ഒരു വയസ്സ് മുതല്‍ ചേർത്ത് വച്ച സമ്മാനങ്ങള്‍; ഹൃദയകുമാരിയല്ല കിം ചേസ്റ്റിന്‍
ഓരോ ജന്മദിനവും എങ്ങനെ മനോഹരവും വ്യത്യസ്തവുമാക്കാമെന്ന് ചിന്തിക്കുന്നവരാണ് നമ്മളെല്ലാം... നമുക്ക് പ്രിയപ്പെട്ടവരുടെ പിറന്നാളാണെങ്കില്‍ ആഘോഷമാക്കാനും സര്‍പ്രൈസുകള്‍ നല്കാനുമായി മുന്‍പന്തിയില്‍ നില്ക്കാന് റെഡിയുമാണ്... അല്ലേ? ഇവിടെ മകളുടെ പതിനെട്ടാം വയസില്‍ ഞെട്ടിക്കുന്ന സമ്മാനം നല്കി വേറിട്ട് നില്‍ക്കുകയാണ് ഒരു അമ്മ. സമ്മാനം എന്തെന്നറിഞ്ഞാല്‍ ഒരുപക്ഷേ കടിഞ്ഞൂല്‍ കല്യാണം എന്ന ചിത്രത്തിലെ ഹൃദയകുമാരിയെ നമുക്ക് ഓര്മ വന്നേക്കാം. ചിത്രത്തില്‍ തന്റെ ചെറുപ്പത്തില്‍ ഉപയോഗിച്ച ഓരോ വസ്തുക്കളും ഹൃദയകുമാരി പെട്ടിയില്‍ സൂക്ഷിച്ചെങ്കില്‍ മകളുടെ ഒന്നാം വയസ്സു മുതല്‍ ലഭിച്ച സമ്മാനങ്ങള്‍ ചേര്‍ത്തുവച്ച് അവളുടെ പതിനെട്ടാം ജന്മദിനത്തില് നല്‍കുകയാണ് ഈ അമ്മ ചെയ്തത്.

അമേരിക്കക്കാരിയായ കിം ചേസ്റ്റിന്‍ എന്ന അമ്മയാണ് മകള്‍ ഗ്രേസിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത സമ്മാനം നല്‍കിയത്. മകളുടെ വിശേഷദിവസങ്ങളുമായി ബന്ധപ്പെട്ട് ശേഖരിച്ച ആഭരണങ്ങളും ഫോട്ടോകളും കഥാപുസ്തകങ്ങളും അവള്‍ക്കേറെ ഇഷ്ടമായിരുന്നവരുടെ ഗ്രീറ്റിങ് കാര്‍ഡുകളും പ്രിയപ്പെട്ട ഗാനങ്ങളുടെ സിഡിയുമൊക്കെ അടങ്ങുന്നതായിരുന്നു സമ്മാനപ്പെട്ടി. പക്ഷേ മകള്‍ക്ക് സമ്മാനങ്ങള്‍ നല്കിയവരില് പലരും ഇന്നു ജീവിച്ചിരിപ്പില്ലെന്നും കിം പറയുന്നു.
'ഒന്നാം വയസ്സില്‍ മകള്‍ക്ക് പിറന്നാള്‍ പോലും ഓര്മയുണ്ടാകാത്ത കാലത്ത് എന്തു സമ്മാനിക്കുമെന്ന് അറിയില്ലായിരുന്നു. അങ്ങനെ ആലോചിച്ചപ്പോഴാണ് ഈ ആശയം തോന്നിയത്. ഇത്രയും വര്‍ഷം ഈ സമ്മാനങ്ങളുടെ കാര്യം അവളില്‍ നിന്നും മറച്ചു വച്ചു. ഇന്നലെയാണ് അവള് ആ പെട്ടി തുറന്നത്''- കിം കുറിച്ചു.

ഈ കാര്യങ്ങള്‍ ഒക്കെയും രഹസ്യമാക്കി വെക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ സഹായിച്ചെന്നും കിം വ്യക്തമാക്കി. ഇതിനിടെ നിരവധി തവണ വീടുമാറിയപ്പോഴും പെട്ടി ഭദ്രമാക്കിയിരുന്നു. ഇപ്പോഴുള്ള വീട്ടിലെ ബേസ്മെന്റില്‍ പുസ്തകങ്ങളുടെ പെട്ടികള്ക്കിടയിലാണ് ഇതു സൂക്ഷിച്ചിരുന്നത്.

പിറന്നാളിന്റെ തലേന്ന് കൂളര്‍ രൂപത്തിലുള്ള പെട്ടി കണ്ട് ഗ്രേസ് കിമ്മിനോട് എന്താണെന്ന് അന്വേഷിച്ചിരുന്നെങ്കിലും മകള്‍ക്ക് ആകാംക്ഷ നല്കി കൊണ്ട് കിം അത് പറയാതിരുന്നു. പതിനേഴു വര്‍ഷം മകളോട് പറയാതെ ആ രഹസ്യം സൂക്ഷിച്ചതല്ലേ ഒരു ദിവസം അവളും ആ ആകാംക്ഷയോടെ കഴിയട്ടെ എന്നു കരുതിയെന്നാണ് കിം പറയുന്നത്.
https://www.facebook.com/kim.chastain/posts/10219002873515741

