ഉഷ്ണത്തിന്റെ ഉന്മാദം; ചൂടുകൊണ്ടു പൊള്ളുകയും വിയർത്തൊട്ടുകയും ചെയ്യുന്ന നേരത്തെ കിറുക്കൻ സ്വപ്‌നങ്ങൾ

ഉഷ്ണത്തിന്റെ ഉന്മാദം; ചൂടുകൊണ്ടു പൊള്ളുകയും വിയർത്തൊട്ടുകയും ചെയ്യുന്ന നേരത്തെ കിറുക്കൻ സ്വപ്‌നങ്ങൾ

കിടക്കവിരിയിൽ പുല്ലുതിന്നുന്നു മൂന്നാലു പുള്ളിമാനുകൾ.അവയ്ക്കരികിൽ ആകാശം നോക്കി കണ്ണുചിമ്മാതെ നിൽക്കുന്നു മറ്റു ചിലവ.

വിരി ചുളിക്കാതെ ഉറങ്ങാൻ കിടന്നു, ശല്യമാവരുത്. അലക്കി മുക്കി വെയിലിൽ മൂത്ത കഞ്ഞിവെള്ളത്തിന്റെ ഓർമ്മമണത്തിൽ മൂക്കമർത്തുന്നു, അവറ്റയ്ക്കിഷ്ടമാകുമോയെന്തോ? കാലൊതുക്കിയൊതുക്കി വയറോടമർത്തി..ഒരു മാനുടക്കിവീണാലോ പെട്ടെന്നോടിപ്പോകുന്നതിനിടെ. അനക്കമുണ്ടോയെന്നോർത്തോർത്ത് ഞാനുറങ്ങിപ്പോയി, അന്നേരം വരെ പുല്ലുതിന്നുകൊണ്ടേയിരുന്നു, തെല്ലൊന്നനങ്ങാതെ.

 

എപ്പോഴുണർന്നു, കഴുത്തിലോ ചുമലിലോ മറ്റോ നനഞ്ഞൊരു നാവു തൊട്ടപ്പൊഴോ? നിന്നേടത്തു നിന്നൊരെണ്ണം എന്റെയുടലിലേക്കമർന്നു കിടന്നപ്പൊഴോ? ആ, ആർക്കറിയാമിതൊക്കെ. ഉണർന്നു എന്നു തന്നെയാണു തോന്നുന്നത്. ഉവ്വ്, ഉണർന്നു കാണണം, കണ്ണു മുഴുവൻ മിഴിക്കും മുൻപേയറിഞ്ഞു അതിനു ചെവിയോളം നീട്ടം വെച്ചെന്ന്. കൈകുത്തിയുയരും മുൻപേ തോന്നി ഉടലുയർന്നു പൊങ്ങിയെന്ന്. പുറം തിരിഞ്ഞു നോക്കാതെയറിഞ്ഞു മേലാകെ പുള്ളികുത്തിയെന്ന്. കൂർപ്പിച്ചു നോക്കേണ്ടിവന്നില്ല, ചെവി മേലോട്ടൊരു കടലാസുകുമ്പിൾ പോലെ പോയി. എന്തായിരുന്നു, ആ, ആർക്കറിയാം.

വള്ളികൾ പടർന്ന കിടക്കവിരി, മരങ്ങൾ നിറഞ്ഞ കിടക്കവിരി, ചന്ദ്രനുദിച്ച കിടക്കവിരി, നീർച്ചാലുകളൊഴുകുന്ന കിടക്കവിരി, മാൻ കൂട്ടങ്ങളിണ ചേരുന്ന കിടക്കവിരി, വിരിഞ്ഞ കാട്ടുപൂക്കൾ മണക്കുന്ന കിടക്കവിരി.... ഞാനെവിടെപ്പോയി, ആ, ആർക്കറിയാം. ഓട്, എന്തോ ശബ്ദം കേൾക്കുന്നുണ്ട് എന്നു പറഞ്ഞതാരാണ്? ആ, ആർക്കറിയാം. ഓടി. കൂട്ടത്തിലോടി. തിരിഞ്ഞുനോക്കി, വളഞ്ഞോട്. ഓടി. കിതച്ചോട്ടെ, നിൽക്കാതെയോട്. ഓടി. എല്ലാരുമോടി. ശത്രുവായിരുന്നോ? ആ, ആർക്കറിയാം, ആയിരിക്കും. ഓടാൻ നല്ല രസമുണ്ട്. ഇനി മതി. നിന്നു. തളർന്നോ?

ചെവിയിൽ മുഖമുരുമ്മുന്നൊരുത്തൻ. ആരാണോ. പാട്ടുമൂളുന്നുണ്ട് ചെവിയിൽ, "നാഹോ തൂ ഉദാസ് തേരെപാസ്പാസ്മെരഹൂംഗസിന്ദ്ഗീഭർ".. കിടന്നോളൂ, കൂട്ടംതെറ്റിയില്ലെന്ന് വീണ്ടുമൊരുടലുരുമ്മൽ, കിരുകിരായെന്ന് ചവച്ച പുല്ലിന്റെ പച്ചമണം, നിലാവിനെ കുതിരാനിട്ടിരിക്കുന്ന വെള്ളത്തിൽ ഒരുമിച്ചൊരു മുഖം മിനുക്കൽ, വള്ളികൾക്കു മേലെയെനിക്കു കാണാനൊരു ചാട്ടം, പിന്നെയുമൊരു പാട്ടുവരി. "ദേഖ്മുച്ചേ സബ് ഹെ പതാ സുൻതാഹെതൂ മൻ കീ സദാ..

ഇരുട്ടാണ്, നിലാവിനു മീതെ പച്ചിലകൾ വീണുമറഞ്ഞുപോയി. ശബ്ദങ്ങളുണ്ട്, കൊതിപ്പിക്കുന്നവ. കാറ്റൂതും പോലെ. എന്താണോ? ആ, ആർക്കറിയാം. മലർന്നും കമിഴ്ന്നും ചുരുണ്ടും നിവർന്നുമിതേതു പുൽ മേട്ടിലാണു ഞാനുണർന്നതാവോ?

കറന്റില്ലേ? ഫാൻ കറങ്ങുന്നില്ല. എമർജൻസി ലാമ്പാണോ വാതിലിനപ്പുറെ കത്തിച്ചു വെച്ചിട്ടുള്ളത്? എണീറ്റേക്കാം, കൊതുകു കുത്തുന്നു. എല്ലാരുമുണർന്നിരിപ്പാണ്, ചൂടാണ്, കറന്റില്ല. ഉറക്കപ്പിച്ചിൽ കയ്യുയർത്തി ആ ലാമ്പിന്റെ ഇപ്പുറത്തെച്ചുമരിന്റെ നേരെ ചെറുവിരലും ചൂണ്ടുവിരലുമുയർത്തിപ്പിടിച്ച് ബാക്കിവിരലുകളൊന്ന് കൂട്ടിയമർത്ത്.. ദാ, കൂടെത്തന്നെയുണ്ട്. ചുമരിൽ ഇരുട്ടുതിന്നുന്നു എന്റെ പൊന്മാൻ..പൽ പൽ പൽ പൽ ഹർ പൽ ഹർ പൽ..........

ചിത്തിര കുസുമന്റെ 'തൃപ്പൂത്ത്' എന്ന കവിതാസമാഹാരത്തിൽ നിന്ന് .

A poem by Chithira Kusuman

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES