മോസ്‌കോ മുതല്‍ മെറിലന്റ് വരെ; കൊവിഡ്-19 ജീവിതങ്ങളെ മാറ്റിമറിച്ചത് എങ്ങനെയെന്ന് കാണിക്കുന്ന 10 ചിത്രങ്ങള്‍
തിരക്കു പിടിച്ച് ഓടിക്കൊണ്ടിരുന്ന ലോകം ദിവസങ്ങള്‍ കൊണ്ടാണ് പിടിച്ചു കെട്ടിയ പോലെ നിശ്ചലമായത്. ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് മാത്രം കാണാന്‍ കഴിയുന്ന കൊറോണ വൈറസാണ് ലോകത്തെ പിടിച്ചു നിര്‍ത്തിയത്.
ലോകം നിശ്ചലമാകുന്നതോടെ ജീവിതങ്ങളും മാറിമറിഞ്ഞിരിക്കുകയാണ്. ഒട്ടും പരിചിതമല്ലാത്ത ലോക്ക് ഡൗണ്‍ എന്ന അവസ്ഥയിലൂടെ കടന്ന് പോകുമ്പോള്‍ ശീലങ്ങളെല്ലാം മനുഷ്യര്‍ മാറ്റിയ കാഴ്ചയാണ് ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും കാണുന്നത്. അത്തരം കാഴ്ചകളുടെ ഏതാനും ചിത്രങ്ങള്‍ കാണാം.
ചിത്രം 1: സോച, കൊളംബിയ
പുനരുപയോഗിക്കാന്‍ കഴിയുന്നതും മണ്ണില്‍ നശിക്കുന്നതുമായ, ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ കൊണ്ട് സ്വയം നിര്‍മ്മിച്ച മാസ്‌ക് ധരിച്ച വിദ്യാര്‍ത്ഥി. ജൂലിയോ സീസര്‍ ടര്‍ബേ സ്‌കൂളില്‍ നിന്നുള്ള ദൃശ്യമാണ് ഇത്. ഇവിടെ മാസ്‌ക് ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ ലഭ്യമല്ലാത്തത് കൊണ്ട് വിദ്യാര്‍ത്ഥികള്‍ സ്വയം മാസ്‌ക് നിര്‍മ്മിക്കുന്നു.

ചിത്രം 2: ചാങ്ചുന്‍, ചൈന
ഫേസ് മാസ്‌ക് ധരിച്ച നിലയില്‍ തന്റെ ഉടമയോടൊപ്പം മഞ്ഞില്‍ നടക്കാനിറങ്ങിയ വളര്‍ത്തുനായയുടെ ചിത്രം കാഴ്ചക്കാരില്‍ കൗതുകമുണ്ടാക്കി.

ചിത്രം 3: ടൂറിന്‍, ഇറ്റലി
പാത്രങ്ങള്‍ കൊട്ടി വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് പാട്ടു പാടുന്ന കുടുംബം. 'എല്ലാം ശരിയാകും' എന്നാണ് മുന്നിലുള്ള ബാനറില്‍ എഴുതിയിരിക്കുന്നത്. ഇറ്റലിയുടെ ഐക്യം ഉറപ്പിക്കാനായി ആഹ്വാനം ചെയ്ത പരിപാടിയുടെ ഭാഗമായായിരുന്നു ഇത്. ടൂറിനിലെ സാന്‍ സാല്‍വാരിയോയില്‍ നിന്നുള്ള ദൃശ്യം.

ചിത്രം 4: സാന്‍ ജുവാന്‍, ഫിലിപ്പൈന്‍സ്
കൊവിഡ്-19 നെ പ്രതിരോധിക്കാനായി ജിമ്മിലെ ഉപകരണങ്ങള്‍ അണുവിമുക്തമാക്കുന്ന ജീവനക്കാരന്റെ ചിത്രമാണ് ഇത്.

ചിത്രം 5: നട്‌സ്‌ഫോര്‍ഡ്, ഇംഗ്ലണ്ട്
ചില്ല് വാതിലിനപ്പുറമുള്ള മുത്തശ്ശിയോട് സംസാരിക്കുന്ന ബെന്നും ഐസകും. മുത്തശ്ശിയും മുത്തശ്ശനും തങ്ങളുടെ വീട്ടില്‍ സ്വയം ഐസൊലേറ്റ് ചെയ്ത് ഇരിക്കുന്നത് കൊണ്ടാണ് ചില്ലിനപ്പുറത്ത് നിന്ന് പേരക്കുട്ടികളോട് സംസാരിക്കുന്നത്.

ചിത്രം 6: ഡ്രെസ്ഡന്‍, ജര്‍മ്മനി
സംഗീതജ്ഞരായ കരോലിന്‍, സോള്‍ടന്‍ ദമ്പതിമാര്‍ തങ്ങളുടെ ബാല്‍ക്കണിയില്‍ നിന്ന് വയലിനും ഹോണും ഉപയോഗിച്ച് ബീഥോവന്റെ 'ഓഡ് ടു ജോയ്' എന്ന ഗാനം ആലപിക്കുന്നു.

ചിത്രം 7: മെയ്ഷന്‍, ചൈന
ഇരട്ടക്കുട്ടികളായ പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ടെലിവിഷന്‍ മുഖേനെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നു.

ചിത്രം 8: മെറിലന്റ്, അമേരിക്ക
സെയിന്റ് എഡ്വേര്‍ഡ് പള്ളിയുടെ പാര്‍ക്കിങ് ഏരിയയില്‍ വച്ച് കുമ്പസാരം നടത്തുന്ന ഫാദര്‍ സ്‌കോട്ട് ഹോമെര്‍. കാറില്‍ ഉള്ള വിശ്വാസികളില്‍ നിന്ന് ആറ് അടി ദൂരെയാണ് അദ്ദേഹം ഇരിക്കുന്നത്. കുമ്പസരിക്കുന്ന വിശ്വാസികള്‍ കാറില്‍ ഇരിക്കും.

ചിത്രം 9: മോസ്‌കോ, റഷ്യ
ഭക്ഷണം വിതരണം ചെയ്യുന്ന ജീവനക്കാരന്റെ ശരീര താപനില ഡിജിറ്റല്‍ ഫോര്‍ഹെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കുന്നു. മക്‌ഡൊണാള്‍ഡ്‌സ് റെസ്റ്ററന്റില്‍ നിന്നാണ് ഈ ദൃശ്യം.

ചിത്രം 10: വുഹാന്‍, ചൈന
കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രം എന്ന് വിശേഷിപ്പിക്കാവുന്ന വുഹാനില്‍ നിന്നാണ് ഈ ദൃശ്യം. സിസേറിയനിലൂടെ പുറത്തെടുത്ത ശേഷം നവജാത ശിശുവിനെ നോക്കുന്ന ജീവനക്കാരുടെ ചിത്രം വുഹാന്‍ യൂണിയന്‍ ആശുപത്രിയില്‍ നിന്നാണ്.

ചിത്രങ്ങള്‍ക്ക് കടപ്പാട്: ഗെറ്റി ഇമേജസ്

