അവസാന നിമിഷവും രോഗികളെ ശുശ്രൂഷിച്ചു; ഇറാനിലെ വനിതാ ഡോക്ടര്‍ കൊവിഡ്-19 ബാധിച്ച് മരിച്ചു
ഇറാനിലെ ടെഹ്‌റാനില്‍ പക്ദഷ്ത് ഷൊഹാദ ആശുപത്രിയിലെ ജനറല്‍ ഫിസിഷ്യന്‍ ഡോ. ഷിറീന്‍ റൂഹാനി കോവിഡ് 19 ബാധിച്ചു മരിച്ചു. ഗ്ലൂക്കോസും മരുന്നുകളും ശരീരത്തിനുള്ളിലേക്ക് കയറ്റുന്നതിനുള്ള കാനുല കയ്യില്‍ ധരിച്ച് തീരെ അവശയായിട്ടും രോഗികളെ പരിശോധിക്കുന്ന ഇവരുടെ ചിത്രം സോഷ്യല്‍മീഡിയിലൂടെ പുറത്തു വന്നിരുന്നു. ചൈനയ്ക്കും ഇറ്റലിക്കുമൊപ്പം കൊവിഡ് 19 ഏറെ ബാധിച്ച രാജ്യമാണ് ഇറാന്‍. വേണ്ടത്ര ഡോക്ടര്‍മാരോ മരുന്നുകളോ ആശുപത്രിയില്‍ കിടക്കകളോ ഒന്നും ഇറാനിലുണ്ടായിരുന്നില്ല.
ഇവിടുത്തെ കൊച്ചു നഗരമായ പക്ദഷ്തിലെ ആശുപത്രിയിലെ ജനറല്‍ ഫിസിഷ്യന്‍ ആയിരുന്നു ഡോ. ഷിറീന്‍ റൂഹാനി. വേണ്ടത്ര ഡോക്ടര്‍മാരില്ലാത്തതിനാല്‍ രണ്ടും മൂന്നും ഷിഫ്റ്റുകള്‍ ഇവര്‍ക്ക് അടുപ്പിച്ച് ചെയേണ്ടി വന്നു. ദിനരാത്രികള്‍ ജോലി ചെയ്തു ക്ഷീണിച്ച അവസ്ഥയിലും അവര്‍ കോവിഡ് 19 ബാധിതരെ പരിചരിച്ചു. പത്തു ദിവസം മുമ്പ് ഡോ. ഷിറീനും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. പെട്ടെന്നുതന്നെ ആകെ ക്ഷീണിതയായ അവരെ സഹപ്രവര്‍ത്തകര്‍ ടെഹ്‌റാനിലെ മാസിഹ് ഡനേഷ്വാരി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സ്വന്തം ജീവന് പോലും വില കല്‍പ്പിക്കാതെ നിരവധി പേരുടെ ജീവന്‍ രക്ഷിച്ച ശേഷമാണ് ഡോ. ഷിറീന്‍ മരണത്തിന് കീഴടങ്ങിയത്.

