ഉറക്കം ഒരു പ്രശ്നമാണോ...? കോവിഡ് ലോകത്തെ ഉറക്കത്തിലാഴ്ത്തുമ്പോള്
'സമയെത്രായീന്നാ എണീറ്റു വാടീ' പുലരുമ്പോഴേക്കും അമ്മയുടെ വിളി. എന്താന്നറിയില്ല, ഉറക്കം അത് വല്ലാത്തൊരു പ്രശ്നാന്നേ, ചിലനേരത്ത് മതിമറന്നുള്ള ഉറക്കം, തിരിഞ്ഞും മറിഞ്ഞും, വെറുതേ ഓരോന്ന് ചിന്തിച്ചുകൂട്ടി സമയം കളയുന്ന രാത്രികള്‍.ഫോണീന്നുള്ള വെളിച്ചം മാത്രം മുറിയില്‍ പരക്കുമ്പോള്‍ വീണ്ടും അമ്മയുടെ വഴക്ക്. 'കെടന്നുറങ്ങെടീ'.. എണീറ്റ് സ്കൂളില്‍ പോയാലും അവസ്ഥ അതുതന്നെ. ഉച്ചവരെ പിടിച്ചിരുന്നാലും ഉച്ചയൂണിനു ശേഷം ക്ഷീണം തന്നെ. ഡെസ്കില്‍ തലവെച്ച് വീണ്ടും ഉറക്കം.'പോയി മുഖം കഴുകി വാ'.. പിന്നെ ടീച്ചറുടെ വകയായി.
എല്ലാം കൊണ്ടും ഉറക്കം പ്രശ്നമാണ്. ഇന്ന് ലോക ഉറക്കദിനം. അനായാസം ഉറങ്ങാനുള്ള കഴിവ്, ഒരുപാട് നേരം ഉറങ്ങാനുള്ള കഴിവ്, രാവിലെ ഉറക്കച്ചടവില്ലാതെ ഉത്സാഹത്തോടെ ഉണരുവാനുള്ള കഴിവ് ഇവ മൂന്നും ആരോഗ്യകരമായ ഉറക്കത്തിന് ആവശ്യമാണ്. ഓരോരുത്തരുടെ ഉറക്കത്തിനും അവരവരുടേതായിട്ടുള്ള ഒരു താളമുണ്ട്. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഉറക്കമില്ലായ്മയുടെ ദുരിതപൂര്‍ണ്ണമായ അനുഭവം ഇല്ലാത്തവര്‍ വിരളമായിരിക്കും. ഇപ്പോള്‍ രാവിലെ പത്രമെടുത്താല്‍ ഒരു റോഡപകടമെങ്കിലും കാണാതെ പത്രം മടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. പലപ്പോഴും ഉറക്കമായിരിക്കും അതിന് കാരണം. തീര്‍ച്ചയായും നമ്മള് ഉറക്കത്തെക്കുറിച്ചും ഉറക്ക രോഗങ്ങളെക്കുറിച്ചും ബോധവാന്മാരായിരിക്കണം.
ലോക ഉറക്കദിനം ഇന്ന് വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.കൊറോണവൈറസ് ലോകത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ഈയൊരു സാഹചര്യം ജനങ്ങളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. പ്രവാസികളെ കാണുമ്പോള്‍ പുച്ഛത്തോടെ മുഖം തിരിക്കുകയാണ് മലയാളികള്‍. സ്വന്തം ബന്ധുക്കളെപ്പോലും വീട്ടിലേക്കടുപ്പിക്കാന് പറ്റാത്ത ദുരവസ്ഥ. ചൈനയെന്നും ഇറ്റലിയെന്നും കേള്‍ക്കുമ്പോള്‍ പിന്തിരിഞ്ഞോടുകയാണ് പലരും. പഴയരീതിയിലേക്ക് നമുക്ക് വീണ്ടും തിരിച്ചുവരേണ്ടതായുണ്ട്.

