നേരം വെളുത്താലുടനെ എയർകണ്ടീഷണർ വാങ്ങണമെന്നോർത്ത് രാത്രി കഴിച്ചുകൂട്ടുന്ന ജനം; കാലാവസ്ഥാവ്യതിയാനത്തിൽ വിയർത്തൊലിച്ച് കേരളം

നേരം വെളുത്താലുടനെ എയർകണ്ടീഷണർ വാങ്ങണമെന്നോർത്ത് രാത്രി കഴിച്ചുകൂട്ടുന്ന ജനം; കാലാവസ്ഥാവ്യതിയാനത്തിൽ വിയർത്തൊലിച്ച് കേരളം

സ്‌കൂളിൽ പഠിച്ച സമശീതോഷ്ണം പറഞ്ഞുകേട്ട ഒരോർമ്മ മാത്രമായിച്ചുരുങ്ങിയിട്ടുണ്ട് കേരളത്തിൽ. ദൈവത്തിന്റെ സ്വന്തം നാടെന്ന് പേരുകേട്ടിരുന്നത് അതിന്റെ ഏറ്റവും സൗഹൃദപരമായ കാലാവസ്ഥ കൊണ്ടായിരുന്നെങ്കിൽ ഇവിടെയിപ്പോൾ ചൂട് ചൂടെന്ന് മാത്രമാണ് കേൾക്കാനുള്ളത്. ജില്ലകൾ ഏതെടുത്താലും രാത്രി ഉറക്കം കളയുന്ന ചൂടാണ്. തീരെച്ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ഓരോ രാത്രിയും ഉണർന്നും ഉറക്കം ഞെട്ടിയും തീർക്കുന്നു. 

പകലുകളുടെ കഥയും വ്യത്യാസമില്ല. വീടുകളും ഓഫീസുകളും മുതൽ എ/സി  ഇല്ലാത്ത ഒരു കെട്ടിടത്തിനകത്തും സ്വസ്ഥമായി അൽപനേരം ചിലവഴിക്കാനാവുന്നില്ല. കോഴിക്കോട് ജില്ലയിൽ രണ്ടു ദിവസങ്ങളിൽ ഉഷ്‌ണതരംഗം അനുഭവപ്പെടുന്നു. പാലക്കാട് പുറത്തിറങ്ങാൻ കഴിയാത്ത പൊള്ളുന്ന ചൂടാണ്. കാസർഗോഡും തിരുവനന്തപുരത്തും സ്ഥിതി വ്യത്യസ്തമല്ല. വ്യാവസായികതലസ്ഥാനമായ കൊച്ചി മാളുകൾക്കും എ/സി കെട്ടിടങ്ങൾക്കും വാഹനപ്പെരുപ്പത്തിനും ഇടയിൽ ചുട്ടുപൊള്ളുകയാണ്.കാലാവസ്ഥാവ്യതിയാനം എന്നത് ഇനി വരാനിരിക്കുന്ന ഒന്നല്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഇത്തവണ ചൂട് ഇങ്ങനെ കൂടിയിരിക്കുന്നത്. 
 
കേരളത്തിന്റെ പ്രത്യേകകാലാവസ്ഥയിൽ അന്തരീക്ഷത്തിൽ നിൽക്കുന്ന ഈർപ്പം സ്ഥിതി വഷളാക്കുകയാണ് ചെയ്യുന്നത്. ഈ കാലാവസ്ഥയിൽ ആർദ്രത അഥവാ ഹ്യുമിഡിറ്റി അസുഖകാരണം ആവുകയും ചെയ്യുന്നുണ്ട്. കുട്ടികൾക്ക് വൈറൽ പനി പോലുള്ള  അസുഖങ്ങൾ സ്ഥിരമായി വരുന്നു. അമിതമായ ചൂടു കൊണ്ട് തലമുടി കൊഴിയുകയും ചർമരോഗങ്ങൾ വർദ്ധിക്കുകയും ചെയ്യും. ക്ഷീണം, തളര്‍ച്ച, ദാഹം, പേശികള്‍ക്ക് സങ്കോചം, തലവേദന, രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം, മൂത്രസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ കൂടും. വെള്ളം നന്നായി കുടിച്ചില്ലെങ്കിൽ ഉണ്ടാകുന്ന നൂറുവിധത്തിലുള്ള അസുഖങ്ങൾ വേറെയും. സ്ത്രീകളാണെങ്കിൽ വെള്ളം കുടി കുറക്കുകയും മൂത്രമൊഴിക്കാൻ മടിക്കുകയും ചെയ്യുന്നതുകൊണ്ട് മൂത്രാശയരോഗങ്ങൾ എളുപ്പം പിടിപെടും.

ഈ പോക്ക്  പോയാൽ എന്തുചെയ്യുമെന്നുതന്നെയാണ് എല്ലാവരും മേലേക്ക് നോക്കി പറഞ്ഞുകൊണ്ടിരിക്കുന്നത്. എ/സി ഫിറ്റ് ചെയ്താൽ പരിഹരിക്കാവുന്ന  ഒന്നല്ല ഏതായാലും ആഗോളതാപനം . മാത്രമല്ല അത് ചൂട് ഇനിയും കൂട്ടാൻ മാത്രമേ  സഹായിക്കൂ.എങ്കിലും വേറെയെന്താണ് ഇപ്പോൾ പരിഹാരമെന്നാണ് സാധാരണജനം ചോദിക്കുന്നത്.  


 

The climate change is getting worse day by day in Kerala

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES