ലൈംഗികാതിക്രമ കേസില്‍ ജയിലില്‍ കഴിയുന്ന ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയിന്‍സ്‌റ്റൈന് കൊവിഡ്-19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്
ലൈംഗികാതിക്രമ കേസില്‍ 23 വര്‍ഷത്തെ തടവു ശിക്ഷ അനുഭവിക്കുന്ന ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയിന്‍സ്‌റ്റൈന് കൊവിഡ്-19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. 'മീ ടൂ' ആരോപണത്തെ തുടര്‍ന്നാണ് ഹാര്‍വിക്ക് തടവു ശിക്ഷ ലഭിച്ചത്. ഈ മാസം 11നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ന്യൂയോര്‍ക്കിലെ വെന്റെ കറക്ഷണല്‍ ഫെസിലിറ്റിയില്‍ ഐസൊലേഷനില്‍ കഴിയുകയാണ് 68 കാരനായ ഹാര്‍വി വെയിന്‍സ്റ്റൈന്‍. ഇയാള്‍ക്ക് പുറമെ ജയിലിലെ മറ്റൊരു തടവുകാരനും കൊവിഡ്-19 സ്ഥിരീകരിച്ചിരുന്നു. ജയിലിലെ ഉദ്യോഗസ്ഥനാണ് ഹാര്‍വി വെയിന്‍സ്‌റ്റൈന്‍ കൊറോണ പോസിറ്റീവ് ആണെന്ന് പറഞ്ഞത്. വെയിന്‍സ്റ്റൈനുമായി ബന്ധമുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്തിയിട്ടില്ല.
ഹാര്‍വി വെയിന്‍സ്റ്റൈനെതിരായ തുറന്നു പറച്ചിലുകളാണ് ലോകമാകെ മീ ടൂ ക്യാമ്പെയിന് തുടക്കമിട്ടത്. 2006-ല്‍ നിര്‍മ്മാണ സഹായി മിമി ഹലെയിയെയും 2013-ല്‍ അഭിനയിക്കാന്‍ ആഗ്രഹിച്ച് എത്തിയ ജെസീക്ക മാന്‍ എന്നിവരെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നതാണ് ഹാര്‍വി വെയിന്‍സ്റ്റൈനെതിരായ കേസ്. ഫെബ്രുവരി 24-ന് ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും മാര്‍ച്ച് 11-ന് 23 വര്‍ഷത്തെ തടവുശിക്ഷ വിധിക്കുകയും ചെയ്തു. വീല്‍ച്ചെയറിലാണ് വെയിന്‍സ്‌റ്റൈന്‍ കോടതിയില്‍ എത്തിയത്.
ഹോളിവുഡ് താരം ആഞ്ജലീന ജോളി ഉള്‍പ്പെടെ നൂറിലേറെ സ്ത്രീകളാണ് ഇയാള്‍ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചത്. 2017-ല്‍ ന്യൂയോര്‍ക്ക് ടൈംസ് പത്രത്തില്‍ വന്ന വാര്‍ത്തയാണ് വെയിന്‍സ്റ്റൈനെതിരെ ലൈംഗികാരോപണങ്ങള്‍ക്ക് തുടക്കമിട്ടത്. വാര്‍ത്തയേ തുടര്‍ന്ന് ഒട്ടേറെ സ്ത്രീകള്‍ തുറന്നു പറച്ചിലുമായി രംഗത്തെത്തി.
അമേരിക്കയിലെ മിറാമാക്‌സ് നിര്‍മ്മാണ കമ്പനിയുടെ സഹസ്ഥാപകനാണ് ഹാര്‍വി വെയിന്‍സ്റ്റൈന്‍. പള്‍പ്പ് ഫിക്ഷന്‍, ഷേക്‌സ്പിയര്‍ ഇന്‍ ലവ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്. മിറാമാക്‌സിന്റെ ബാനറില്‍ ഇറങ്ങിയ ചിത്രങ്ങള്‍ക്ക് മൂന്നൂറിലേറെ തവണ ഓസ്‌കര്‍ നാമനിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

