പ്രതിരോധത്തിന് തുണയായി കുടുംബശ്രീയും: മാസ്‌ക് നിര്‍മ്മാണവുമായി തയ്യല്‍ യൂണിറ്റുകള്‍
കൊറോണ വൈറസ് വ്യാപനത്തിനെതിരെ പൊതുജനങ്ങളുടെ പ്രതിരോധത്തിന് തുണയാകാന്‍ കുടുംബശ്രീ തയ്യല്‍ യൂണിറ്റുകള്‍ മാസ്‌ക് നിര്‍മ്മാണം ആരംഭിച്ചു. കേരളത്തിലെ 14 ജില്ലകളിലുമായി കുടുംബശ്രീ മാര്‍ക്കറ്റിംഗിന്റെ കീഴിലുളള യൂണിറ്റുകളിലാണ് നിര്‍മ്മാണം. ഓര്‍ഡറുകള്‍ ലഭിക്കുന്നതിന് അനുസരിച്ചും, അതാത് ജില്ലയുടെ ഉത്പാദന ക്ഷമത അനുസരിച്ചും മാസ്‌കുകള്‍ തയാറാക്കി നല്‍കും. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഓര്‍ഡറുകളാണ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നേരിട്ട് ലഭ്യമായിട്ടുള്ളത്.
ലഭിക്കുന്ന ഓര്‍ഡറുകള്‍ മികച്ച ഗുണനിലവാരത്തോടെ പൂര്‍ത്തിയാക്കി നല്‍കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ ജില്ലാമിഷനിലും പുരോഗമിക്കുന്നു. ഓരോ ജില്ലയിലും ലഭിക്കുന്ന ഓര്‍ഡറുകള്‍ അതാത് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍മാരുടെ പൂര്‍ണ്ണമായ മേല്‍നോട്ടത്തിലാണ് പൂര്‍ത്തിയാക്കുന്നത്. മാസ്‌ക് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന തുണി, ഗുണനിലവാരം എന്നിവ അനുസരിച്ചാണ് വില ഈടാക്കുന്നത്. കൂടാതെ ആമസോണിലും മാസ്‌കുകള്‍ ലഭ്യമാണ്. കുടുംബശ്രീ യൂണിറ്റുകള്‍ മാസ്‌ക് ഉത്പാദനം ആരംഭിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ ഓര്‍ഡറുകള്‍ ജില്ലകളില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. അതിനാല്‍ ഉത്പാദനം കൂട്ടുമെന്ന് ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു.

