ഒടുവില്‍ അവള്‍ക്ക് നീതി ലഭിച്ചു; നിര്‍ഭയയുടെ അമ്മയുടെ വാക്കുകള്‍
'' ഇനി എനിക്ക് സമാധാനിക്കാം. ഏഴുവര്‍ഷത്തിനു ശേഷം, ക്രൂരമായി കൊല്ലപ്പെട്ട എന്റെ മകള്‍ക്ക് നീതി കിട്ടി. ഒടുവില്‍ അവരെല്ലാം തൂക്കിലേറ്റപ്പെടുകയാണ് '' കരഞ്ഞ് കരഞ്ഞ കല്ലായിപ്പോയ ഒരമ്മയാണ് ഞാന്‍. മരണം വരെ ആ വേദന എന്റെയുള്ളിലുണ്ടാകും. മകളുടെ ഘാതകരെ തൂക്കിലേറ്റിയപ്പോള്‍ അമ്മ ആശാദേവി പറഞ്ഞതിങ്ങനെയാണ്.
ഇനിയൊരിക്കലും ഇതുപോലൊരുവേദന ആര്‍ക്കും ഉണ്ടാകരുത്. ഉള്ളുരുകുന്ന വേദനയാണ് ആ അമ്മയില്‍ നമ്മള്‍ കണ്ടത്. ആശുപത്രിയില്‍ ബോധമില്ലാതെ കിടന്നപ്പോള്‍ ഒരു നേര്‍ത്ത അനക്കത്തോടെ അവളൊരു തുള്ളി വെള്ളം ചോദിച്ചു. അതു നല്‍കാന്‍ കഴിയാത്ത വേദന ഇപ്പോഴും അമ്മയുടെ ഉള്ളിലുണ്ട്.
ലോകം ആ കൊലപാതകത്തിനൊരു പേരുമിട്ടു. ''നിര്‍ഭയ'' വര്‍ഷം തോറും ഒരു മെഴുകുതിരി കത്തിച്ച് നമ്മള്‍ അനുസ്മരിച്ചു. ഇന്നവള്‍ക്ക് നീതികിട്ടിയിരിക്കുന്നു . വേദനകള്‍ക്കപ്പുറം ചെറിയൊരാശ്വാസം. ചോരയില്‍ കുളിച്ചു കിടക്കുന്ന മകളുടെ മുഖം, ആ അമ്മയ്ക്ക് കരുത്ത് നല്‍കി. അതിന്ന് നീതിയിലെത്തിച്ചു. ഏഴുവര്‍ഷത്തെ അവരുടെ കാത്തിരിപ്പ്്് കോടതികള്‍ക്കും തൂക്കു കയറിനും ഇടയിലായിലായിരുന്നു. രാപ്പകലില്ലാത്ത ഓട്ടത്തിലായിരുന്നു അമ്മ ആശാദേവിയും. അമ്മ ബദ്രിസിംങും. ഒരമ്മയ്ക്കും അതുപോലൊരു രാത്രി കടന്നുവരാതിരിക്കാന്‍ ,മകളുടെ ജീവനെടുത്ത പ്രതികളുടെ വധശിക്ഷകൊണ്ടുമാത്രമേ കഴിയൂ എന്ന് ആ അമ്മ ഉറച്ചു വിശ്വസിച്ചു.
വധശിക്ഷയ്‌ക്കെതിരെ രാജ്യത്തിനകത്തും പുറത്തും നടക്കുന്ന ചര്‍ച്ചകള്‍ക്ക് ആ അമ്മയും അച്ഛനും ചെവികൊടുത്തില്ല.
''സംഭവദിവസം ഒന്നുരണ്ടുമണിക്കൂറകള്‍ക്കകം തിരിച്ചുവരാമെന്ന് പറഞ്ഞാണ് അവള്‍ പുറത്തിറങ്ങിയത്. ഫോണില്‍ വിളിച്ചു നോക്കിയിട്ടും കിട്ടിയില്ല. ബസ്റ്റാന്റുകളില്‍ പോയി നോക്കിയിട്ടും കിട്ടിയില്ല. പിന്നീടാണ് ആശുപത്രിയില്‍ നിന്ന് വിളി വന്നത്. അവിടെയെത്തി എന്നെക്കണ്ടതും അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി '' ഓര്‍ക്കുന്തോറും അമ്മയെ വേദനിപ്പിക്കുന്ന നിമിഷങ്ങള്‍. പ്രതികളുടെ അമ്മ തന്റെ മുന്നിലിരുന്ന് കരഞ്ഞപ്പോഴും പിന്നോട്ട് പോകാതെ നീതിക്കുവേണ്ടി പോരാടുകയായിരുന്നു ആശാലത.

