സീരിയല്‍ മേഖലയിലും വര്‍ക്ക് അറ്റ് ഹോം! വൈറല്‍ ആയി യു.എസ് സ്വദേശിനിയുടെ പോസ്റ്റ്
കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തില്‍ പല തൊഴില്‍ മേഖലകളും വര്‍ക്ക് അറ്റ് ഹോം രീതിയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ഇന്ത്യന്‍ സീരിയല്‍ മേഖലയില്‍ വര്‍ക്ക് അറ്റ് ഹോം നടപ്പിലാക്കിയാല്‍ ഉണ്ടാവുന്ന ചില ചിത്രങ്ങള്‍, അതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും അവതരണത്തിലും ആശയത്തിലും യാതൊരു മാറ്റവും ഉള്‍കൊള്ളാന്‍ സാധികാത്ത മേഖലയാണ് സീരിയലുകള്‍. സ്വന്തം അമ്മയെ തിരിച്ചറിയാത്ത കുട്ടി, കുട്ടിയെ തിരിച്ചറിയാത്ത അമ്മ, അമ്മായിഅമ്മ മരുമക്കള്‍ പോര്, അവിഹിതം തുടങ്ങിയ വിഷയങ്ങള്‍ ആണ് എക്കാലത്തെയും സീരിയലുകളുടെ സംസാരവിഷയം.
സമാന്ത എന്ന യു.എസ് സ്വദേശിനിയാണ് ഇത്തരത്തില്‍ രസകരമായി ഇന്ത്യന്‍ സീരിയലുകളെ ട്രോള്‍ ചെയ്തിരിക്കുന്നത്. തിളങ്ങുന്ന പട്ടുസാരിയും രണ്ടുമൂന്ന് മാലയും നെറ്റി നിറഞ്ഞു നില്ക്കുന്ന ചുട്ടിയും വലിയ ജിമിക്കി കമ്മലും വളകളുമൊക്കെയിട്ട് ലാപ്ടോപ്പിനു മുന്നില്‍ ജോലി ചെയ്യുന്ന സ്ത്രീയെയാണ് സാമന്ത അവതരിപ്പിക്കുന്നത്.
ചിത്രങ്ങള്‍ക്കൊപ്പം രസകരമായ ക്യാപ്ഷനും നല്‍കിയിട്ടുണ്ട്. ''ഹേ ദൈവമേ ഞാന്‍ എന്റെ നോട്ട്ബുക് ഓഫീസില്‍ വച്ചു മറന്നല്ലോ... ധന്യലക്ഷ്മി തന്റെ ജീവിതം പണയംവച്ച് ഒന്നുമില്ലാത്ത നോട്ട് ബുക്കെടുക്കാന്‍ ക്യാബിനിലേക്ക് പോകുമോ എന്നറിയാം നാളെ പതിനൊന്നു മണിക്ക്' എന്നാണ് ഒരു ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്.
'മീനാക്ഷിയുടെ കസിന്റെ കൂടെ ജോലി ചെയ്യുന്നവരുടെ ആന്റിയുടെ സുഹൃത്തിന്റെ ഭാവിവരന്റെ സഹോദരിയുടെ അധ്യാപികയ്ക്ക് കൊറോണ വന്നിരിക്കുന്നു, ഇനി മീനാക്ഷിക്കും വരുമോ? 'നാളെ പത്തുമണിക്ക് അറിയാം എന്നാണ് മറ്റൊരു ക്യാപ്ഷന്‍.
സീരിയലിനെ അപേക്ഷിച്ച് സമാന്ത ധരിച്ച കമ്മല്‍ ചെറുതായെന്നും മേക്കപ്പ് കുറഞ്ഞുപോയെന്നും തങ്ങളേക്കാളെല്ലാം കൂടുതല്‍ സമാന്ത ഇന്ത്യന്‍ സീരിയല്‍ കാണുന്നുണ്ടെന്നും തുടങ്ങി സാമന്തയുടെ പോസ്റ്റിനു രസകരമായ കമന്റുകളും വരുന്നുണ്ട്.

