കൊറോണ കാരണം സ്ട്രിപ് ക്ലബ് പൂട്ടിയപ്പോള്‍ പുതിയ ആശയം; ബൂബര്‍-ഈറ്റ്‌സ് വഴി ഭക്ഷണം വിതരണം ചെയ്യുക അര്‍ധനഗ്നരായ സ്ത്രീകള്‍
കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ ലോകരാജ്യങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയാണ്. ഇതിന്റെ ഭാഗമായി ഭൂരിഭാഗം സ്ഥാപനങ്ങളും അടച്ചു പൂട്ടുകയും ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ കഴിയാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് പുതിയ ആശയവുമായി അമേരിക്കയിലെ പോര്‍ട്‌ലാന്റിലുള്ള ഒരു സ്ട്രിപ് ക്ലബ്ബ് രംഗത്തെത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രമുള്ള വിനോദങ്ങള്‍ക്കു വേണ്ടിയുള്ള ഇടമാണ് സ്ട്രിപ് ക്ലബ്ബുകള്‍.
കൊറോണ ഭീതി കാരണം അടച്ചു പൂട്ടേണ്ടി വന്നപ്പോഴാണ് ലക്കി ഡെവിള്‍ ലോഞ്ച് എന്ന സ്ട്രിപ് ക്ലബ്ബ് പുതിയ സംരംഭത്തിലേക്ക് കടന്നത്. ആളുകള്‍ക്ക് വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസരമായതിനാല്‍ ക്ലബ്ബിലെ സ്ട്രിപ് ഗേള്‍സിനെ ഉപയോഗിച്ച് വീടുകളില്‍ ഭക്ഷണം എത്തിച്ചു നല്‍കുന്ന സേവനമാണ് ഇവര്‍ ആരംഭിച്ചത്.
ക്ലബ്ബ് ഉടമയായ ഷോണ്‍ ബോള്‍ഡന്‍ തമാശ രൂപത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം പോസ്റ്റ് ചെയ്തപ്പോള്‍ നിരവധി പേരാണ് ഈ ആശയത്തെ സ്വാഗതം ചെയ്തത്. തുടര്‍ന്നാണ് തമാശ കാര്യമാക്കാന്‍ ബോള്‍ഡന്‍ തീരുമാനിച്ചത്.
പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണവിതരണ സേവനമായ ഊബര്‍ ഈറ്റ്‌സിന്റെ പേരിന്റെ മാതൃകയില്‍ 'ബൂബര്‍-ഈറ്റ്‌സ്' എന്നാണ് ബോള്‍ഡന്‍ പുതിയ സംരംഭത്തിന് നല്‍കിയിരിക്കുന്ന പേര്. വൈകീട്ട് ഏഴുമണി മതല്‍ പുലര്‍ച്ചെ ഒരു മണി വരെ സേവനം ജനങ്ങള്‍ക്ക് ലഭ്യമാകും. ക്ലബ്ബിലെ മെനുവിലെ മദ്യം ഒഴികെയുള്ള എല്ലാ വിഭവങ്ങളും ഓര്‍ഡര്‍ ചെയ്യാം. ഏകദേശം 30 ഡോളറാണ് ഡെലിവറി ചാര്‍ജ്. ദൂരത്തിന് അനുസരിച്ച് നിരക്ക് മാറും.
സ്ട്രിപ് ക്ലബ്ബിലെ സുന്ദരികളായ ഡാന്‍സര്‍മാരാണ് അര്‍ധനഗ്നരായി ഭക്ഷണവിതരണത്തിന് വീടുകളിലേക്ക് എത്തുക. ഇവര്‍ക്കൊപ്പം ഒരു സെക്യൂരിറ്റി ജീവനക്കാരനും ഉണ്ടാകും. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍ അത് കൊണ്ടുവരുന്ന സ്ത്രീകളെ സ്പര്‍ശിക്കാന്‍ പാടില്ലെന്നാണ് നിയമം. ഇവരുടെ സുരക്ഷയ്ക്ക് ആവശ്യമായ മാസ്‌കുകള്‍, സാനിറ്റൈസിങ് വൈപ്പുകള്‍, ഗ്ലൗസുകള്‍ തുടങ്ങിയവ ഉറപ്പുവരുത്തിയിട്ടുണ്ട് എന്ന് ഷോണ്‍ ബോള്‍ഡന്‍ അറിയിച്ചു.

