പരീക്ഷകള്‍ മാറ്റി, അതിര്‍ത്തികള്‍ അടച്ചു, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിയന്ത്രണം; സംസ്ഥാനം ലോക്ക് ഡൗണിലേക്കോ?
കൊവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഓരോ ദിവസവും കടുപ്പിക്കുകയാണ്. നിയന്ത്രണങ്ങള്‍ ശക്തമാകുന്നതോടെ ലോക്ക് ഡൗണിന് തുല്യമായ അവസ്ഥയാണ് സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുന്നത്.
ഒടുവില്‍ ലഭിക്കുന്ന വിവരമനുസരിച്ച് കൊച്ചിയില്‍ പുതുതായി അഞ്ച് പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചിട്ടുണ്ട്. യു.കെയില്‍ നിന്നെത്തിയ വിനോദസഞ്ചാരികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡിലാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ഇന്ന് നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്. സെക്ഷന്‍ ഓഫീസര്‍ക്ക് താഴെയുള്ള ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് എത്തിയാല്‍ മതി എന്നാണ് പുതിയ തീരുമാനം. ജോലിക്ക് വരാത്തവര്‍ വീട്ടിലിരുന്ന് ജോലി ചെയ്യണം. ഇതോടെ സര്‍ക്കാര്‍ സര്‍വ്വീസിലുള്ള 70 ശതമാനം പേര്‍ക്ക് നിയന്ത്രണം ബാധകമാകും.
ശബരിമലയിലെ ഉത്സവത്തിന് ആചാരപരമായ ചടങ്ങുകള്‍ മാത്രം നടത്തിയാല്‍ മതി എന്ന് തീരുമാനിച്ചു. ക്ഷേത്രത്തിലേക്കും ആറാട്ട് ദിവസം പമ്പയിലേക്കും തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കില്ല. 21 മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലും ഭക്തരെ പ്രവേശിപ്പിക്കില്ല. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ വിവാഹം, ചോറൂണ്, കൃഷ്ണനാട്ടം, വാഹനപൂജ, ഉദയാസ്തമന പൂജ, ചുറ്റുവിളക്ക് തുടങ്ങിയ വഴിപാടുകള്‍ നടത്തില്ല.
സംസ്ഥാനത്തെ അറുപതിലധികം തീവണ്ടികളാണ് റദ്ദാക്കിയത്. ഇന്നു മാത്രം 37 തീവണ്ടികള്‍സ റദ്ദാക്കി. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ളവര്‍ യാത്ര ഒഴിവാക്കണമെന്ന് റെയില്‍വേ അഭ്യര്‍ത്ഥിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലും രണ്ട് ഐസൊലേഷന്‍ കേന്ദ്രങ്ങളാണ് റെയില്‍വേ ഒരുക്കിയത്. മുതിര്‍ന്ന പൗരന്മാരുടെത് ഉള്‍പ്പെടെ 52 യാത്രാ ഇളവുകള്‍ റെയില്‍വേ പിന്‍വലിച്ചു. അതേസമയം രോഗികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള ഇളവുകള്‍ തുടരും.
പരീക്ഷകള്‍ നടത്താനാണ് നേരത്തേ തീരുമാനിച്ചത് എങ്കിലും സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി വെക്കാന്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനിച്ചു. ഹൈസ്‌കൂള്‍, പ്ലസ് വണ്‍, പ്ലസ് ടു, സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റി. എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷകള്‍ ഉപേക്ഷിച്ചു. പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടും പരീക്ഷകള്‍ തുടരുന്നത് ശരിയല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ മുന്‍ നിലപാട് തിരുത്തിയത്.
ആരോഗ്യ വകുപ്പിന്റെ ഹോം ക്വാറന്റൈന്‍ നിര്‍ദേശം ലംഘിച്ചു യാത്ര ചെയ്തതിനു നിലമ്പൂര്‍ മമ്പാട് സ്വദേശിനിക്കെതിരെ പൊലീസ് കേസെടുത്തു. 16ന് ബഹ്‌റൈനില്‍നിന്നു നാട്ടിലെത്തിയ ഇവരോട് 14 ദിവസം വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്നു നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതു ലംഘിച്ച് ഇന്നലെ കോഴിക്കോട്ടെ ബാലുശ്ശേരിയിലേക്കു ഇവര്‍ കുടുംബാംഗത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്നു.
കാസര്‍കോഡ് ജില്ലയില്‍ കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന 12 റോഡുകള്‍ അടച്ചു. അഞ്ച് അതിര്‍ത്തി റോഡുകളില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും. വിശദമായ പരിശോധനയ്ക്ക് ശേഷമേ സംസ്ഥാനത്തേക്ക് ആളുകളെ കടത്തി വിടൂ. ഡോക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ ആരോഗ്യപ്രവര്‍ത്തകര്‍ പോലീസുകാര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്കുള്ളത്.
അതേസമയം കേരളത്തില്‍ നിന്നുള്ള വാഹനങ്ങള്‍ അതിര്‍ത്തി കടത്തില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. പരിശോധനയ്ക്ക് ശേഷം തമിഴ്‌നാട് വാഹനത്തില്‍ യാത്ര തുടരാം. നിയന്ത്രണം കര്‍ശനമാക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി ബസുകള്‍ തമിഴ്‌നാട്/കര്‍ണാടക അതിര്‍ത്തിയില്‍ സര്‍വ്വീസ് നിര്‍ത്തും.
മുന്‍പ് കണ്ടിട്ടില്ലാത്ത വിധത്തിലുള്ള നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനതലത്തിലുള്ള അപ്രഖ്യാപിതമായ ക്വാറന്റൈനു തുല്യമായ അവസ്ഥയാണ് ഇത്. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിച്ചാല്‍ മാത്രമേ കൊവിഡ്19നെ നേരിടാന്‍ കഴിയൂ എന്നാണ് വിദഗ്ധര്‍ പറയുന്നത്.

