കര്‍ഫ്യൂ ദിനത്തില്‍ പുലിവാല് പിടിച്ച് നടന്‍ മോഹന്‍ലാല്‍ ; കടുത്ത വിമർശനവുമായി പ്രമുഖരും

കര്‍ഫ്യൂ ദിനത്തില്‍ പുലിവാല് പിടിച്ച് നടന്‍ മോഹന്‍ലാല്‍ ; കടുത്ത വിമർശനവുമായി പ്രമുഖരും

കോവിഡ് 19 രൂക്ഷമാകുന്ന സാഹചര്യത്തില്‍ രാജ്യം  ഞായറാഴ്ച ജനത കര്‍ഫ്യൂ ആചരിച്ചു. കടകള്‍ തുറക്കാതെയും  ഗതാഗതം  നിര്‍ത്തിവച്ചും നിരത്തില്‍ ഇറങ്ങാതെയും മൊത്തം ജനങ്ങളും കര്‍ഫ്യൂവിന്  അണിചേര്‍ന്നു. സിനിമ രാഷ്ട്രീയ സാഹിത്യ  മേഖലകളിലെ പ്രമുഖര്‍ കര്‍ഫ്യൂവിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു രംഗത്തെത്തിയിരുന്നു . എന്നാല്‍ കര്‍ഫ്യൂവിനെ സംബന്ധിച്ച്  മനോരമ ചാനലില്‍  സംസാരിച്ച മോഹന്‍ലാലിന്റെ വാക്കുകള്‍ ഇന്നലെ  സോഷ്യല്‍ മീഡിയയില്‍ വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു . കര്‍ഫ്യൂ ദിനത്തില്‍  വൈകുന്നേരം  അഞ്ചു മണിക്ക് ആരോഗ്യപ്രവര്‍ത്തകരെ  അഭിനന്ദിക്കാന്‍ കൈകളോ പത്രങ്ങളോ അടിച്ചു ശബ്ദം ഉണ്ടാക്കാന്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിനെ കുറിച്ച്  മോഹന്‍ലാല്‍  നടത്തിയ പ്രസ്താവനയാണ്  വിവാദങ്ങള്‍ക്ക് ഇടയാക്കിയത് കൈ മുട്ടുമ്പോള്‍ ഉള്ള എനെര്‍ജിയില്‍ ബാക്റ്റീരിയകളും വൈറസുകളും  നശിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു  മോഹന്‍ ലാലിന്റെ പ്രസ്താവന. 

മോഹന്‍ലാല്‍ പറഞ്ഞത് പൂര്‍ണരൂപത്തിൽ:

ഞാന്‍ ഇപ്പോള്‍ ഉളളത് മദ്രാസിലാണ്. ചെന്നൈയില്‍ എന്റെ വീട്ടിലാണ്. ഒരാഴ്ച മുമ്പെ ഞാന്‍ ഇവിടെ വന്നിട്ട് പിന്നെ തിരിച്ച് പോകാന്‍ സാധിക്കാതെ വന്നു. എന്റെ അമ്മ എറണാകുളത്താണ്. നമ്മള്‍ വളരെയധികം കെയര്‍ എടുത്തിട്ടാണ് ഇരിക്കുന്നത്. എറണാകുളത്തെ വീട്ടിലേക്ക് ഗസ്റ്റുകളെ ഒന്നും പ്രവേശിപ്പിക്കുന്നില്ല. ആരും വരരുതെന്ന് അറിയിച്ചിട്ടുണ്ട്. കാരണം എന്റെ അമ്മയ്ക്ക് വയ്യാതെ ഇരിക്കുന്നതിനാല്‍ എക്സ്ട്രാ കെയര്‍ എടുക്കുകയാണ്. മദ്രാസിലെ വീട്ടിലായാലും നമ്മള്‍ പുറത്ത് പോകാതിരിക്കുകയാണ്. ആവശ്യത്തിന് മാത്രം സാധനങ്ങള്‍ വാങ്ങിക്കാന്‍ നമ്മുടെ വീട്ടില്‍ നില്‍ക്കുന്ന ആള്‍ക്കാരെ വിടും. നമ്മള്‍ അധിക കരുതല്‍ എടുക്കുക തന്നെ വേണം. കാരണം ഇത് ആദ്യമായി സംഭവിക്കുന്ന കാര്യമാണ്. നമുക്ക് ശീലമില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇത് ശീലമാക്കണം. മഹാവിപത്തിനെ നേരിടാന്‍ നമ്മള്‍ ഒറ്റക്കെട്ടായി രാജ്യം നില്‍ക്കുമ്പോള്‍ അതിന്റെ കൂടെ സഹകരിക്കുക എന്നുളളത് ഒരു പൗരന്‍ എന്ന നിലയില്‍ രാജ്യത്തെ സ്നേഹിക്കുന്നയാള്‍ എന്ന നിലയില്‍ ലോകത്തെ സ്നേഹിക്കുന്നയാള്‍ എന്ന നിലയില്‍ നമ്മുടെ ധര്‍മ്മമാണ്. 
ഒരുപാട് പേര്‍ ഇത് സീരിയസായി കാണുന്നില്ല എന്ന് പറയുന്നതില്‍ സങ്കടമുണ്ട്. തനിക്ക് വരില്ല എന്നുളള രീതിയിലാണ്, അല്ലെങ്കില്‍ എന്തെങ്കിലും ചെറിയ പനിയോ കാര്യങ്ങളോ ഉണ്ടെങ്കില്‍ അത് റിപ്പോര്‍ട്ട് ചെയ്യണം. നമുക്ക് മാത്രമല്ല, ഒരുപാട് പേര്‍ക്ക് നാം പകര്‍ന്ന് കൊടുക്കാന്‍ സാധ്യതയുളള ഒരു മഹാവിപത്താണ് ഇവിടെ ഉണ്ടായിരിക്കുന്നത്. അതിനെ ഒറ്റക്കെട്ടായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഒക്കെ പറഞ്ഞത് അനുസരിച്ചും അല്ലെങ്കിലും നമ്മളുടെ സ്വന്തം മനസില്‍ നിന്ന് ധാരണയുണ്ടായി എല്ലാവരും പ്രവര്‍ത്തിക്കണമെന്നാണ് അപേക്ഷിക്കുന്നത്. തീര്‍ച്ചയായും ഇന്ന് ഒമ്പത് മണി വരെ വീട്ടില്‍ നില്‍ക്കുകയും അഞ്ച് മണിക്ക് നമ്മള്‍ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുന്ന വലിയ പ്രോസസാണ്. ആ ശബ്ദം എന്ന് പറയുന്നത് വലിയ മന്ത്രം പോലെയാണ്. ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ച് പോട്ടെ. എല്ലാവരും സഹകരിക്കണമെന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു.

വ്യക്തി ശുചിത്വം ഈ ഒരു ദിവസം മാത്രം അല്ലല്ലോ വേണ്ടത്. വ്യക്തി ശുചിത്വം കോളെജുകളിലും സ്‌കൂളുകളിലും എല്ലാം പഠിപ്പിക്കുന്നതാണ്. മറ്റ് കാലങ്ങളില്‍ എല്ലാം നമ്മള്‍ കയ്യും കാലുമൊക്കെ കഴുകിയിട്ടാണ് ഞാന്‍ വരെ വീട്ടിലേക്ക് കയറിക്കൊണ്ടിരുന്നത്. ഇന്ന് അതൊക്കെ മാറി മാറി പോകുകയാണ്. കാര്യമായിട്ട് നമ്മള്‍ ഇതിനെ ഏറ്റെടുക്കണമെന്നാണ് പറയാനുളളത്.

ഒരു ദിവസത്തേക്കാണ് നമ്മള്‍ എല്ലാവരും വീട്ടിലിരിക്കാന്‍ ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. പ്രളയത്തെയും നിപ്പയെക്കാളുമൊക്കെ വലിയ സാഹചര്യമാണ് ഇപ്പോഴുളളത്. അതിനെ തീര്‍ച്ചയായും നമ്മള്‍ അതിജീവിക്കും. നമ്മുടെ കാലാവസ്ഥ, ഇത് നേരിടാനുളള ധൈര്യം, സര്‍ക്കാരിന്റെ നിലപാടുകള്‍, ആരോഗ്യപ്രവര്‍ത്തകരുടെ അദ്ധ്വാനം ഇതെല്ലാം കൊണ്ട് നമ്മള്‍ ഇതിനെ അതിജീവിക്കുമെന്നാണ് കരുതുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഒരു മഹാമാരിയെ തുരത്താൻ ലോകമൊട്ടാകെ ഒറ്റകെട്ടായി നില്‍ക്കുമ്പോള്‍  വ്യാജവാര്‍ത്ത പ്രചരിപ്പിക്കുകയാണ് മോഹന്‍ ലാല്‍  എന്നതാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം. പാത്രം കൊണ്ട് ശബ്ദമുണ്ടാക്കിയും കൈ മുട്ടിയും എങ്ങനെയാണ് വൈറസിനെ തുരത്തുന്നതെന്നും ശാസ്ത്രീയമായ തെളിവില്ലാത്ത വിവരങ്ങള്‍  പ്രചരിപ്പിക്കുന്നത് ലാലിനെപ്പോലുള്ള സെലിബ്രിറ്റിക്ക് ചേര്‍ന്നതല്ലെന്നും വിമര്‍ശനമുയരുന്നുണ്ട്. വിഷയത്തില്‍ പല പ്രമുഖരും  ലാലിനെ അനുകൂലിച്ചും  പ്രതികൂലിച്ചും  സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്. 

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്: 

'ദശരഥം' എന്ന ചലച്ചിത്രം കാണുകയായിരുന്നു. 2 ലക്ഷം രൂപയുടെയും സ്വന്തം ബീജത്തിന്റെയും ഹുങ്കിൽ ഒരു സ്ത്രീയോട് എത്രമാത്രം ക്രൂരനാകാമോ അത്രത്തോളം ക്രൂരനാകുന്ന ഒരു പുരുഷനെ മോഹൻലാൽ എത്ര ഭംഗിയായിട്ടാണ് അഭിനയിച്ച്, ആണത്തത്തോടുള്ള വെറുപ്പിന്റെ മൂർധന്യത്തിൽ പ്രേക്ഷകരെ എത്തിക്കുന്നത്! എത്ര മികച്ച നടനാണ് നിങ്ങൾ പ്രിയപ്പെട്ട മോഹൻലാൽ!. ആ ചിത്രത്തിലെ നിങ്ങളുടെ കഥാപാത്രത്തിന്റെ ദുഷ്ടതയുടെ മികച്ച പ്രകടനം കൊണ്ട്, കൂടുതൽ കൂടുതൽ സ്ത്രീയോടടുത്തു നിൽക്കാനും സ്ത്രീപ്രശ്നങ്ങളെ മുൻപത്തേക്കാൾ വർധിച്ച അനുതാപത്തോടെ കാണാനും ഞങ്ങൾക്കു കഴിയുന്നു. നിസ്സാരമായ കാര്യമല്ല അത് ശ്രീ.മോഹൻലാൽ. അസാധ്യ ചേരുവകളുള്ള നടനാണ് നിങ്ങൾ.

സിനിമയുടെ പരസ്യത്തിനിടയിൽ നിങ്ങൾ കൊറോണയെക്കുറിച്ച് മനോരമയോട് സംസാരിക്കുന്നതും കണ്ടു.

കൈ കൊട്ടൽ മന്ത്രശക്തിയുള്ളതാണെന്നും വൈറസ് ഇല്ലാതാക്കാനുള്ള ശക്തി അതിനുണ്ടെന്നും നിങ്ങൾ പരസ്യപ്പെടുത്തിയപ്പോൾ ഒരു വിരൽ ദൂരമിപ്പുറത്ത് ദശരഥം കൊണ്ട് നിങ്ങൾ എന്നെ കീഴ്പ്പെടുത്തുകയാണ്.

സൗന്ദര്യപരമായി കലയെ പ്രതിനിധാനം ചെയ്യുന്ന ആളെന്ന നിലയിൽ നിങ്ങൾക്ക് വലിയ സ്വാധീനശക്തിയുണ്ട് സമൂഹത്തിൽ എന്ന സത്യം മറന്ന് ഒരു വാക്കും നിങ്ങളിൽ നിന്നുണ്ടാകരുതെന്ന് ഞാനാഗ്രഹിക്കുന്നത്, അത്രമേൽ ചാലകശക്തിയാകാൻ ശേഷിയുള്ള നിങ്ങളുടെ ആ ജനസ്വാധീനത്തെ ഭയന്നിട്ടാണ്.

ബെന്യാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്: 

അതികാലത്തെ എഴുനേറ്റ് ടിവി കാണുന്ന പതിവൊന്നും ഇല്ല. എന്നാൽ ചില പ്രത്യക ദിനങ്ങളിൽ ഉണ്ട് താനും. ഇന്ന് കാലത്ത് ടിവി കണ്ടു. ഇന്നലെ മനോരമ ചാനലിൽ നിന്ന് വിളിച്ച് ജനത കർഫ്യു സംബന്ധിച്ച് ഒരു സന്ദേശം നൽകണം എന്ന് ആവശ്യപ്പെട്ടിരുന്നു. മറ്റുള്ളവർ പറയുന്നത് എന്തൊക്കെ എന്നറിയാനാണ് ടിവി കണ്ടത്. എത്ര ലളിതവും മനോഹരവുമായ ഭാഷയിലാണ് ഇന്ദ്രൻസ് അത്‌ പറഞ്ഞത്. അത്‌ കഴിഞ്ഞ് വിളി പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് അവർ മോഹൻ ലാലിനെ കണക്ട് ചെയ്യുന്നത്. എന്തുകൊണ്ടും ഈ ആശയം ജനങ്ങളിൽ എത്തിക്കാൻ എന്നേക്കാൾ ആയിരം മടങ്ങ് യോഗ്യനാണ് അദ്ദേഹം. കൂടുതൽ പ്രശസ്തരും ജനപ്രിയരും പറയുമ്പോഴാണ് ജനം കൂടുതൽ ശ്രദ്ധിക്കുക. ( സമയ ദൗർലഭ്യം കാരണം പിന്നെ എന്നെ വിളിച്ചതുമില്ല ) 
പക്ഷേ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് അക്ഷരാർത്ഥത്തിൽ തരിച്ചിരുന്നുപോയി. പാത്രങ്ങൾ കൊട്ടുന്ന ശബ്ദത്തിൽ വൈറസ് ഇല്ലാതെ ആവുമെന്ന് !! 
നമ്മുടെ നാട്ടിലെ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ കയ്യടിക്കുകയോ പാത്രങ്ങൾ കൊട്ടുകയോ മണി അടിക്കുകയോ ചെയ്യാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടത് മോഹൻ ലാൽ പോലും മനസിലാക്കിയത് ഈ വിധത്തിൽ ആണെങ്കിൽ നമ്മുടെ കാര്യം കഷ്ടം തന്നെ. 
ഇന്നത്തെ കർഫ്യുവോടെ വൈറസ്‌ മുഴുവൻ നശിച്ചു പോകും എന്ന് ധരിച്ചിരിക്കുന്ന ബഹുഭുരിപക്ഷം ഉണ്ടെന്ന് ഞാൻ മനസിലാക്കുന്നു. എങ്കിൽ നാം അപകടത്തിലേക്കാണ് നീങ്ങുന്നത് നിശ്ചയം. ശാസ്ത്രജ്ഞരും ആരോഗ്യ പ്രവർത്തകരും പറയുന്നത് ഇത്തിരി കൂടെ ശ്രദ്ധയോടെ കേൾക്കാൻ നാം തയ്യാറാവണം. വട്സപ്പ് യൂണിവേഴ്‌സിറ്റികളിൽ വിശ്വസിക്കാതെ ഇരിക്കുക. ആണു വ്യാപനം ഒരു ദിവസം കൊണ്ട് പിടിച്ചു നിർത്തുവാൻ ആവില്ല. പാത്രം കൊട്ടുന്നത് അതിനുമല്ല. അടുത്ത രണ്ടാഴ്ച സുപ്രധാനം ആണ്. വീട്ടിലിരിപ്പും സാമൂഹിക അകലവും പാലിക്കുക, സ്വയം രക്ഷിക്കുക, നാടിനെ രക്ഷിക്കുക.

സുധീർ എൻ.ഇയുടെ ഫേസ്ബുക്ക് പോസ്റ്റ്:

ഏറെ ജനസ്വാധീനമുള്ള ഒരാൾ അന്ധവിശ്വാസം പ്രചരിപ്പിക്കുമ്പോൾ , അതും മാനവരാശി ഇത്രയും ഭയാനകമായ ഒരു ദുരന്ത മുഖത്ത് നിൽക്കുമ്പോൾ ഭരണകൂടം എന്തു ചെയ്യണം? അയാൾ ഇനിയും ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കില്ലെന്ന് ഉറപ്പാക്കണം. മോഹൻലാലിനെ ഇന്നുതന്നെ കരുതൽ തടങ്കലിലെടുക്കണം. അല്ലെങ്കിൽ അതേ ചാനലിലൂടെ തെറ്റുതിരുത്തി അദ്ദേഹം മാപ്പു പറയണം. ഇത് കേരളമാണ്, കേരളമാണ് എന്ന് വെറുതെ വീമ്പിളക്കിയാൽ പോര. ഈ കൊറോണ ദുരിത കാലത്ത് അശാസ്ത്രീയമായ ഒരു പ്രചാരവും സംഭവിച്ചു കൂട. തെറ്റായ ഒരു വിവരവും സാധാരണ ജനങ്ങളിലേക്ക് എത്തിക്കൂട. അതാര് തന്നെ ചെയ്താലും നിയമപരമായി ഇടപെടണം. മോഹൻലാൽ പറഞ്ഞതിനെ ഗവൺമെൻ്റ് തിരുത്തണം. മനോരമ തിരുത്തണം . മോഹൻലാലിനെക്കൊണ്ട് തിരുത്തിക്കണം.
കൂടാതെ വീട്ടില്‍ ജോലിക്ക് നില്‍ക്കുന്നവരെ പുറത്ത് വിട്ടാണ് സാധങ്ങള്‍ വാങ്ങിക്കുന്നതെന്ന പരാമര്‍ശത്തെ ലാല്‍ ജോലിക്കാരുടെ ആരോഗ്യത്തിന് പ്രാധാന്യം നല്‍കാത്ത  അഹങ്കാര സ്വാഭാവമുള്ള  ആളാണ് എന്ന തരത്തില്‍ ആളുകള്‍ വിമര്‍ശിക്കുന്നുണ്ട്. 

മോഹൻലാൽ വിശദീകരിക്കുന്നു

ഒടുവില്‍ ഇതിനു വിശദീകരണം എന്ന രീതിയില്‍  തന്റെ  ഫേസ്ബുക്കിലൂടെ  മറുപടി പറഞ്ഞിരിക്കുകയാണ് താരം. വിശ്രമമില്ലാതെ സ്വന്തം ആരോഗ്യത്തെ പോലും തൃണവല്‍ഗണിച്ച് നമുക്ക് വേണ്ടി  പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവകര്‍ക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നമ്മളോട്  ആവശ്യപ്പെട്ടത് . നന്ദി ഒരു വലിയ ഔഷധമാണ്, നന്ദിയുള്ളവരായിരിക്കുക എന്നത് വലിയ പുണ്യവും. കൈയ്യടിച്ച് നമ്മള്‍ എല്ലാവരും ചേര്‍ന്ന് ആ പ്രവര്‍ത്തി ചെയ്യുമ്പോള്‍, അതൊരു പ്രാര്‍ത്ഥന പോലെ ആയിത്തീരുന്നു. നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സര്‍വ്വ അണുക്കളും ആ പ്രാര്‍ത്ഥനയുടെ ശക്തിയില്‍ നശിച്ചു തുടങ്ങട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം... ഈ നിമിഷം പ്രത്യാശ അല്ലാതെ എന്തുണ്ട് നമുക്ക് ബാക്കിയായി എന്നാണ് പോസ്റ്റിലൂടെ മോഹന്‍ലാല്‍ പറയുന്നത്. 

മോഹന്‍ലാലിന്റെ  ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരു നിമിഷവും വിശ്രമമില്ലാതെ നമുക്കായി സ്വന്തം ആരോഗ്യത്തെ പോലും തൃണവല്‍ഗണിച്ച് പ്രവര്‍ത്തിക്കുന്ന ആരോഗ്യ സേവകര്‍ക്ക് നന്ദി പറയാനാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നമ്മളോട്  ആവശ്യപ്പെട്ടത് . നന്ദി ഒരു വലിയ ഔഷധമാണ്, നന്ദിയുള്ളവരായിരിക്കുക എന്നത് വലിയ പുണ്യവും. കൈയ്യടിച്ച് നമ്മള്‍ എല്ലാവരും ചേര്‍ന്ന് ആ പ്രവര്‍ത്തി ചെയ്യുമ്പോള്‍, അതൊരു പ്രാര്‍ത്ഥന പോലെ ആയിത്തീരുന്നു. നമ്മെ എല്ലാവരെയും ഒരുപോലെ ബാധിച്ചിരിക്കുന്ന സര്‍വ്വ അണുക്കളും ആ പ്രാര്‍ത്ഥനയുടെ ശക്തിയില്‍ നശിച്ചു തുടങ്ങട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം... ഈ നിമിഷം പ്രത്യാശ അല്ലാതെ എന്തുണ്ട് നമുക്ക് ബാക്കിയായി.... ജീവന് ഭീഷണിയായ കൊറോണ വൈറസിനെ ഫലപ്രദമായി നേരിടാനുള്ള മരുന്ന് എത്രയും വേഗം കണ്ടുപിടിക്കാന്‍ ശാസ്ത്രത്തിനു സാധിക്കട്ടെ.  പൂര്‍ണ്ണ മനസ്സോടെ നമ്മുടെ വീടും പരിസരവും ശുചിയാക്കി വെക്കാന്‍ ഉള്ള മുഖ്യമന്ത്രിയുടെ ആഹ്വാനവും,  നമ്മെ കാക്കുന്ന ആരോഗ്യ സേവകരോട് നന്ദി പറയാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനവും നമുക്ക് രണ്ട് കൈയ്യും നീട്ടി സ്വീകരിക്കാം. ഒരുമിച്ച് ഒരുമയോടെ നാം മുന്നോട്ട്.

നടന്‍ എന്ന രീതിയില്‍ മലയാളികള്‍ മോഹന്‍ലാലിന് മികച്ച പിന്തുണയാണ്  ലഭിക്കുന്നതെങ്കിലും  സാമൂഹിക വിഷയങ്ങളില്‍ അടുത്തിടെ ലാലിന്റെ എല്ലാ പ്രതികാരണങ്ങളും വിവാദമാവാറുണ്ട്. പല പോസ്റ്റുകളിലൂടെയും മോഹന്‍ലാല്‍  ബിജെപി അനുഭാവി ആണെന്നാണ്  ട്രോളന്മാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്.   അതുകൊണ്ട്  തന്നെ സാമൂഹ്യ വിഷയങ്ങളെ  കൃത്യമായി പഠിക്കാതെയുള്ള താരത്തിന്റെ അഭിപ്രായം പറയല്‍ നിര്‍ത്തണം എന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.

Read more topics: # Mohanlal,# Facebook,# Janata Curfew
Mohanlal in trouble on janata curfew day.

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES