മനുഷ്യര്‍ എപ്പോഴും കൈ അനക്കിക്കൊണ്ടിരിക്കുന്നതിനു പിന്നില്‍ ഒരു കാരണമുണ്ട്! വായിക്കാം
വെറുതെ, ഒന്നും ചെയ്യാതെ അനങ്ങാതിരിക്കാൻ പറഞ്ഞാൽ, മനുഷ്യരുടെ കൈകൾക്കു സഹിക്കില്ല. എന്തെങ്കിലും തോണ്ടിയോ തിരുപ്പിടിച്ചോ ചൊറിഞ്ഞോ മാന്തിയോ ഇരുന്നില്ലെങ്കിൽ അവറ്റയ്ക്കു് ഒരു രസവുമുണ്ടാവില്ല.
ഒരിക്കൽ ഒരു ആന്ത്രാക്സ് കാലത്തെ യുദ്ധത്തിനു് ഒരു അതിസുരക്ഷാവൈറോളജി ലാബിൽ വിലപിടിച്ച ഒരു പുത്തൻ ഉപകരണം കൊണ്ടു സ്ഥാപിക്കുന്ന ജോലിയിലായിരുന്നു ഈ പുരുഷു. അപ്പോൾ, അതിന്റെ മേൽനോട്ടവും ടെസ്റ്റിങ്ങും കമ്മീഷനും ചെയ്യാൻ ഫ്രാൻസിൽനിന്നു വന്ന ഒരു മൂത്ത ഡോക്ടർ കാരണവരാണു് പകർച്ചവ്യാധികളെപ്പറ്റിയും ആശുപത്രിയിലും ലാബുകളിലും ജോലി ചെയ്യുന്നവർക്കു് അവ മൂലമുള്ള കൂടിയ റിസ്കിനെപ്പറ്റിയും ഇൻഫെൿഷൻ കണ്ട്രോൾ ആണു് രോഗശുശ്രൂഷയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നും പറഞ്ഞുതന്നതു്.
ആ ലാബിലെ ഏറ്റവും അപകടകരമായ വസ്തു ഏതെന്നു് ട്രെയിനിങ്ങിനിടെ അദ്ദേഹം ചോദിച്ചു. രോഗിയിൽനിന്നും എടുത്ത സാമ്പിളുകളാണു് എന്നു ഞാൻ അമിതമായ ആത്മവിശ്വാസത്തോടെ മറുപടിയും പറഞ്ഞു.
“അല്ല, അതു താങ്കൾ സദാ സമയവും കൂടെ കൊണ്ടുനടക്കുന്ന വസ്തുവാണു്“ എന്ന അദ്ദേഹത്തിന്റെ മറുപടി കേട്ടു് പുരുഷുവിനാകെ കൺഫ്യൂഷനായി.
“നിങ്ങളുടെ കയ്യിലെ പത്തു വിരലുകളാണു് ഇൻഫെൿഷന്റെ കാര്യത്തിൽ നിങ്ങളുടെ ഏറ്റവും വലിയ ശത്രു“ എന്നദ്ദേഹം പറഞ്ഞുതന്നു.
എന്നിട്ടു്, തൊട്ടപ്പുറത്തിരുന്നു ജോലി ചെയ്യുന്ന ഒരു ഓഫീസ് അസിസ്റ്റന്റിനെ അവരറിയാതെ സ്വല്പം മാറിയിരുന്നു് അഞ്ചുമിനിട്ട് നിശ്ശബ്ദം നിരീക്ഷിക്കാൻ ഒരു ആക്റ്റിവിറ്റി എക്സർസൈസും തന്നു. അഞ്ചുമിനിട്ടിനുള്ളിൽ അവരുടെ കൈകൾ എവിടെയൊക്കെ സ്പർശിക്കുന്നുണ്ടെന്നും അതിൽ എത്ര സ്പർശനങ്ങൾ അവർക്കു് എന്തെങ്കിലും പ്രയോജനമുള്ളതായിരുന്നു എന്നുമായിരുന്നു നോക്കേണ്ടതു്.
ആ അഞ്ചുമിനിട്ടിനുള്ളിലാണു് എനിക്കും സ്വയം ബോധം വന്നതു്. എന്റെ കൈകളും അതുപോലൊക്കെത്തന്നെയാണു്. ഒരു നിമിഷം പോലും വെറുതെയിരിക്കില്ല! ഒന്നും ചെയ്യാനില്ലെങ്കിൽ, അടുത്തുകിട്ടിയ എന്തെങ്കിലും സാധനം എടുത്തു താലോലിച്ചുകൊണ്ടിരിക്കും. അല്ലെങ്കിൽ സ്വന്തം മുഖത്തോ തലയിലോ ചുമ്മാ ചൊറിഞ്ഞോ മാന്തിയോ കുത്തിപ്പൊട്ടിച്ചോ ഇരിക്കും!
വാസ്തവത്തിൽ അങ്ങനെ ചെയ്യുന്നതു് നമ്മുടെയൊന്നും കുറ്റമല്ല. നാം വളരെ ഉഷാറായിത്തന്നെ ജീവിച്ചിരിപ്പുണ്ടു് എന്നു നമ്മെത്തന്നെ ബോദ്ധ്യപ്പെടുത്തുന്നതിൽ കൈകളുടെ ആ ചലനം വലിയ പങ്കു വഹിക്കുന്നുണ്ടു്. നമ്മുടെ സ്ഥലകാലബോധത്തെ നിരന്തരം പുനഃപരിശോധിച്ചുകൊണ്ടിരിക്കുന്നതിൽ ( calibrate) ആ കൈക്കുറുമ്പുകൾക്കു് വലിയ പങ്കുണ്ടു്.
അബോധപൂർവ്വമുള്ള ഒരു ഓർമ്മപ്പെടുത്തലിനേക്കാൾ നമ്മുടെ മഹത്തായ പരിണാമചരിത്രത്തിലെ ഒരു ബാക്കിപത്രം കൂടിയാണു് ആ ചൊറിയലും മാന്തലും തപ്പലും തലോടലും.
ഉറുമ്പുകളേയും പാമ്പുകളേയും പാറ്റകളേയും പട്ടികളേയും പക്ഷികളേയും മറ്റും ശ്രദ്ധിച്ചിട്ടില്ലേ? (നീരാളികളെ എന്തായാലും നിങ്ങളിൽ മിക്കവരും കണ്ടിട്ടുണ്ടാവില്ലല്ലോ. അവിടെയൊക്കെയായിരുന്നു നമ്മുടെ തുടക്കം).
സദാ സമയവും അവർ നാവുകൊണ്ടോ സ്പർശിനികൾ കൊണ്ടോ മീശകൊണ്ടോ കൊക്കുകൊണ്ടോ ചുറ്റുപാടുകൾ ചികഞ്ഞു പരിശോധിച്ചുകൊണ്ടിരിക്കും. കാഴ്ചയ്ക്കും ശബ്ദത്തിനും ഗന്ധത്തിനും (രുചിയ്ക്കും) ഉപരി അഞ്ചാമതൊരു ഡൈമെൻഷൻ കൂടിയാണു് അതു്. മറ്റുള്ള സിഗ്നലുകളെല്ലാം ഇങ്ങോട്ടു വരുമ്പോൽ അങ്ങോട്ടുചെന്നു് അളന്നുനോക്കേണ്ട സിഗ്നലാണു് സ്പർശത്തിന്റേതു്. (haptics അഥവാ kinaesthetic communication അഥവാ 3D touch).
എല്ലാ സംവേദനേന്ദ്രിയങ്ങളും ഒരുമിച്ചുകൂടിയിട്ടുള്ള തല എന്ന സംഗതി പരിണാമത്തിന്റെ ഒരു ഘട്ടത്തിൽ നമുക്കു് ഒട്ടുമിക്കവാറും ശരീരത്തിന്റെ സ്വയംഭരണാവകാശമുള്ള ഒരു തലസ്ഥാനം (central capital region) ആയി മാറി. തലയാണു് നമ്മൾ. മറ്റെല്ലാം ആവശ്യം പോലെ വോട്ടു സമ്പാദിക്കാനുള്ള കന്നുകാലിക്ലാസ്സ് സംസ്ഥാനങ്ങൾ മാത്രം എന്ന അവസ്ഥ വന്നു.
(അഴകളവുകളും ഉടലടവുകളുമൊക്കെ ഇപ്പോഴും നമ്മെ മദിപ്പിക്കുമെങ്കിലും ആത്യന്തികമായി Central Board of Secondary Evaluation (CBSE) ആയ തലസ്ഥാനം തന്നെയാണു് അതിനൊക്കെ മാർക്കും റാങ്കും നൽകുന്നതു്).
അങ്ങനെ വന്നപ്പോൾ, ഒരു പുതിയ പ്രശ്നമുണ്ടായി.
കണ്ണെത്തുന്നിടത്തേക്കു് ചെവിയെത്തില്ല എന്നു പറയാറുള്ളതുപോലെ, ചിലപ്പോൾ കണ്ണും ചെവിയുമെത്താത്ത സ്ഥലങ്ങളിലേക്കു് എത്താൻ തലസ്ഥാനത്തിനു് ഒരു അംബാസ്സഡർ വേണമെന്നായി. അങ്ങനെയാണു് കൈകൾക്കു് അവരുടെ ഇഷ്ടം പോലെ ഏതു പ്രദേശത്തും കറങ്ങിനടക്കാനും വിരൽത്തുമ്പുകൾ കൊണ്ടു് അതിവേഗം ബഹുദൂരം അതിസമർത്ഥമായി വിവരശേഖരണം (data collection) നടത്താനും കഴിവുണ്ടായതു്.
ചുരുക്കത്തിൽ പാമ്പുകളുടെ ആ ഇരട്ടനാവിനു സമമാണു് നമ്മുടെ പത്തുവിരൽക്കൈകൾ!
എന്തൂട്ടാദ് എന്നറിയാനുള്ള ആ ജിജ്ഞാസ പൂച്ചയെ കൊന്നു ("Curiosity killed the cat") എന്നൊരു ചൊല്ലുണ്ടു് ഇംഗ്ലീഷിൽ. ടോം ആന്റ് ജെറിയൊക്കെ ഇപ്പോഴും കാണാറുണ്ടാവുമല്ലോ അല്ലേ?
കൊറോണ പോലുള്ള ഒരു ലോകമഹാരോഗം സ്വന്തം പഞ്ചായത്തിലും ബക്കറ്റുപിരിവെടുക്കാൻ വരുമ്പോഴും (അല്ലാത്തപ്പോഴും!) അതൊന്നും മൈന്റ് ചെയ്യാതെ രണ്ടുകാലിൽ ലോകം മുഴുവൻ തേരാ പാരാ നടന്നു് കണ്ണിക്കണ്ടതൊക്കെ തോണ്ടിയും പിടിച്ചും അതിനിടേ മൂക്കുപിഴിഞ്ഞും ചിറി തുടച്ചും ചെവി മാന്തിയും തല ചൊറിഞ്ഞും രസിച്ചു്, ഒടുവിൽ ആ കൈകൾ ഒന്നു കഴുകുകപോലും ചെയ്യാതെ, പാലക്കാടൻ മട്ടയരിയുടെ ചോറു് പുളിശ്ശേരിയിൽ കുഴച്ചുമറിച്ചു് അളിച്ചുപിളിച്ചു് ഉരുട്ടിമിണുങ്ങുമ്പോൾ നാം മനുഷ്യർ ഓർക്കണം:
Curiosity of our own hands (and fingers especially!) killed us!
അതെ! കരുതിയിരുന്നില്ലെങ്കിൽ അയ്യഞ്ചു വിരലുകളും അതുകൊളുത്തിവെച്ചിട്ടുള്ള നമ്മുടെ സ്വന്തം കൈപ്പത്തികളും തന്നെയാണു് നമ്മുടെ അഞ്ചാം പത്തി (Fifth column)!

