കൊവിഡ്-19: ഒപ്പമുള്ളവര്‍ക്ക് ശമ്പളം മുന്‍കൂറായി നല്‍കി പ്രകാശ് രാജ്
'ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്. അവര്‍ക്കു കരുതിവയ്ക്കുന്നതില്‍ പരിമിതിയുണ്ട്. ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള അല്ലെങ്കില്‍, പരിചയമുള്ള മനുഷ്യരെക്കുറിച്ച് ആലോചിക്കണം. അവര്‍ കരുതിവച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഇല്ലെങ്കില്‍ നമ്മുടെ കരുതല്‍ അവര്‍ക്കുകൂടിയാകണം.' കൊറോണ നാള്‍ക്കു നാള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ മലയാളത്തിന്റെ പ്രിയ താരം മമ്മൂട്ടി എഴുതിയ ലേഖനത്തിലെ ചില വരികളാണിത്.
ഏറെ ഹൃദയസ്പര്‍ശിയായി എഴുതിയ ഈ വരികളില്‍ ആഴത്തില്‍ ചിന്തിപ്പിക്കുന്ന ചിലതുണ്ട്. നിത്യ വേതനത്തിനായി ജോലി ചെയ്യുന്നവര്‍ ഏറെയാണ്. സ്വന്തം കാര്യം നോക്കി ജീവിക്കുന്നവര്‍ക്ക് മനസിലാക്കാന്‍ പറ്റാത്ത അല്ലെങ്കില്‍ അവര്‍ മനസിലാക്കാന്‍ ശ്രമിക്കാത്ത കുറച്ച് വിഭാഗം ആളുകളുണ്ട്. ഈ കൊറോണ കാലത്തും അവര്‍ക്ക് പട്ടിണിയില്ലാതെ ജീവിക്കണം. അതിന് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നുണ്ടെങ്കിലും നമുക്കും ചിലത് ചെയ്യാനുണ്ടെന്ന് കാണിക്കുകയാണ് തമിഴ് താരം പ്രകാശ് രാജ്.
തന്റെ കൂടെ ദിവസ വേതനത്തിന് ജോലി ചെയ്തിരുന്നവര്‍ക്ക് ശമ്പളം മുന്‍കൂട്ടി നല്‍കിയാണ് പ്രകാശ് രാജ് വാക്കല്ല പ്രവൃത്തിയാണ് മുഖ്യമെന്ന് തെളിയിച്ചത്. രാജ്യം കര്‍ഫ്യൂവിന് തുല്യമായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോഴാണ് പ്രകാശ് രാജ് തനിക്കൊപ്പം ഫാമിലും ഓഫീസിലും സിനിമ പ്രൊഡക്ഷനിലുമെല്ലാം ജോലി ചെയ്യുന്നവര്‍ക്ക് ശമ്പളം മുന്‍കൂറായി നല്‍കിയത്. കൊറോണ കാരണം നിര്‍ത്തി വെക്കേണ്ടി വന്ന തന്റെ മൂന്ന് ചിത്രങ്ങളുടെയും സെറ്റിലുണ്ടായിരുന്ന ദിവസ വേതനം വാങ്ങിക്കൊണ്ടിരുന്ന തൊഴിലാളികള്‍ക്കും അവരുടെ ശമ്പളത്തിന്റെ പകുതി താരം മുന്‍കൂറായ് നല്‍കിയിട്ടുണ്ട്. ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
പ്രകാശ് രാജിന്റെ ട്വീറ്റ്:
'ജനതാ കര്‍ഫ്യു ദിനത്തില്‍ ഞാന്‍ എന്റെ സേവിങ്‌സ് അക്കൗണ്ടിലേക്ക് നോക്കി. അക്കൗണ്ടില്‍ നിന്നും ആവശ്യത്തിനുള്ള തുക എടുത്ത് എനിക്കൊപ്പം ഫാമില്‍, ഓഫീസില്‍, സിനിമ പ്രൊഡക്ഷനില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവരുടെ ശമ്പള തുക മുന്‍കൂട്ടി നല്‍കി. മെയ് വരെയുള്ള അവരുടെ ശമ്പളമാണ് ഞാന്‍ മുന്‍കൂട്ടി നല്‍കിയത്. കൊറോണ കാരണം നിര്‍ത്തി വെക്കേണ്ടി വന്ന എന്റെ മൂന്ന് ചിത്രങ്ങളുടെയും സെറ്റിലുണ്ടായിരുന്ന ദിവസ വേതനം വാങ്ങികൊണ്ടിരുന്ന തൊഴിലാളികള്‍ക്കും അവരുടെ ശമ്പളത്തിന്റെ പകുതി ഞാന്‍ മുന്‍കൂറായി നല്‍കി.'

