ഇത്ര ചേർന്നു നിൽക്കാതെ, പ്രണയം കൊണ്ടു ഞാൻ പിടഞ്ഞു പോകുന്നു എന്ന് ഒരു കവിത സഞ്ചരിച്ച വഴി

ചിത്തിര കുസുമൻ
ഇത്ര  ചേർന്നു നിൽക്കാതെ, പ്രണയം കൊണ്ടു ഞാൻ  പിടഞ്ഞു പോകുന്നു എന്ന് ഒരു കവിത സഞ്ചരിച്ച വഴി

ഇത്രയും ചേർന്നു നിൽക്കാതെ,
നിന്നെ പ്രണയം മണത്തിട്ടു വയ്യ !
ഇത്രയുണർവ്വോടെയെന്നിലേക്കായാതെ
ഇത്രയടുത്തു നിൽക്കാതെ..
ഇങ്ങനെ ചൂഴ്ന്നുനോക്കാതെ, കൺചൂണ്ടയിൽ
ഹൃദയം പിടഞ്ഞിട്ടു വയ്യ..
ഇത്രയുന്മാദം കലർത്താതെ, ശ്വാസത്തി-
നിത്രയാവേഗമേകാതെ..
ഇത്രയും ഭാവം പകരാതെ, നിൻ മുഖ-
മിത്ര വിടർത്തി വയ്ക്കാതെ..
ഇങ്ങനെ പൂത്തുലയാതെ, പുതുമണ-
മിത്രയും താങ്ങുവാൻ വയ്യ..
ഇത്രയുറക്കെ ചിരിക്കാതെ, തേൻകണ-
മത്രയും ചോർന്നിട്ടു വയ്യ..
ഇത്ര ശ്രുതിചേർത്തു മൂളാതെ, പാട്ടുകൾ
അത്ര മധുർത്തിട്ടു വയ്യ..
ഇത്രയും വായ്പ്പോടെ,യിത്രയിനിപ്പോടെ -
യിങ്ങനെ നോക്കി നിൽക്കാതെ..
ഇത്ര പ്രണയിച്ചിടാതെ,
പ്രാണനത്രയ്ക്കുരുകീട്ടു വയ്യ !

 പ്രാണനുരുകാതെ ആർക്കാണ് ഇത് വായിച്ചു തീർക്കാനാവുക! ഒരിക്കലെങ്കിലും പ്രണയം അനുഭവിച്ചിട്ടുള്ള ആരുടെ കണ്ണിലാണ് ഈ വരികൾക്ക് ശേഷം ഒരിറ്റു നനവൂറാതിരിക്കുക?  ഇനി,ഇതേ വരികൾ കാവാലം ശ്രീകുമാറിന്റെ ആർദ്രമായ ശബ്ദത്തിൽ കേട്ടാലോ? വായിച്ചാൽ മധുരം, കേട്ടാൽ അതിമധുരം.. രണ്ടു ദിവസമേ ആയുള്ളൂ കാവാലം ശ്രീകുമാർ ഈ വരികളെ തന്റെ ശബ്ദത്തിലൂടെ അനശ്വരമാക്കിയിട്ട്. അദ്ദേഹം സ്വന്തം യു ട്യൂബ് ചാനലിൽ മാർച്ച് 19 ന് അപ് ലോഡ് ചെയ്ത വീഡിയോ കണ്ടത്/കേട്ടത് രണ്ടു ദിവസം കൊണ്ട് മൂവായിരത്തിലധികം ആളുകൾ.  

കോഴിക്കോട് ചേളന്നൂർ എസ്.എൻ.ജി കോളേജിലെ ഇംഗ്ലീഷ് അധ്യാപിക സംഗീത ജയയുടേതാണ് അടുത്തടുത്തു നിൽക്കുമ്പോൾ എന്ന ഈ കവിത. 2014 ൽ ഹൊറൈസൺ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഫേസ് ബുക്ക് പെൺപ്രണയങ്ങൾ എന്ന സമാഹാരത്തിലാണ് സംഗീതയുടെ  ഈ കവിത അച്ചടിച്ചു വന്നത്. എന്നിട്ട് 2020 ൽ  , ഇത്രയും വർഷങ്ങൾക്കു ശേഷം ഇതെങ്ങനെ കാവാലം വരെയെത്തി!? സംഗീതയോടു തന്നെ ചോദിക്കാം.

"വല്ലപ്പോഴുമൊക്കെ ഫ്രെണ്ട്സ് ഈ കവിതയെടുത്ത് സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാറുണ്ട്" അഞ്ചെട്ടു വർഷങ്ങൾക്ക് മുന്നേ എഴുതിയതാണ് ആ കവിത എന്നൊരു ചിരിയോടെ സംഗീത തന്റെ കവിത സഞ്ചരിച്ച വഴി പറയുന്നു.  കഴിഞ്ഞ ആഴ്ച അങ്ങനെ സംഗീതയുടെ സുഹൃത്ത് ദാമോദർ രാധാകൃഷ്ണനും ഈ  കവിതയെ സ്വന്തം ഫേസ് ബുക്ക് ചുമരിൽ പതിപ്പിച്ചു. ഇഷ്ടം തോന്നിയതുകൊണ്ട് ഈ കവിത ഷെയർ ചെയ്യുമ്പോൾ മയിൽപ്പീലിയെ ആകാശം കാണിക്കും പോലെ വിരിയിച്ചെടുക്കുകയാണ് താനെന്ന് ദാമോദർ കരുതിയിരിക്കില്ല.

ദാമോദർ രാധാകൃഷ്ണന്റെ ഫേസ് ബുക്ക് വാളിലാണ് അദ്ദേഹത്തിന്റെ സുഹൃത്തും സംഗീതകാരനുമായ സജിത്ത് പള്ളിപ്പുറം ഈ കവിത കാണുന്നത്. അത് കണ്ടിഷ്ടപ്പെട്ടപ്പോൾ ഒന്ന് പാടിനോക്കിയാൽ എന്തെന്ന് അദ്ദേഹത്തിനു തോന്നി. അത് പാടി ഫേസ് ബുക്കിൽ തന്നെ പോസ്റ്റും ചെയ്തു. അവിടം കൊണ്ട് പക്ഷേ പ്രണയത്തിന്റെ ഒഴുക്ക് തീർന്നില്ല. കേട്ടവരുടെയെല്ലാം ഹൃദയത്തിലേക്ക് സ്നേഹത്തിന്റെ വേലിയേറ്റം പോലെ ആ കവിത മാറി. അവിടെ നിന്നാണ് കാവാലം ശ്രീകുമാറും 'നിന്നെ പ്രണയം മണത്തിട്ടു വയ്യ' എന്നു  കേൾക്കുന്നത്. അതിഷ്ടപ്പെട്ടു എന്ന് അതിനു കീഴെ കമന്റും ചെയ്തു.

അതേ ദിവസം തന്നെ, നിയോഗം പോലെ ദാമോദർ രാധാകൃഷ്ണൻ കാവാലം ശ്രീകുമാറിനെ ഫോണിൽ വിളിച്ചു. അന്നൊരു വലിയ സന്തോഷമുള്ള ദിവസമായിരുന്നു എന്ന് ദാമോദർ രാധാകൃഷ്ണൻ ആ സമയത്തെ ഓർത്തെടുക്കുന്നു. അവർ തമ്മിൽ ഈ കവിതയെക്കുറിച്ച് , സജിത്ത് പള്ളിപ്പുറം അത് പാടിയതിനെക്കുറിച്ച് യദൃശ്ചയാ സംസാരിച്ചു. സംഗീതയുടെ കുറച്ചു കവിതകൾ കൂടി അയച്ചുതരൂ എന്ന് കാവാലം ദാമോദറിനോട് ആവശ്യപ്പെട്ടു. പക്ഷേ മറ്റു കവിതകൾ വായിച്ചതിനു ശേഷവും, അത്രയും ചേർന്നുനിന്ന കവിത തന്നെയാണ് തന്റെ ശബ്ദം പകരാൻ കാവാലം തിരഞ്ഞെടുത്തത്. സജിത്ത് പാടിയതിൽ നിന്ന് വ്യത്യസ്തമായ ഒരീണത്തിൽ അദ്ദേഹം അത് പാടിവെച്ചു, പ്രണയം നൊമ്പരവും ആനന്ദവും ആയ എല്ലാവര്ക്കും വേണ്ടി.

"അവരത് എന്നോട് പറഞ്ഞില്ല. യു ട്യൂബ് റിലീസ് ചെയ്യുന്ന കാര്യം സർപ്രൈസ് ആയി അയച്ചു തരികയായിരുന്നു" സൗഹൃദത്തിന്റെ സ്വാതന്ത്ര്യങ്ങളെക്കുറിച്ച് ഏറെ സന്തോഷത്തോടെ സംഗീത പറയുന്നു. "മനസ്സ് കൃതജ്ഞതാനിർഭരമാകുന്നു, കണ്ണുകൾ സജലങ്ങളാകുന്നു", കാവാലം പാടിയ തന്റെ കവിത ഷെയർ ചെയ്തുകൊണ്ട് സംഗീത എഴുതിയിട്ടു.

കേട്ടുനോക്കൂ, കണ്ണുകൾ സജലങ്ങളാകാതിരിക്കില്ല , മനസ്സ് പ്രണയനിർഭരവും.

A love poem written in 2014 by Sangeetha Jaya is sung by Kavalam Sreekumar in 2020

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES