സര്‍ക്കാര്‍ പറയുന്നത് അനുസരിക്കണെ; കൂട്ടം കൂടിയവരൊക്കെ ഇപ്പോള്‍ ആശുപത്രിയിലാ, ഇറ്റലിയിലെ മലയാളി നേഴ്സുമാര്‍ പറയുന്നു
ലൊമ്പാര്‍ഡി പോലെയാകരുതേ, പറഞ്ഞതനുസരിക്കാത്തവരൊക്കെ ഇന്ന് ആശുപത്രിയിലാ, വെന്റിലേറ്റര്‍ മുതല്‍ ഓക്‌സിജന്‍ സിലിണ്ടര്‍ വരെ കിട്ടാത്ത അവസ്ഥ. ഇറ്റലിയിലെ ലൊംമ്പാര്‍ഡിയയില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന കൊല്ലത്തുള്ള നേഴ്‌സ്മാരുടെ വാക്കുകളാണിവ.
240 കിടക്കയുള്ള ആശുപത്രിയില്‍ ഇപ്പോള്‍ കിടക്കുന്നത് 2400 പേര്‍. എല്ലാ ഐ.സി.യു വാര്‍ഡുകളും ശസ്ത്രക്രിയാ മുറികളും ആശുപത്രി വരാന്തകളും രോഗികളെകൊണ്ട് നിറഞ്ഞു. വെന്റിലേറ്ററും ഓക്സിജന്‍ സിലിണ്ടറുകളും കിട്ടാനില്ല. മറ്റൊരു രോഗത്തിനും ചികിത്സിക്കാനാവുന്നില്ല. അവരെ ഒന്നു നോക്കാന്‍ പോലും കഴിയുന്നില്ല. പ്രായം നോക്കി ചികിത്സിക്കേണ്ട ഗതികേടിലാണ് ഡോക്ടര്‍മാരും നഴ്സുമാരും.
സര്‍ക്കാര്‍ പറയുന്നതനുസരിചിരുന്നെങ്കില്‍ ഇങ്ങനെ വരില്ലായിരുന്നു. നിങ്ങളെങ്കിലും അനുസരിക്കണെ, കേരളത്തിലെ ജനങ്ങളോട് ഇത് മാത്രമാണവര്‍ക്ക് പറയാനുള്ളത്. കേരളംപോലെ ഇറ്റലിയിലെ ചെറിയൊരു പ്രവിശ്യയാണ് ലൊമ്പാര്‍ഡി. കൊറോണ പടര്‍ന്നുപിടിച്ചതോടെ ലൊമ്പാര്‍ഡി തകര്‍ന്നടിഞ്ഞു. ആശുപത്രികളും ആധുനിക ചികിത്സാ സംവിധാനങ്ങളുമൊക്കെയുണ്ടായിട്ടും നിത്യേന നൂറുകണക്കിന് ആളുകളാണ് മരിച്ചുവീഴുന്നത്.
ഇതുവരെ ഇറ്റലിയില്‍ അയ്യായിരത്തിലേറെ മരണങ്ങളുണ്ടായി. അതിലേറെയും ലൊമ്പാര്‍ഡിയില്‍. ''രോഗികളുടെ എണ്ണം പെരുകുന്നതിനാല്‍ 80 കഴിഞ്ഞവരെ ചികിത്സിക്കേണ്ടെന്നാണ് സര്‍ക്കാരിന്റെ രഹസ്യ നിര്‍ദ്ദേശം. 20 ശതമാനത്തിലേറെ 80 കഴിഞ്ഞവരാണ് ! പ്രായം കൂടിയ ആളില്‍ നിന്ന് പ്രായം കുറഞ്ഞ രോഗിക്ക് വെന്റിലേറ്റര്‍ എടുത്തുവയ്ക്കും. വെന്റിലേറ്റര്‍ മാറ്റി അരമണിക്കൂറിനുള്ളില്‍ അവര്‍ മരിക്കുന്ന കാഴ്ച. അത് കണ്ടുനില്‍ക്കുന്നതെങ്ങനെ? പ്രതീക്ഷയുള്ള രോഗികളിലേക്ക് വെന്റിലേറ്റര്‍ മാറ്റിവയ്ക്കാനാണ് നിര്‍ദ്ദേശം. ഞങ്ങള്‍ക്കറിയാം ചെയ്യുന്നത് മഹാപാപമാണെന്ന്. പക്ഷേ, മറ്റുമാര്‍ഗമില്ലെന്നാണവര്‍ പറയുന്നത്.

