വന്നോളൂ... പക്ഷേ താമസിക്കരുത്; ഇത് ഞങ്ങളുടെ ലോകം

വന്നോളൂ... പക്ഷേ താമസിക്കരുത്; ഇത് ഞങ്ങളുടെ ലോകം

പെണ്ണുങ്ങള്‍ മാത്രമുള്ള ലോകം... എപ്പോഴെങ്കിലും അങ്ങനെ ഒരു ലോകത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ? ഒരു പക്ഷേ,  കെനിയയിലെ ഉമോജ ഉവാസോ ഗ്രാമത്തിലെ സ്ത്രീകള്‍ നേരത്തെ തന്നെ ഇങ്ങനെയൊരു ഗ്രാമത്തെ പറ്റി ചിന്തിച്ചിരിക്കണം...പുരുഷനാണ് സര്‍വ്വം എന്ന് ചിന്തിക്കുന്ന പൊതുബോധത്തിന്  പ്രഹരമേല്‍പ്പിക്കുകയാണ്  ആഫ്രിക്കയിലെ ഈ ഗ്രാമം. ചുറ്റും മുള്ളുവേലികളാല്‍ ചുറ്റപ്പെട്ട, ഈ ഗ്രാമത്തിലെ പുരുഷന്മാർ ഇവിടുത്തെ സ്ത്രീകളുടെ മക്കള്‍ മാത്രമാണ്. പുരുഷന്മാർക്ക് പ്രവേശനമുണ്ടെങ്കിലും താമസിക്കാനുള്ള അവകാശം ഈ സ്ത്രീകള്‍ അനുവദിക്കുന്നില്ല.

സ്വാഹിലി ഭാഷയില്‍ ഐക്യം എന്നര്‍ത്ഥമുള്ള ഉമോജ ഗ്രാമത്തിന്റെ ആശയത്തിന് പിന്നില്‍ റെബേക്ക ലോലോസോളി എന്ന സാംബുരു വംശജയാണ്. ബ്രിട്ടീഷ് പട്ടാളക്കാര്‍ പീഢനത്തിനിരയാക്കിയ സ്ത്രീകള്‍ അവരുടെ ഭര്‍ത്താക്കന്മാരാല്‍ ഉപേക്ഷിക്കപ്പെടുന്ന സാഹചര്യമുണ്ടായി. കാലികളെ മേയ്ക്കാനോ, വിറകെടുക്കാനോ പോകുമ്പോഴായിരുന്നു സ്ത്രീകള്‍ പീഢനത്തിനിരയാകുന്നത്. അങ്ങനെയാണ് ഒരു കൂട്ടം സ്ത്രീകള്‍ ചേർന്ന് 1990 ല്‍ ഈ ഗ്രാമത്തിന് രൂപം നല്‍കിയത്. പിന്നീട് പുരുഷന്മാരുടെ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവരും പുരുഷ വിദ്വേഷികളുമായ സ്ത്രീകള്‍ക്ക് ഏതു സമയവും ആശ്രയിക്കാനുള്ള ഒരിടമായി മാറി ഈ ഗ്രാമം.

ആദ്യ കാലത്ത് കൃഷിയായിരുന്നു ഇവരുടെ ഉപജീവന മാര്‍ഗം. പിന്നീട് കരകൗശല നിര്‍മാണത്തിലൂടെയും ആഭരണ നിര്‍മാണത്തിലൂടെയും വരുമാനമുണ്ടാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞു. സര്‍ക്കാര്‍ സഹായം കൂടെ ആയപ്പോ ഇവര്‍ സ്വയം പര്യാപതരായി. നിരവധി ടൂറിസ്റ്റുകളാണ് ഈ ഗ്രാമം കാണാനായി എത്തുന്നത്.ടൂറിസ്റ്റുകള്‍ക്കായി സഫാരി ക്യാമ്പുകള്‍, നദിക്കടുത്ത് ക്യാമ്പ് സൈറ്റ് തുടങ്ങിയ താമസ സൗകര്യങ്ങളാണ് ഇവര്‍ ഒരുക്കിയിട്ടുള്ളത്. കൂടാതെ ഇവിടുത്തെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രൈമറി സ്‌കൂള്‍, കള്‍ച്ചറല്‍ സെന്റര്‍ എന്നിവയും ഇവർ നടത്തുന്നുണ്ട്.

കൈവശമൊന്നുമില്ലാതെ പുറത്താക്കപ്പെട്ട ഒരു കൂട്ടം സ്ത്രീകളുടെ ആത്മവിശ്വാസത്തില്‍ പടുത്തുയര്‍ന്ന ഉമോജ ഗ്രാമം നിരാലംബരായ ഓരോ സ്ത്രീയുടെയും പ്രതീക്ഷയാണ്.

Read more topics: # Africa,# Women Empowernent,# Women Village
umoja village in kenya where live only women but men are banned

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES