മറ്റുളളവര്‍ക്കുവേണ്ടി ഞാന്‍ എന്തിന് ജീവിതം അവസാനിപ്പിക്കണം എന്റെ ജീവിതം എനിക്ക് ജീവിക്കാനുളളതാണ്; ആത്മവിശ്വാസത്തോടെ ജാസ്മിന്‍

Ladiesfest
മറ്റുളളവര്‍ക്കുവേണ്ടി ഞാന്‍ എന്തിന് ജീവിതം അവസാനിപ്പിക്കണം എന്റെ ജീവിതം എനിക്ക് ജീവിക്കാനുളളതാണ്; ആത്മവിശ്വാസത്തോടെ ജാസ്മിന്‍

കോഴിക്കോടു കടന്നിട്ടില്ലാത്ത നാട്ടിന്‍ പുറത്തുകാരി. പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നിട്ടും പ്ലസ്ടു പൂര്‍ത്തിയാക്കാകതെ അവസാനിപ്പിച്ചു. രണ്ടു വിവാഹം, അബോഷന്‍ തുടങ്ങി എല്ലാം മൂന്നുവര്‍ഷത്തിനുളളിലൂടെ കടന്നുപ്പോയി. തിരിഞ്ഞു നോക്കുമ്പോള്‍ അന്നത്തെ ആ പാവം പെണ്‍കുട്ടിയെ ഓര്‍ത്ത് സഹതാപം മാത്രമേ ഉളളൂ ഇതെന്റെ പുതുജന്‍മം ആത്മവിശ്വാസത്തോടെ ജാസ്മിന്‍ പറയുന്നു. ഒരു ദിവസം സ്‌കൂള്‍ വിട്ടു വരുമ്പോള്‍ ഉമ്മറത്തു പരിചയമില്ലാത്ത രണ്ടുപേര്‍  അകത്തു ചെന്നപ്പോള്‍ ഉമ്മ പറഞ്ഞു എന്നെ പെണ്ണുകാണാന്‍ വന്നതാണെന്ന്. പ്ലസ്ടു മുഴുവനാക്കാതെ വിവാഹം. ആദ്യരാത്രിയോടെ പയ്യനുഓട്ടിസമാണെന്ന് തിരിച്ചറിഞ്ഞു. 

 ബാപ്പ രാവിലെ വന്ന് വീട്ടിലേക്കു കൂട്ടി. എങ്ങനെയെങ്കിലും ഒത്തുപോണമെന്ന മട്ടിലായിരുന്നു വീട്ടുകാര്‍. ഒരു കൊല്ലം കഴിഞ്ഞ് ധൈര്യം സംഭരിച്ച് ഞാന്‍ പറഞ്ഞു വിവാഹമോചനം വേണമെന്ന്. പിന്നെ 'മൊഴിച്ചൊല്ലിയവള്‍' എന്നു പേരായി. ഒഴിവാക്കിയവള്‍ എന്നു കേട്ടുമടുത്തു. അടുത്ത കല്യാണത്തിനായി വീട്ടുകാര്‍ക്ക് തിടുക്കം കൂട്ടി. വന്നയാളോട് എല്ലാം തുറന്നു പറഞ്ഞു, ആദ്യരാത്രി കയറിവന്ന അയാള്‍ എന്റെ കരണത്തടിച്ചു. രണ്ടാം ചരക്കല്ലേ എന്നു പറഞ്ഞു കയ്യും കാലും കെട്ടിയിട്ടു ബലാല്‍സംഗം ചെയ്തു. ദിവസവും ഇതു തന്നെ. അടികൊണ്ട് കയ്യെല്ലാം കല്ലിച്ചു. അതു മറയ്ക്കാന്‍ നീളന്‍കുപ്പായമിട്ടു. പേടിച്ചിട്ട് ആരോടും ഒന്നും പറഞ്ഞില്ല.  
    
 അയാള്‍ മയക്കുമരുന്ന് ഉപയോഗിക്കുമെന്നു പിന്നീടറിഞ്ഞു. അതിനിടയില്‍ ഗര്‍ഭിണിയായപ്പോള്‍ സന്തോഷം തോന്നി. ജീവിക്കാന്‍ ഒരു പ്രതീക്ഷയുണ്ടല്ലോ എന്നൊരു ആശ്വാസമായി പക്ഷേ, വിവരം പറഞ്ഞയുടന്‍ അയാള്‍ എന്റെ വയറ്റില്‍ ആഞ്ഞുതൊഴിച്ചു. കരഞ്ഞുകൊണ്ടു വീണുപോയി. എല്ലൊക്കെ നുറുങ്ങും പോലെ. ബ്ലീഡിങ്ങും. ഒരുതരത്തില്‍ വീട്ടില്‍ അറിയിച്ചു. ഉമ്മ വന്ന് ആശുപത്രിയില്‍ കൊണ്ടുപോയപ്പോള്‍ ഗര്‍ഭപാത്രത്തിലേക്കുള്ള ട്യൂബ് മുറിഞ്ഞുപോയെന്നും ഉടന്‍ സര്‍ജറി നടത്തിയില്ലെങ്കില്‍ മരിച്ചുപോകുമെന്നും പറഞ്ഞു. അയാള്‍ സര്‍ജറിക്കും സമ്മതിച്ചില്ല. പിന്നെ വീട്ടുകാര്‍ നിര്‍ബന്ധിച്ചു. അതു കഴിഞ്ഞപ്പോള്‍ എന്നെ വേണ്ട എന്നായി. സര്‍ട്ടിഫിക്കറ്റൊക്കെ എടുക്കാന്‍ ഞങ്ങള്‍ അയാള്‍ടെ വീട്ടില്‍ ചെന്നപ്പോള്‍ മുറിയില്‍ കയറിയ ഉടന്‍ പിന്നെയും ആഞ്ഞുതൊഴിച്ചു. സ്റ്റിച്ചെല്ലാം പൊട്ടി മെഡിക്കല്‍ കോളജില്‍ മരണത്തെ മുന്നില്‍ കണ്ടു കിടന്ന നാളുകള്‍ മറക്കാനാവില്ല.

 എന്റെ കുഞ്ഞിനെ നഷ്ടമായി. മരിക്കണമെന്ന ഒറ്റ സ്വപ്നമേ അന്നുണ്ടായിരുന്നുള്ളൂ. പിന്നീട് ആലോചിച്ചു ഒന്നും ചെയ്യാത്ത ഞാന്‍ എന്തിനു മരിക്കണം. എന്തിന് എന്റെ ജീവിതവും സമയവും ഊര്‍ജവും അയാളോടു പോരാടി കളയണം. നന്നായി ജീവിച്ചു കാണിക്കുകയല്ലേ വേണ്ടത്. അങ്ങനെ ഒത്തു തീര്‍പ്പിലൂടെ ഡിവോഴ്‌സ് വാങ്ങി. ജീവിച്ചു കാണിക്കണമെന്ന വാശിയായി. കയ്യിലുളള വിദ്യാഭ്യാസത്തിന്റെയും കൊച്ചിയിലുള്ള സുഹൃത്തിന്റെയും സഹായത്തില്‍ അവിടെ ഫിറ്റ്‌നസ് സെന്ററിലെ റിസപ്ഷനിസ്റ്റ് ജോലിക്ക് അപേക്ഷിച്ചു. ഇന്റര്‍വ്യുവില്‍ എന്റെ എല്ലാ കാര്യവും തുറന്നു പറഞ്ഞു. എന്റെ അവസ്ഥ മനസിലാക്കിയാകണം അവര്‍ ആ ജോലി എനിക്കു തന്നു. ജീവിച്ചു കാണിക്കണമെന്ന വാശിയായിരുന്നു.  പിന്നീട് ഫിറ്റ്‌നസ് പരിശീലനം ആരംഭിച്ചു.  അതോടെ ട്രെയിനര്‍ ആകണമെന്നായി. ബെംഗളൂരുവില്‍ പാര്‍ട് ടൈം ജോലി ചെയ്ത് ഫിറ്റ്‌നസ് ട്രെയിനിങ് സര്‍ട്ടിഫിക്കേഷന്‍ കോഴ്‌സ് ചെയ്തു. ട്രെയിനറായി. ലൈഫില്‍ പതിയെ പിടിച്ചു കയറി.  അന്നു മുതല്‍ ഞാന്‍ പുതിയ ആളാണ്. ജാസ്മിനെ മറന്ന പുതിയ ജാസ്.  ഈ രംഗത്തെ ഓരോരോ പടവുകളായി മുന്നേറണമെന്നാണു സ്വപ്നം. സ്ത്രീശരീരത്തിനും പരിമിതികളില്ലെന്നു തെളിയിക്കണം. ഇപ്പോഴും ഞാന്‍ കഷ്ടപ്പെട്ടാണു ജീവിക്കുന്നത്. പക്ഷേ, അതിലൊരു സന്തോഷമുണ്ട്. സ്വന്തമായി മേല്‍വിലാസമുണ്ട്. തളരാതെ മുന്നോട്ട് നടക്കാനുളള ആത്മവിശ്വാസമുണ്ട്.

life story of jasmine

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES