താരാട്ടുപാട്ടു പോലെ ഒരു ഫോട്ടോഗ്രാഫർ ; ചിണുക്കവും ചിരിയുമായി കുഞ്ഞുങ്ങളും
മിഥു ശ്രീനിവാസ് .
കേരളത്തിലെ ഒരേയൊരു സ്വതന്ത്ര വനിതാ ന്യൂബോൺ ഫോട്ടോഗ്രാഫറായിരിക്കും മിഥു . ക്യാമറയും ചിരിയുമില്ലാതെ മിഥുവിനെ ഓർക്കാൻ പ്രയാസമാണ് . ഇത്തിരിയില്ലാത്ത മക്കൾക്ക് ചിരിയല്ലാതെ വേറെയെന്താണ് കൊടുക്കാൻ എന്ന് മിഥുവും.
എൻഗേജ്‌മെന്റ് ഫോട്ടോഗ്രഫി , കല്യാണഫോട്ടോഗ്രാഫി , ലവ് ഫോട്ടോഗ്രഫി തുടങ്ങി ഗർഭകാലഫോട്ടോഗ്രഫി വരെ കേരളത്തിൽ സുപരിചിതമായ കാലത്താണ് പുത്തനൊരു ട്രെൻഡുമായി മിഥു ശ്രീനിവാസ് കടന്നുവന്നത് . ന്യൂ ബോൺ ഫോട്ടോഗ്രഫി . ജനിച്ച് ദിവസങ്ങൾ മാത്രമുള്ള പൊടിക്കുഞ്ഞുങ്ങളെ നേരത്തോടു നേരം നോക്കിയിരുന്ന് മുഖത്തു വിരിയുന്ന ചെറിയൊരു ചിരി , നോട്ടം , ഉറക്കം, കരച്ചിൽ ഒക്കെ പകർത്തിവെക്കുക . അഞ്ചുദിവസം മുതൽ പതിനഞ്ചു ദിവസം വരെയുള്ള കുഞ്ഞുവാവകളെയാണ് ന്യൂബോൺ ഫോട്ടോഗ്രാഫിയിൽ ചിത്രീകരിക്കുക . ഒരിക്കലും തിരികെ കിട്ടാത്ത ആ ദിവസങ്ങൾ അച്ഛനമ്മമാരെ സംബന്ധിച്ച് ഏറ്റവും ഇമോഷണൽ ആയ ഓർമ്മയാണ് . അതുകൊണ്ടുതന്നെ മിഥുവിന്റെ ഫോട്ടോഗ്രഫിയിലെ ഈ പുതിയ ഏരിയ ഏറെ സ്നേഹത്തോടെ സ്വീകരിക്കപ്പെട്ടു .
മിഥു ഫോട്ടോഗ്രാഫറായത് അങ്ങനെ ആയേക്കാം എന്നുകരുതിയിട്ടല്ല . പോസ്റ്റ് ഗ്രാജ്വേഷന് മാസ്സ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം പഠിച്ചപ്പോൾ അതിന്റെ കൂടെ ഫോട്ടോഗ്രഫി പഠിച്ചതല്ലാതെ വിദഗ്ദമായി ഫോട്ടോ എടുക്കാൻ മറ്റു പരിശീലനങ്ങൾ ഒന്നും കിട്ടിയിട്ടില്ല . വിവാഹം കഴിച്ചത് ജിനോ സാമിനെയാണ് , ക്യാമറ ജീവനെപ്പോലെ കൊണ്ടുനടക്കുന്ന ഫോട്ടോഗ്രാഫർ . ജിനോയ്ക്കൊപ്പം നടക്കുമ്പോൾ ക്യാമറ മിഥുവിനും ഒഴിവാക്കാൻ പറ്റാത്ത ഒന്നായി മെല്ലെ മാറി . കുറച്ചുകാലം കൊണ്ട് മിഥു ഒരു സെൽഫ് ലേൺഡ് ഫോട്ടോഗ്രാഫർ ആയി മാറി . അങ്ങനെയാണ് " ജിനോ & മിഥു ഫോട്ടോഗ്രഫി " എന്ന പേരിൽ വെഡിങ് ഫോട്ടോഗ്രഫി കമ്പനി തുടങ്ങുന്നത് . കല്യാണത്തിന് ഫോട്ടോ എടുക്കാൻ കപ്പിൾ ഫോട്ടോഗ്രാഫർമാർ വരുന്നത് മിക്കയിടത്തും ശ്രദ്ധിക്കപ്പെട്ടു . കൗതുകകരമായ ആ കൂട്ടുകെട്ട് മെല്ലെ ഒരുപാട് നല്ല ഫോട്ടോഗ്രാഫുകളിലേക്ക് വളർന്നു .
അങ്ങനെയിരിക്കുമ്പോഴാണ് , മൂന്നുവർഷം മുൻപ് കിയാൻ ജനിക്കുന്നത് . അമ്മയായതോടെ മുഴുവൻ സമയം കിയാന്റെ ഭാവങ്ങളും മാറ്റങ്ങളും ശ്രദ്ധിക്കലായി മിഥുവിന്റെ ഇഷ്ടം . കിയാന്റെ നിരവധി ഫോട്ടോകളും എടുത്തു സൂക്ഷിച്ചു . അപ്പോഴാണ് കുഞ്ഞുങ്ങളുടെ ഈ സമയം പകർത്തിവെക്കാൻ ആരും ഓർക്കാറില്ലലോ എന്ന ചിന്ത വന്നത് . അമ്മമനസ്സ് കൊണ്ട് ആലോചിച്ചപ്പോൾ കുഞ്ഞുകിയാനെ കൂടെ നിർത്തിക്കൊണ്ടു തന്നെ മറ്റ് അമ്മമാരുടെ ഇത്തരം കുഞ്ഞ് ഇഷ്ടങ്ങൾ പകർത്തിവെക്കാമല്ലോ എന്നും ജോലിയും ഒപ്പം സന്തോഷവുമായി അത് മാറുമല്ലോ എന്നും തോന്നി . ഏറെ ഇഷ്ടം തോന്നിയ ന്യൂ ബോൺ ഫോട്ടോഗ്രഫിയും മറ്റേർണിറ്റി ഫോട്ടോഗ്രഫിയും സ്വതന്ത്രമായി ചെയ്യാൻ മിഥു തീരുമാനിച്ചു . അങ്ങനെയാണ് മിഥു ശ്രീനിവാസ് ഫോട്ടോഗ്രഫി എന്ന സ്വാതന്ത്രബാനറിന്റെ പിറവി .
കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഒരുപാട് ശ്രദ്ധ വേണ്ട ദിവസങ്ങളിലാണ് ന്യൂബോൺ ഫോട്ടോഗ്രഫി ചെയ്യുന്നത് . അവരുടെ സുരക്ഷിതത്വം ആ സമയത്ത് ഗൗരവമുള്ള ഒരു കാര്യമാണ് . ഒരു അമ്മയായതു കൊണ്ടുതന്നെ ഇക്കാര്യത്തിൽ മിഥുവിനെ രക്ഷിതാക്കൾ വിശ്വാസത്തിൽ എടുക്കുന്നുണ്ട് . കുഞ്ഞിനെ എടുക്കുന്ന രീതി , ഉപയോഗിക്കുന്ന പ്രോപ്പർട്ടികൾ , കിടത്തുന്ന ഇടം ഇതൊക്കെ കുറേ ശ്രദ്ധിച്ചുവേണം ചെയ്യാൻ . കിയാന്റെ കാര്യത്തിൽ ശ്രദ്ധിച്ചുള്ള പരിചയം കൊണ്ട് അത് വലിയ പ്രശ്നമായി മിഥുവിന് തോന്നിയില്ല .
ന്യൂബോൺ ഫോട്ടോഗ്രാഫിയുടെ ഏറ്റവും വലിയ വെല്ലുവിളി സമയമാണ് . ചിലപ്പോൾ മണിക്കൂറുകൾ നോക്കിയിരുന്നാലാണ് ഒരു ഫോട്ടോ കിട്ടൂ . കുഞ്ഞിന്റെ മൂഡ് ആണ് ഏറ്റവും പ്രധാനം . ഏഴും എട്ടും മണിക്കൂർ നോക്കിയിരുന്ന് കിട്ടിയ ഫോട്ടോകളുണ്ട് . അത്ര നേരം നോക്കിയിരുന്നാലും ചിലപ്പോൾ കുഞ്ഞിന്റെ മൂഡ് ശരിയല്ലാതെ കരച്ചിലിലേക്കു കടന്ന് നിർത്തി വെച്ച ദിവസങ്ങളും ഉണ്ട് . കുഞ്ഞുങ്ങളാണ് ഫോട്ടോ സെഷൻ എപ്പോൾ തുടങ്ങണം എപ്പോൾ തീരണം എന്ന് തീരുമാനിക്കുന്നത് . അവിടെ ഫോട്ടോഗ്രാഫർക്ക് റെഡിയായിരിക്കുക എന്നുമാത്രമേ ചെയ്യാനുള്ളൂ . ചിലപ്പോൾ ഉറക്കത്തിൽ , അല്ലെങ്കിൽ അമ്മയോട് അടുത്തിരിക്കുന്ന ഒരു നിമിഷത്തിൽ വീണുകിട്ടുന്ന ആ ഒരു ഭാവം പകർത്തിവെക്കുമ്പോൾ കിട്ടുന്നത് അനിർവചനീയമായ സന്തോഷമാണെന്ന് മിഥു .
അച്ഛനമ്മമാരുടെ സൗകര്യം അനുസരിച്ചുള്ള ഇടത്താണ് ഷൂട്ട് നടത്തുക . കുഞ്ഞിന് ഏറ്റവും പരിചിതമായ ചുറ്റുപാടിൽ വേണം ചിത്രമെടുക്കാൻ . സ്ഥലം മാറുമ്പോൾ മിക്കവാറും കുഞ്ഞുങ്ങൾ അസ്വസ്ഥത കാണിക്കും . അതുകൊണ്ട് വീട്ടിൽ തന്നെയായിരിക്കും ഏറിയ പങ്കും ഷൂട്ട് ചെയ്യാൻ ചെല്ലേണ്ടി വരിക . രക്ഷിതാക്കൾക്ക് തങ്ങളുടെ കുഞ്ഞുങ്ങളെ ചിത്രമെടുക്കുമ്പോൾ പല വിധത്തിലുള്ള ഫാന്റസികളാണ് . പൂമ്പാറ്റയായും മാലാഖയായും തൊപ്പി വെച്ചും ഇലകൾ വിരിച്ചും പൂക്കളമൊരുക്കിയും ഇതൊന്നുമില്ലാതെയും എടുത്തും കിടത്തിയും ഒക്കെയുള്ള പല വിധ ചിത്രങ്ങളാണ് അവർ ആവശ്യപ്പെടുക . ഇതിന് പല പ്രോപ്പർട്ടികൾ ഉപയോഗിക്കേണ്ടിവരാറുണ്ട് . ഇവയൊക്കെത്തന്നെ കുഞ്ഞിന് സുരക്ഷിതമാണ് എന്ന് ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ് . പ്രോപ്പർട്ടികൾ നന്നായി ഉപയോഗിച്ചാൽ കണ്ടാൽ ഒരുകാലത്തും കൗതുകം തീരാത്ത അത്ര ഭംഗിയുള്ള ഫോട്ടോകളായിരിക്കും കിട്ടുക .
സ്ത്രീകൾ ക്യാമറയെടുക്കുന്നത് ഇക്കാലത്തും സമൂഹത്തിന് അത്ര പരിചയമൊന്നുമായിട്ടില്ല . ഒരുമിച്ച് ഫോട്ടോ എടുക്കാൻ തുടങ്ങുന്ന സമയത്ത് കമ്പനിക്ക് ജിനോയുടെ പേരിന്റെ കൂടെ കൂടെ മിഥുവിന്റെ പേര് വെറുതെ ചേർത്തതാണ് എന്നാണ് കൂടുതൽ ആളുകളും കരുതിയത് . ക്യാമറ കയ്യിലെടുക്കുമ്പോൾ അത് തമാശയായി കരുതിയവരും കുറവല്ല . പക്ഷെ മിഥു ഇതൊന്നും ശ്രദ്ധിക്കാതെ തന്റെ ഇഷ്ടങ്ങൾ ചെയ്തുകൊണ്ടിരുന്നു . പതുക്കെ പതുക്കെ ഇത് തമാശയല്ല എന്നും മിഥുവിന്റെ ഫോട്ടോകൾ ഏറെ മികച്ചതാണെന്നും സമൂഹം അംഗീകരിച്ചു . വനിതാഫോട്ടോഗ്രാഫർ എന്നനിലയിൽ ഏറ്റവുമധികം പിന്തുണ കിട്ടുന്നത് കുടുംബങ്ങളിൽ നിന്നുതന്നെയാണ് . അവർ സ്വന്തം ഒരാളെപ്പോലെ ട്രീറ്റ് ചെയ്യാറുണ്ട് . അതുകൊണ്ടുതന്നെ ഏറ്റവും ഇന്റിമസി ഉള്ള ചിത്രങ്ങൾ കിട്ടാൻ മിഥുവിന് എളുപ്പവുമുണ്ട് .
ന്യൂബോൺ ഫോട്ടോഗ്രാഫി സാമ്പത്തികമായി മാത്രമല്ല സന്തോഷം ലഭിക്കുന്ന കാര്യത്തിലും മികച്ച പ്രൊഫഷനാണ് . സാധാരണ ജോലികൾ തുടർച്ചയായി ചെയ്യുമ്പോൾ മടുപ്പുണ്ടാക്കും , എന്നാൽ കുഞ്ഞുങ്ങൾക്കൊപ്പം ചിലവഴിക്കുന്ന ഓരോ സമയവും കൂടുതൽ ഊർജ്ജമാണ് തരുന്നതെന്ന് മിഥു . കേരളത്തിൽ മറ്റേർണിറ്റി ഫോട്ടോഗ്രഫിയും ന്യൂബോൺ ഫോട്ടോഗ്രഫിയും ഇപ്പോഴും പൂർണമായി പരിചിതമായിക്കഴിഞ്ഞിട്ടില്ല . ഇനിയും ഈ മേഖലയിൽ പുതുമ തേടിക്കൊണ്ടിരിക്കാൻ തന്നെയാണ് മിഥുവിന്റെ തീരുമാനം .

