ഉറക്കം നഷ്ടപ്പെടുന്നുണ്ടോ? ഇതാ ഉറങ്ങാൻ ഒരു ദിവസം, ഉറക്കത്തെ അറിയാനും...

ഉറക്കം നഷ്ടപ്പെടുന്നുണ്ടോ? ഇതാ ഉറങ്ങാൻ ഒരു ദിവസം, ഉറക്കത്തെ അറിയാനും...

രോന്നിനും അതിന്റെതായ സമയമുണ്ട് എന്ന് പറയുംപോലെയാണ് ഇപ്പോൾ  ദിവസങ്ങളുടെ കാര്യവും. അമ്മക്കൊരു ദിവസം, അച്ഛനൊരു ദിവസം, പ്രണയത്തിനൊരു ദിവസം, കൂട്ടുകൂടാൻ ഒരു ദിവസം.. ഇതാ ഇപ്പോൾ ഉറക്കത്തിനും ഒരു ദിവസം. 

കേൾക്കുമ്പോൾ കൗതുകം തോന്നാമെങ്കിലും സംഗതി സത്യമാണ്. മാർച്ച് 13 ആണ് അന്തർദേശീയതലത്തിൽ ഉറക്കദിനമായി ആചരിക്കപ്പെടുന്നത്. world sleep society എന്ന കൂട്ടായ്മയാണ് ഇങ്ങനെ ഒരു ദിവസം ഉണ്ടാക്കിയെടുത്തത്. ആരോഗ്യകരമായ ജീവിതത്തിൽ ഉറക്കത്തിന്റെ പ്രാധാന്യം ഓർമിപ്പിക്കാനാണ് ഇങ്ങനെ ഒരു ദിവസം.

 പല ലോകരാജ്യങ്ങളിലും ഈ ദിവസം ഉറക്കത്തിന്റെ പ്രാധാന്യം മനസിലാക്കാനുള്ള പലവിധ പരിപാടികൾ  സംഘടിപ്പിക്കപ്പെടുന്നുണ്ട്.  പഠനങ്ങൾ ഉൾപ്പെടുന്ന ലഘുലേഖകൾ വിതരണം ചെയ്യുക, ഡോക്ടർമാരുടെ പ്രഭാഷണങ്ങൾ സംഘടിപ്പിക്കുക, സ്‌കൂളുകളിലും മറ്റും ബോധവത്കരണ ക്‌ളാസുകൾ സംഘടിപ്പിക്കുക, പത്രസമ്മേളനങ്ങൾ നടത്തുക എന്നിങ്ങനെ വിവിധ പരിപാടികളിലൂടെ കൃത്യമായ ഉറക്കം ജീവിതത്തിൽ എത്ര അത്യാവശ്യമാണ് എന്ന് സമൂഹത്തോട് പറയുകയാണ് ഈ ദിവസം ചെയ്യുന്നത്. 

ലോകം മുഴുവൻ നടക്കുന്ന ഉറക്കദിനപരിപാടികൾ വേൾഡ് സ്ലീപ് സൊസൈറ്റിയുടെ വെബ്സൈറ്റിലാണ് കോർഡിനേറ്റ് ചെയ്യപ്പെടുന്നത്. റേഡിയോ, ടിവി  ഷോകൾ, പ്രമോഷണൽ വീഡിയോകൾ ഒക്കെ ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇനി, എന്താണ് ഉറക്കത്തിനു വേണ്ടി ഒരു ദിവസം വേണം എന്ന് വിദഗ്ധർക്ക് തോന്നിപ്പിക്കാനുള്ള കാര്യം എന്നുനോക്കാം. 

ഓരോ തലമുറയും കടന്നുപോരും തോറും ഉറക്കത്തിന്റെ സമയം കുറഞ്ഞുവരികയാണ്. പ്രായപൂർത്തിയായ മനുഷ്യൻ ഏറ്റവും കുറഞ്ഞത് 7 മണിക്കൂർ ഉറങ്ങണം എന്നത് സ്‌കൂളിൽ പഠിച്ചത് ഓർമയുണ്ടല്ലോ? പക്ഷേ നിലവിൽ ആളുകൾക്ക് അത്രയും ഉറങ്ങാൻ സാധിക്കുന്നില്ല . ഇതിന് ഏറ്റവും പ്രധാനകാരണം മാറിവരുന്ന ജീവിതശൈലിയാണ്. ഷിഫ്റ്റിൽ ജോലി ചെയ്യേണ്ടിവരുന്നത്, കൂടി വരുന്ന ടെൻഷൻ, കാലാവസ്ഥാ വ്യതിയാനങ്ങൾ, സാമൂഹ്യമാധ്യമങ്ങളുടെ ഉപയോഗം എന്നിങ്ങനെ ചൂണ്ടിക്കാണിക്കാവുന്ന നിരവധികാരണങ്ങളുണ്ട് മനുഷ്യന്റെ ഉറക്കക്കുറവിന്. 

 മനഃശാസ്ത്രവിദഗ്ദരെ കാണാനെത്തുന്ന ഭൂരിപക്ഷം ആളുകളുടെയും പ്രധാനപ്രശ്നമാണ് ഉറക്കമില്ലായ്മ. ഉറക്കമരുന്നുകളുടെ ഉപയോഗം കൂടിക്കൂടി വരുന്നു. ഉറക്കമില്ലായ്മയുടെ ഏറ്റവും വലിയ കാരണം സമ്മർദ്ദമാണ്. സ്വസ്ഥമായും സുഖമായും ഉറങ്ങാൻ കഴിയുന്ന കാലത്തുനിന്ന് നമ്മൾ ഏറെദൂരം പോന്നുകഴിഞ്ഞു.

രാത്രികൾ കൂടുതൽ ലൈവാക്കുക എന്നതാണ് പുതിയ തലമുറയുടെ രീതി. തോന്നുന്ന നേരത്ത് തോന്നുന്ന പോലെ ഉറങ്ങിത്തീർത്തിട്ട് ആവുന്നത്ര നേരം ഉണർന്നിരിക്കുക. അവരുടെ ഭാഷയിൽ പറഞ്ഞാൽ "ചിൽ ചെയ്യുക". ചെറുപ്പമായിരിക്കുമ്പോൾ  കൊള്ളാം എന്നു തോന്നുമെങ്കിലും പ്രായം കൂടുംതോറും ഈ ഉറക്കമില്ലായ്മ ഹൃദയാഘാതം, കിഡ്നിക്ക് ഉണ്ടാകാവുന്ന അസുഖങ്ങൾ, ഉയർന്ന ബ്ലഡ് പ്രഷർ, പക്ഷാഘാതം എന്നിവക്കൊക്കെ കാരണമായേക്കാം.  ഈ പശ്ചാത്തലത്തിലാണ് അന്തർദേശീയ ഉറക്കദിനം പ്രാധാന്യമർഹിക്കുന്നത്. 

ഇനി നന്നായി ഉറങ്ങിയാലുള്ള ഗുണങ്ങൾ നോക്കാം:  

തലച്ചോറിന്റെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കും. ദേഷ്യം കുറയും.  പൊണ്ണത്തടി പോലുള്ള ശാരീരികപ്രശ്നങ്ങൾ ഒഴിവാക്കാം. ഓർമശക്തിയുണ്ടാകും . ശരീരത്തിലെ ഓക്സിജൻ സപ്ലൈ കൃത്യമായി നടക്കും . പ്രതിരോധശേഷി വർധിക്കും. മാനസികസമ്മർദ്ദം ഒഴിവാകുന്നതോടെ സന്തോഷമുണ്ടാകും. 

"Better Sleep, Better Life, Better Planet"  ഇതാണ് 2020 ലെ ലോക ഉറക്കദിനത്തിന്റെ തീം. വായനക്കാർക്ക് നല്ല ഉറക്കവും നല്ല ആരോഗ്യവും ആശംസിക്കുന്നു.   

March 13 is celebrated as world sleep day

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES