പ്രൈവറ്റൈസ് ചെയ്ത ഹെൽത്ത് സിസ്റ്റം കൊറോണയെ നേരിടുന്ന വിധം ; പരിഭ്രാന്തരായി അമേരിക്കൻ ജനത ; കേരള സർക്കാർ മോഡലിനെ പ്രകീർത്തിച്ച് പ്രവാസി മലയാളികൾ
"രോഗലക്ഷണങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്താലും ടെസ്റ്റ് ചെയ്യാതെ നീട്ടിക്കൊണ്ടു പോകുക . ആളുകൾ പാനിക് ആവാതിരിക്കാൻ രോഗികളുടെ കണക്ക് പുറത്തുവിടാതിരിക്കുക ." 36 സംസ്ഥാനങ്ങളിലേക്കെങ്കിലും പടർന്നുകഴിഞ്ഞിട്ടുണ്ട് എന്നുറപ്പുള്ള കൊറോണ വൈറസിനെ നേരിടുന്ന കാര്യത്തിൽ ലോകരാജ്യങ്ങളുടെ തലപ്പത്ത് നിൽക്കുന്ന അമേരിക്ക കാണിക്കുന്ന അലംഭാവത്തെ റിപ്പോർട്ട് ചെയ്ത് ന്യൂ യോർക്ക് ടൈംസ് എഴുതിയ വാർത്തയിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ ഉള്ളത് .ഹെൽത്ത് ഇൻഷുറൻസിനു വേണ്ടി നല്ലൊരു തുക ചെലവാക്കിയിട്ടും നേരത്തും കാലത്തും ടെസ്റ്റ് നടത്തില്ല , രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്താലും ദിവസങ്ങളോ ആഴ്ചകളോ എടുത്തുമാത്രം പ്രതികരിക്കുന്ന ആരോഗ്യവകുപ്പ് . മെഡിക്കൽ സിസ്റ്റത്തിന്റെ ഈ പിടിപ്പുകേടിനിടയിൽ രോഗത്തെ പേടിച്ച് വീട്ടിൽ അടച്ചിരിക്കാൻ തീരുമാനിക്കുന്ന ആളുകൾ . കേരളത്തിലെ മാർക്കറ്റിൽ ഹാൻഡ് വാഷും സാനിറ്റൈസറും ഫേസ് മാസ്കും ഔട്ട് ഓഫ് സ്റ്റോക്ക് ആകുമ്പോൾ അമേരിക്കയിൽ കിട്ടാതാവുന്നത് ടോയ്ലറ്റ് പേപ്പർ . ഹെല്‍ത്ത് സിസ്റ്റം പ്രൈവറ്റൈസ് ചെയ്യുകയും ഇന്‍ഷുറന്‍സ് കമ്പനികള്‍ ഭരിക്കുകയും ചെയ്താല്‍ എന്തുണ്ടാവുമെന്നതിന്റെ ബെസ്റ്റ് ഉദാഹരണമാണ് അമേരിക്ക.
ലോകത്തെ വിറപ്പിച്ചു നിർത്തിയിരിക്കുന്ന കൊറോണ വൈറസിനെ തികച്ചും നിരുത്തരവാദിത്വത്തോടെ നേരിടുന്ന അമേരിക്കയിലിരുന്ന് നാട്ടിലെ ഗവണ്മെന്റ് സിസ്റ്റത്തെ പ്രകീർത്തിക്കുകയാണ് പ്രവാസി മലയാളികൾ . കേരളത്തിലായിരുന്നെങ്കിൽ മനഃസമാധാനമുണ്ടായിരുന്നേനെ എന്ന് ഓരോ സോഷ്യൽ മീഡിയ പോസ്റ്റിലും അവർ ആവർത്തിക്കുന്നു . ലോകത്തിനു തന്നെ മാതൃകയായിക്കൊണ്ടിരിക്കുകയാണ് കേരളത്തിലെ ആരോഗ്യവകുപ്പ് .
അമേരിക്ക പോലൊരു വമ്പൻ രാജ്യവും കേരളം പോലൊരു കുഞ്ഞൻ സംസ്ഥാനവും കൊറോണയെ നേരിടുന്ന രീതി പറയുകയാണ് ധ്വനി ഷൈനി തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ :
"അമേരിക്കയിലെ 1255 കൊറോണ രോഗികളിൽ, 85% പകർച്ചകളും, രോഗമുള്ളവരെ സമയത്തു ടെസ്റ്റ് ചെയ്യാതെയും, ചികിത്സയിലും മാറ്റിനിർത്തലിലും വന്ന അലംഭാവവുമാണെന്ന് NYtimes ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 700 എണ്ണം എങ്ങനെ എവിടെനിന്നു പടർന്നു എന്നുപോലും അറിയില്ല. നാളെ ഇവിടെ വച്ച് ഈ രോഗമെന്ന് സംശയം തോന്നിയാൽ, ആദ്യമേ ഒറ്റപ്പെട്ട് വീട്ടിൽ ഇരിയ്ക്കണം, ഫോൺ ചെയ്ത് പ്രൈമറി കെയർ ഡോക്ടറുടെ ഓഫിസിൽ അറിയിയ്ക്കണം. അവർ അവരുടെ സമയം പോലെ തിരിച്ചു വിളിച്ച് മനസ്സിലാക്കി, പനിയടക്കം കൊറോണയുടെ എല്ലാ ലക്ഷണങ്ങളും ഉണ്ടെങ്കിൽ മാത്രം ടെസ്റ്റ് ചെയ്യാൻ നിർദേശിയ്ക്കും.
ടെസ്റ്റിംഗ് സെന്ററുകളുടെയും കിറ്റുകളുടെയും അഭാവം മൂലം ദിവസങ്ങളോ ആഴ്ചയോളമോ എടുക്കും ഫലത്തിന്. രോഗം സ്ഥിരീകരിച്ചാൽ മാത്രം ചികിത്സ. അതുവരെ രോഗലക്ഷണമില്ലാത്ത മറ്റു കുടുംബാംഗങ്ങളുടെ കൂടെ വീട്ടിൽ. കൊറോണയുള്ള ഒരു സ്ഥലത്തുനിന്നു വന്നവരായാൽ പോലും ഇതാണ് രീതി. കൊറോണ ലക്ഷണങ്ങളിൽ പലപ്പോഴും പനി ഉണ്ടാവാറില്ലങ്കിൽ പോലും, പനി ഇല്ലാത്തതിന്റെ പേരിൽ ടെസ്റ്റ് ചെയ്യാൻ അനുവാദമില്ല.
അമേരിക്ക ചുരുങ്ങിയത് 35000 രോഗികളെ പ്രതീക്ഷിച്ചിരിയ്ക്കുകയാണ് വരും നാളുകളിൽ. നാളെ ഈ അസുഖം വന്നാൽ, ഈ വികസിത രാജ്യത്തിരുന്ന്, നമ്മുടെ കൊച്ചു കേരളത്തിലായിരുന്നെങ്കിൽ എന്ന് നെടുവീർപ്പെടേണ്ടി വരും.
സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ യാത്ര കഴിഞ്ഞു തിരിച്ചുവരുമ്പോൾ എയർപോർട്ടിൽ വച്ചും, രോഗലക്ഷണങ്ങൾ ഉണ്ടെന്നു പറയുമ്പോൾ വീട്ടിൽ വന്നും പൊതിഞ്ഞുപിടിച്ചു കൊണ്ടുപോയി ചികിത്സിയ്ക്കുന്നതും, കൈവിട്ടുപോയ രോഗികൾ നടന്ന വഴികൾ വരെ അടയാളപ്പെടുത്തി, ഒഴിവാക്കാൻ സഹായിയ്ക്കുന്നതും വെറും രാഷ്ട്രീയമാണെന്ന് കരുതുന്നത് തെറ്റാണ്. അതിന് അത്യാവശ്യം നല്ല ഉദ്ദേശശുദ്ധിയും അതിലുമേറെ സമർപ്പണവും വേണം.
നമ്മൾ ഇതൊന്നും ഔദാര്യമല്ല അവകാശമാണെന്ന് പറയുമ്പോൾ, ഔദാര്യത്തിൽ പോലും ഇതൊന്നും ഇല്ല എന്ന് തെളിയിയ്ക്കുന്ന വമ്പൻ രാജ്യങ്ങളെ വെറുതെ ഒന്ന് നോക്കണം."
ഇതേ അഭിപ്രായം തന്നെയാണ് വർഷങ്ങളായി അമേരിക്കയിൽ താമസക്കാരിയായ എഴുത്തുകാരി കൂടെയായ ഷീജ തെരേസയും പങ്കുവെക്കുന്നത് :
"കൊറോണ ഇൻ അമേരിക്ക
ഇവിടെ ഇനിയും നേരം വെളുത്തിട്ടില്ല. മറ്റു പല കാര്യങ്ങളെ പോലെ ഒളിച്ചു വെക്കൽ ആണെന്ന് തോന്നുന്നു, ശരിയായ കണക്കുകൾ ഒന്നും പുറത്തുവിടുന്നില്ല. ചോദിച്ചു ചോദിച്ചു വരുമ്പോൾ അമേരിക്കയിലെ പല ഭാഗത്തും ഉള്ള സുഹൃത്തുക്കൾ ഇവിടെ ഉണ്ട്, അവിടെ ഉണ്ട് എന്നൊക്കെ പറയുന്നുമുണ്ട് എന്നാൽ അതിനു മാത്രം ഉള്ള precautions എന്തെങ്കിലും എടുക്കുന്നതായി തോന്നുന്നുമില്ല .
പിന്നെ എല്ലായ്പ്പോഴും പോലെ ടെസ്റ്റ് ചെയ്യൽ കഴിയുന്നത്ര നീട്ടികൊണ്ടു പോകും. ഈ അസുഖത്തെ പറ്റി കേട്ടുതുടങ്ങിയപ്പോഴേ ഇവിടെത്തെ കാര്യം കഷ്ടം ആയിരിക്കും എന്ന് തന്നെ തോന്നിയിരുന്നു. പാനിക് ആവാതിരിക്കാൻ കണക്ക് പുറത്തുവിടാതിരിക്കും എന്നൊക്കെ കേൾക്കുമ്പോൾ കലി വരുന്നു, ഇതെന്താ കുഞ്ഞുവാവകളോ, കാര്യം പറഞ്ഞാൽ മനസ്സിലാക്കാൻ പറ്റാത്ത ഒരു ജനതയാണോ.... എന്തായാലും കൊള്ളാം ആൾക്കാർക്ക് ടെസ്റ്റ് ചെയ്യണം എന്നൊന്നും നിർബന്ധമില്ല, ടോയ്ലറ്റ് പേപ്പർ ഒക്കെ വാങ്ങി സ്റ്റോക്ക് ചെയ്തു ഹാപ്പി ആയി ഇരിപ്പുണ്ട് അമേരിക്കക്കാർ, എല്ലായിടത്തും ആദ്യം തീരുന്നത് അതാണ്.
അതിനിടയ്ക്കാണ് നാട്ടിൽ ഇത്രേം ഒക്കെ ചെയ്തിട്ടും ഗവൺമെന്റിനെ കുറ്റം പറഞ്ഞു നടക്കുന്നത്. കേരളം എത്രയോ മുന്നിലാണ് എന്നാരു പറഞ്ഞുകൊടുക്കാനാണ് അവറ്റകളോട്. "
കേരള സർക്കാരിന്റെ കൊറോണയെ ചെറുക്കാനുള്ള ശ്രമങ്ങളെ പ്രകീർത്തിക്കുന്നതോടൊപ്പം തന്നെ ഈ സമയത്ത് ഒരുമിച്ചു നിൽക്കാതെ രാഷ്ട്രീയം കളിക്കുന്ന ആളുകളോട് രോഷം കൊള്ളുക കൂടെയാണ് ഈ പ്രവാസി മലയാളികൾ .

