'ടീച്ചറേ, ഞാന്‍ വരാം, ശമ്പളമൊന്നും വേണ്ട'; കൊറോണയെ നേരിടാന്‍ സന്നദ്ധരാണെന്ന് മന്ത്രിയെ അറിയിച്ച് മലയാളികള്‍
'മാഡം, ഞാനൊരു എ.എന്‍.എം നഴ്‌സ് ആണ്. ഇപ്പോള്‍ ജോലി ഇല്ല. തൃശൂരില്‍ എവിടെയെങ്കിലും ഐസൊലേഷന്‍ വാര്‍ഡില്‍ സ്റ്റാഫ് കുറവുണ്ടെങ്കില്‍ ഞാന്‍ തയ്യാറാണ്. ശമ്പളം വേണ്ട. നമ്മുടെ നാടിനു വേണ്ടിയല്ലേ.' - ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ കൊറോണ വൈറസുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിന്റെ താഴെയുള്ള തൃശൂര്‍ സ്വദേശിനിയായ ബെയ്‌സി ബെന്നിയുടെ കമന്റ് ആണ് ഇത്. ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം മഹാമാരി (Pandemic) ആയി പ്രഖ്യാപിച്ച കൊവിഡ്-19നെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന ആരോഗ്യവകുപ്പ് മുന്നോട്ട് പോകുമ്പോള്‍ ഒറ്റക്കെട്ടായി ഒപ്പമുണ്ടെന്നാണ് ജനങ്ങളും പറയുന്നത്.
നഴ്‌സിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ശമ്പളമില്ലാതെ ചെയ്യാന്‍ തയ്യാറാണെന്ന് അറിയിച്ച് നിരവധി പേരാണ് ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പേജില്‍ കമന്റ് ചെയ്യുന്നത്. ഹോം നഴ്‌സ് ആയി സേവനം അനുഷ്ഠിച്ചവര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട യോഗ്യതകള്‍ ഇല്ലെങ്കിലും ശുചീകരണം ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യാന്‍ സന്നദ്ധരായവര്‍, തുടങ്ങി വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരാണ് ടീച്ചറുടെ പേജില്‍ കമന്റ് ചെയ്യുന്നത്. പലരും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയാണ് കമന്റ് ചെയ്തിരിക്കുന്നത്. എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത് തങ്ങളുടെ നാടിന് വേണ്ടി ചെയ്യുന്ന സേവനത്തിന് ശമ്പളമായി ഒരു രൂപ പോലും വേണ്ട എന്നാണ്.
നിലവില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഉള്ളതിനാല്‍ ഇത്തരത്തില്‍ സന്നദ്ധരായി എത്തുന്നവരുടെ സേവനം ആരോഗ്യവകുപ്പ് തേടിയിട്ടില്ല. എന്നാലും നാടിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറാണ് തങ്ങളെന്ന കമന്റുകള്‍ മന്ത്രിയുടെ ഓരോ ഫേസ്ബുക്ക് പോസ്റ്റിലും നിറയുകയാണ്.
കൊവിഡ്-19 സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന പ്രധാനപ്പെട്ട ഇടമാണ് ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജ്. കേരള ഹെല്‍ത്ത് സര്‍വ്വീസ് ഫേസ്ബുക്ക് പേജ്, ആരോഗ്യജാഗ്രത ഫേസ്ബുക്ക് പേജ് എന്നിവിടങ്ങളില്‍ നിന്നും ഔദ്യോഗിക വിവരങ്ങള്‍ ലഭിക്കും. ഒപ്പം കൊറോണ വൈറസ് സംബന്ധിച്ച എല്ലാ സംശയങ്ങള്‍ക്കുമായി 'ദിശ'യുടെ ടോള്‍ഫ്രീ ഹൈല്‍പ്പ് ലൈനിലും ബന്ധപ്പെടാം. 1056, 0471 255 2056 എന്നിവയാണ് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളല്ലാതെ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ഉള്‍പ്പെടെ ലഭിക്കുന്ന സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ വിശ്വസിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യാന്‍ പാടില്ല.

