ഉറങ്ങാൻ നേരം കിട്ടാറുണ്ടോ? വീടുനോക്കലിന്റെ ഭാരം ഷെയർ ചെയ്യാൻ ഓർമിപ്പിക്കുന്ന പരസ്യവുമായി ഏരിയൽ

ചിത്തിര കുസുമൻ
ഉറങ്ങാൻ നേരം കിട്ടാറുണ്ടോ? വീടുനോക്കലിന്റെ ഭാരം ഷെയർ ചെയ്യാൻ ഓർമിപ്പിക്കുന്ന പരസ്യവുമായി ഏരിയൽ

വീട്ടുജോലിയും  ഓഫീസ് ജോലിയും കൃത്യമായി നോക്കിക്കൊണ്ട് പോകുന്നവരാണ് ഇന്നത്തെ സ്ത്രീകൾ. മക്കളുടെ സ്‌കൂൾ, ഭക്ഷണം എന്നിങ്ങനെ എണ്ണിയാൽ തീരാത്ത കടമകൾ വേറെയും. നേരം വെളുക്കുമ്പോൾ മുതൽ രാത്രി വരെയുള്ള സമയം തികയാതെ വരുന്നു എന്ന പരാതി സ്ഥിരമായി കേൾക്കുന്നതാണ് സ്ത്രീകൾക്കിടയിൽ. "രണ്ടു കൈ കൂടെ ഉണ്ടായിരുന്നെങ്കിൽ വേഗം പണിതീർത്ത് ഇത്തിരി നേരം ഉറങ്ങാമായിരുന്നു" എന്നത് പലപ്പോഴും കേൾക്കാറുള്ള സങ്കടം പറച്ചിലുമാണ്. 

ജോലിസ്ഥലത്തു നിന്ന് വീട്ടിലേക്കും അവിടെ നിന്ന് തിരികെയുമുള്ള ഓട്ടം, അതിനിടയിൽ തീർക്കേണ്ടുന്ന നൂറായിരം ചെറുതും വലുതുമായ കാര്യങ്ങൾ. മക്കളെ പഠിപ്പിക്കൽ, ഭക്ഷണം കൊടുക്കൽ, വീട് വൃത്തിയാക്കൽ, വസ്ത്രം കഴുകൽ ... അതിനിടെയാണ് വീട്ടിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങൽ, പ്ലംബിങ് , ഇലക്ട്രിക് പണികൾ ഓർത്തുവെക്കൽ, ആളെ വിളിക്കൽ... കറന്റ്,വെള്ളം,കേബിൾ,കുട്ടികളുടെ സ്‌കൂൾ ബസ് ഇതിന്റെയൊക്കെ പണം അടക്കേണ്ട തീയതി ഓർത്തുവെക്കൽ..... കേൾക്കുമ്പോൾ തന്നെ ടെൻഷൻ വരുന്നുണ്ട് അല്ലെ ? അപ്പോൾ സ്ഥിരമായി ഇതൊക്കെ ചെയ്യുന്നവരുടെ കാര്യമോ?

ഇത്രയൊക്കെ ചെയ്തുതീർക്കുന്ന ഈ പെണ്ണുങ്ങൾ എപ്പോഴാകും ഉറങ്ങുന്നുണ്ടാവുക! ആ ചോദ്യമായിരിക്കണം ഏരിയൽ എന്ന വാഷിങ് പൗഡർ ബ്രാൻഡിന്റെ പുതിയ പരസ്യത്തിന് പിറകിൽ. വീട്ടുപണികളുടെ തുല്യമല്ലാത്ത വിഭജനം സ്ത്രീകളെ ഉണർത്തിയിരുത്തുന്നു, തുല്യമായ ഉറക്കത്തിനു വേണ്ടി ഭാരം പങ്കുവെക്കൂ  (Unequal division of household chores is keeping women awake. #ShareTheLoad - for equal sleep ) എന്നാണ് പരസ്യത്തിന്റെ തലവാചകം തന്നെ.

അച്ഛനും അമ്മയും മകളും കഴിയുന്ന വീട്ടിൽ അച്ഛൻ സ്വസ്ഥമായി ഉറങ്ങുന്നതും അമ്മ ഉറക്കമില്ലാത്ത ഒരാളായി തീരുന്നതും കുട്ടിയുടെ കണ്ണിലൂടെ കാണുന്നത് കുറച്ച് ഇരുത്തി ചിന്തിപ്പിക്കും. പുരുഷനും സ്ത്രീയും എന്ന ഭേദമില്ലാതെ വീട്ടുത്തരവാദിത്വങ്ങൾ പങ്കുവെച്ചിരുന്നെങ്കിൽ നന്നായി ഒന്നുറങ്ങാമായിരുന്നു എന്ന് തോന്നുന്നില്ലേ ? ഈ പരസ്യവും  അതുതന്നെയാണ് പറഞ്ഞുവെക്കുന്നത്. സാമൂഹ്യഉത്തരവാദിത്വം കൂടെ നിറവേറ്റുന്ന ഒരു പരസ്യമെന്ന നിലയിൽ ഇത് അല്പം വ്യത്യസ്തമാണ്. നിങ്ങളും ഇതൊന്നു  കണ്ടുനോക്കൂ, എന്നിട്ട് അൽപനേരം സുഖമായുറങ്ങൂ..

 ഉത്തരവാദിത്വങ്ങൾ പങ്കുവെക്കപ്പെടേണ്ടതാണ്.

 

advertisement of ariel washing powder announcing the importance of sharing of household chores

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES