കടന്നുപോന്ന നാടുകളേ, പ്രിയപ്പെട്ട ജനങ്ങളേ, നിങ്ങളെങ്ങനെയാണ് ഇതൊക്കെ അതിജീവിക്കുന്നുണ്ടാവുക? കൊറോണക്കാലത്ത് കണ്ണുനനയിക്കുന്ന ഒരു കുറിപ്പ്

കടന്നുപോന്ന നാടുകളേ, പ്രിയപ്പെട്ട ജനങ്ങളേ, നിങ്ങളെങ്ങനെയാണ് ഇതൊക്കെ അതിജീവിക്കുന്നുണ്ടാവുക? കൊറോണക്കാലത്ത് കണ്ണുനനയിക്കുന്ന ഒരു കുറിപ്പ്

പത്ഘട്ടങ്ങളിലാണ്  ഓരോ രാജ്യങ്ങളെ, അവിടെയുള്ള ജനങ്ങളുടെ പരിഭ്രാന്തികളെ, അവർ ആപത്തുകൾ നേരിടുന്ന രീതികളെ ഒക്കെ നമ്മൾ പരിചയിക്കുന്നത്. കേരളത്തിൽ വെള്ളപ്പൊക്കം ഉണ്ടായതോടെയാണ് ജനങ്ങളുടെ ഒത്തുചേർന്നുള്ള പ്രവർത്തനങ്ങൾ ലോകമാകെ ചർച്ചയ്‌ക്കെത്തിയത്. 

അതുപോലെ തന്നെയാണ് കൊറോണക്കാലത്തും. ഓരോ നാട്ടിലും ജനങ്ങൾ എങ്ങനെയൊക്കെയാണ് അവരുടെ പരിമിതികളെ കടന്നുപോരുന്നത്  എന്നുള്ള കുഞ്ഞുകുഞ്ഞുകഥകൾ ഈ സമയത്ത് കേട്ടുകൊണ്ടേയിരിക്കുന്നു. ഓരോ നാട്ടിലും ജീവിച്ചിരുന്നവർ ആ നാട് എങ്ങനെയായിരിയ്‌ക്കും ഈ സമയത്തെ കടന്നുപോരുന്നുണ്ടാവുക എന്ന് ചെറുതല്ലാത്ത സങ്കടത്തോടെ ചിന്തിക്കുന്നു. അങ്ങനെ ഒരു ഓർമ്മയാണ് ലക്ഷദ്വീപിൽ 144 പ്രഖ്യാപിച്ചതറിഞ്ഞ് ഫേസ് ബുക്കിൽ പങ്കുവെക്കപ്പെട്ട ഈ കുറിപ്പ്. 

ഭക്ഷണത്തിന്റെ കാര്യമെങ്ങനെയാവുമെന്ന് ചോദിച്ചപ്പോൾ പഠിപ്പിച്ചവരിൽ ഒരാൾ  പറഞ്ഞതിങ്ങനെ:
"ഒരു വഴീല്ല മിസ്സേ..കൂടിവന്നാൽ ഒരാഴ്ച. അതുകഴിഞ്ഞാൽ കൊപ്രയും മാസും കഴിച്ചിരിക്കേണ്ടിവരും"

ലക്ഷദ്വീപിൽ ടീച്ചറായിരുന്നു കവി കൂടെയായ സൗമ്യ. നാട്ടിൽ ഇരുന്നുകൊണ്ട് കൊറോണക്കാലത്തെ ലക്ഷദ്വീപ് എങ്ങനെ നേരിടുന്നുണ്ടാവും എന്ന് സങ്കടത്തോടെ ഓർക്കുകയാണ് സൗമ്യ.

"2018ലെ പ്രളയകാലത്ത് ആന്ത്രോത്തിലായിരുന്നു (ലക്ഷദ്വീപ്). കേരളത്തിനോട് ഏറ്റവുമടുത്തുള്ള ദ്വീപാണ്. മഴക്കാലത്ത് അവിടെ മാത്രമേ പച്ചക്കറി കിട്ടൂവെന്നാണ് അവിടുത്തുകാർ പറഞ്ഞുള്ള അറിവ്. മീനും നാളികേരവും വെളിച്ചെണ്ണയും ഒഴികെയുള്ള എല്ലാ ഭക്ഷ്യവസ്തുക്കളും വൻകരയിൽ നിന്ന് കൊണ്ടുവരണം. മഴക്കാലത്ത് വലിയ കപ്പലുകൾ മാത്രമേ ഉണ്ടാവൂ, കൊച്ചിയിൽനിന്ന് മാത്രം. ബേപ്പൂര് നിന്നും മംഗലാപുരത്തുനിന്നുമുള്ളത് ചെറിയ കപ്പലുകളായതുകൊണ്ട് ആ സമയത്ത് അവ ഡോക്കിലായിരിക്കും. കച്ചവടക്കാർ കൊച്ചിയിൽ നിന്ന് ഈ കപ്പലുകളിലാണ് പച്ചക്കറികളടക്കമുള്ളവ എത്തിക്കുക. കപ്പലിൽ നിന്ന് ബോട്ടിലിറക്കി കരയിലെത്തുമ്പോഴേക്കും കൊണ്ടുവരുന്നതിൽ പാതിയെങ്കിലും പച്ചക്കറികൾ ഉപയോഗശൂന്യമായിട്ടുണ്ടാവും. സ്വാഭാവികമായും വില കൂടുതലായിരിക്കും, എന്നാലും അവർക്ക് ലാഭമൊന്നും കിട്ടില്ല. സാധാരണ മഴക്കാലത്തെ സ്ഥിതിയിതാണ്, പ്രളയത്തിൽ അത് രൂക്ഷമായിരുന്നു.

കപ്പലെത്തുന്നത് രാവിലെയാണെങ്കിൽ വൈകീട്ടത്തേയ്ക്ക് കടയിലെല്ലാം തീരും, വൈകീട്ടാണെങ്കിൽ രാത്രിയോടെ. വല്ലാതെ ഉപ്പുവെള്ളത്തിൽ മുങ്ങാത്ത ഒരു സവാളയോ തക്കാളിയോ കിട്ടാൻ രാത്രി പത്തുമണി വരെയൊക്കെ കടയിലേക്ക് കടക്കാൻ പഴുതില്ലാതെ കാത്തുനിന്നിട്ടുണ്ട്.

ആന്ത്രോത്തിൽ ഇന്ന് 144 പ്രഖ്യാപിച്ചിട്ടുണ്ട്. ബേപ്പൂരു നിന്നുള്ള കപ്പലുകൾ നേരത്തേ നിർത്തിയിരുന്നു. പിന്നീട് ലക്ഷദ്വീപ് പൂർണ്ണമായും അടച്ചുവെന്നും കേട്ടു. കുറച്ചുനേരം കൂടി കഴിഞ്ഞാൽ കംപ്ലീറ്റ് ലോക്ഡൗൺ.

എല്ലാവിധ ലക്ഷ്വറികളുമുള്ളവരും സർക്കാരിൽ നിന്നു കിട്ടുന്ന റേഷൻ മാത്രമുള്ളവരും ഒരുപോലെയുള്ള നാട്. ഒരു വീട്ടിൽത്തന്നെ ഒരുപാടംഗങ്ങൾ. അതിൽ പ്രായമായവരും ഒട്ടനവധി കുഞ്ഞുങ്ങളും. നിരവധി ക്യാൻസർ രോഗികൾ. മാനസികാസ്വാസ്ഥ്യങ്ങളുള്ളവർ ഒട്ടും കുറവല്ല. ലോക്ഡൗൺ പോയിട്ട് ഒന്നിനെയും നേരിടാനുള്ള മുൻകരുതലുകൾ അഡ്മിനിസ്ട്രേഷൻ കൈക്കൊണ്ടിട്ടില്ലെന്നാണറിയുന്നത്. ആകെയുള്ളത് വിശേഷപ്പെട്ട സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു സാമൂഹികാരോഗ്യകേന്ദ്രമാണ്.
ഭക്ഷണത്തിന്റെ കാര്യമെങ്ങനെയാവുമെന്ന് ചോദിച്ചപ്പോൾ ഒരുവൻ പറഞ്ഞതിങ്ങനെ:
"ഒരു വഴീല്ല മിസ്സേ..കൂടിവന്നാൽ ഒരാഴ്ച. അതുകഴിഞ്ഞാൽ കൊപ്രയും മാസും കഴിച്ചിരിക്കേണ്ടിവരും."

അന്ധവിശ്വാസങ്ങൾ ഒട്ടേറെയുള്ള മനുഷ്യരാണ്. ജാതിയിലെയോ പാർട്ടിയിലെയോ തലപ്പത്തുള്ളവർ പറഞ്ഞാൽ ഒരടിയനങ്ങാത്തവരാണ് ഭൂരിഭാഗവും. ഇന്ന് രണ്ടു കപ്പലുകൾ കൂടിയെത്തുന്നുണ്ട്.

a teacher from kerala remembering lakshadweep at the time of corona

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES