ലോക്ക് ഡൗണായിട്ട് വീട്ടിലിരിക്കുകയാണോ? ശരീരഭാരം കൂടാതെ നോക്കിക്കോളണേ..
കൊറോണ പടർന്നു പിടിക്കാതിരിക്കാൻ രാജ്യങ്ങളൊക്കെ ലോക്ക് ഡൌൺ ചെയ്യുകയാണ്. കേരളത്തിന്റെ എല്ലാ ജില്ലാ അതിർത്തികളും അടച്ചുകഴിഞ്ഞു. കഴിയുന്നത്ര വീട്ടിൽ തന്നെ സമയം ചിലവഴിക്കാനും അത്യാവശ്യഘട്ടങ്ങളിൽ അല്ലാതെ പുറത്തേക്ക് ഇറങ്ങാതിരിക്കാനും സർക്കാർ നിർദ്ദേശങ്ങളുണ്ട്. അതുകൊണ്ടുതന്നെ മിക്കവാറും എല്ലാവരും ഈ സമയത്ത് വീട്ടിൽ കുട്ടികളും കുടുംബവുമായി ചിലവഴിക്കുകയായിരിക്കും, അല്ലേ ?

ഈ സമയത്ത് സംഭവിക്കാവുന്ന ഒരു കുഴപ്പമുണ്ട്. അധികനേരം ഒന്നും ചെയ്യാതെ വീട്ടിലിരുന്ന് ശീലമില്ലാത്തവരാണ് നമ്മൾ മലയാളികൾ. അങ്ങനെ വീട്ടിലിരിക്കുന്ന ഒരു ഞായറാഴ്ച നല്ല ഇറച്ചിയും മീനുമൊക്കെ വാങ്ങി ആഘോഷമാക്കുകയും ചെയ്യും. ഇപ്പോൾ, അത്രയ്ക്കൊന്നും ഇല്ലെങ്കിലും എല്ലാവരും കൂടെ വീട്ടിലിരിക്കുന്ന സന്തോഷത്തിന് ഭക്ഷണത്തിന്റെ അളവ് അല്പം കൂടാൻ സാധ്യതയുണ്ട്.
പോരാത്തതിന് സമയം കളയാൻ മൊബൈൽ ഫോണും ലാപ് ടോപ്പും ടിവിയും ഒക്കെയായി ചടഞ്ഞുകൂടി ഇരിപ്പും കുറച്ചു നേരം ഉറക്കവും. പൊണ്ണത്തടി ഉണ്ടാവാൻ ഇതിൽ കൂടുതൽ എന്തെങ്കിലും വേണോ?കൊറോണ പോകുമ്പോഴേക്ക് ശരീരഭാരം കൂടുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കിക്കേ..
വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നില്ല എന്നുകരുതി അമിതഭക്ഷണം കഴിക്കരുത്. രാവിലെയോ വൈകുന്നേരമോ ചെറിയ എക്സർസൈസ് നിർബന്ധമായും ചെയ്യണം. കുട്ടികളെയും കൂട്ടി ചെയ്താൽ അവർക്കും നേരം പോക്കാകും, ഒപ്പം ഒരു ജീവിതശൈലി പരിശീലനവും.പകലുറക്കം അത്യാവശ്യത്തിനു മതി. ഒന്നുശ്രദ്ധിച്ചാൽ ഈ കൊറോണക്കാലം ഉപയോഗപ്രദമാക്കിയെടുക്കാവുന്നതേയുള്ളൂ.
ടെറസിൽ ഇത്തിരി പച്ചക്കറി കൃഷി തുടങ്ങാൻ, വീട്ടിലെ പുസ്തകങ്ങളൊക്കെ ഒന്ന് അടുക്കിക്കൂട്ടി ഒരു ലൈബ്രറി സെറ്റ് ചെയ്യാൻ, പഴയ ആൽബങ്ങളൊക്കെ പൊടിതട്ടിയെടുത്ത് ഒന്നു റീസെറ്റ് ചെയ്യാൻ.. അങ്ങനെ ആലോചിച്ചാൽ എത്ര കാര്യങ്ങളാണ് വീട്ടിലുള്ളവർക്കൊക്കെ കൂടെ ചെയ്യാവുന്നത്.
ഇതിനൊക്കെപ്പുറമെ പഴയ ഇഷ്ടങ്ങളൊക്കെ ഒന്ന് പൊടിതട്ടിയെടുക്കാൻ ഈ സമയം ഉപയോഗിക്കാമല്ലോ, ചില്ലറ ക്രാഫ്റ്റ് വർക്കൊക്കെ ആരുടെ കയ്യിലാണ് ഇല്ലാത്തത്!

