓട്ടോ-ടാക്‌സി മേഖലകളില്‍ നിന്ന് ഫിറ്റ്‌നസ് ഫീസ് ഒഴിവാക്കി. ബസ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ചു. വൈദ്യുതി ബില്ല്, വെള്ളക്കരം എന്നിവ അടയ്ക്കാന്‍ ഒരു മാസം സാവകാശം നല്‍കും.
എ.പി.എല്‍, ബി.പി.എല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരുമാസം സൗജന്യ റേഷന്‍ നല്‍കും. ഏപ്രില്‍ മാസത്തോടെ സംസ്ഥാനത്ത് ആയിരം ഭക്ഷണശാലകള്‍ തുടങ്ങും. ഭക്ഷണം 20 രൂപയ്ക്ക് നല്‍കും.
കാസര്‍കോഡ് സ്വദേശിക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25 ആയി. ഇന്ന് 64 പേരെ നിരീക്ഷണത്തിലാക്കി. സംസ്ഥാനത്ത് ആകെ 31,173 പേരാണ് നിരീക്ഷണത്തിലുള്ളത്. സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപന സാധ്യത ഇപ്പോള്‍ തള്ളിക്കളയാനാകില്ല. അത്തരം സാഹചര്യമുണ്ടായാല്‍ സേനാവിഭാഗങ്ങളുടെ സഹായം ഉറപ്പാക്കിയിട്ടുണ്ട്. ആശുപത്രി, ബാരക്, ആംബുലന്‍സ്, ഹെലികോപ്റ്റര്‍ എന്നിവ അവശ്യഘട്ടത്തില്‍ സേന നല്‍കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

