നിപ, പ്രളയം, കൊവിഡ്; പ്രകൃതി ദുരന്തങ്ങള്‍ മൂലം തുടര്‍ച്ചയായി മൂന്ന് തവണ മാറ്റി വയ്‌ക്കേണ്ടി വന്ന വിവാഹം
കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശികളായ അരിയില്‍ പ്രേം ചന്ദ്രന്റെയും എ.വി സാന്ദ്ര സന്തോഷിന്റെയും വിവാഹമാണ് തുടര്‍ച്ചയായി മൂന്ന് തവണ പ്രകൃതി ദുരന്തങ്ങള്‍ കൊണ്ട് മാറ്റി വയ്‌ക്കേണ്ടി വന്നത്. മാര്‍ച്ച് 21 ഞായറാഴ്ച ഇവരുടെ വിവാഹം നടക്കാനിരിക്കെ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം മാറ്റി വയ്‌ക്കേണ്ടി വന്നിരിക്കുകയാണ്.
അയല്‍വാസികളായ പ്രേമും സാന്ദ്രയും കുട്ടിക്കാലം മുതലേ പരസ്പരം അടുത്തറിയവുന്നവരാണ്. രണ്ട് വര്‍ഷം മുമ്പ് 2018 മെയ് 20 ന് വിവാഹം നടത്താനായിരുന്നു വീട്ടുകാര്‍ തീരുമാനിച്ചത്. എന്നാല്‍ മെയ് രണ്ടിന് കോഴിക്കോട് നിപ സ്ഥിരീകരിച്ചു. മെയ്16 എത്തിയതോടെ ഭയം കാരണം ആരും പുറത്തിറങ്ങാത്ത അവസ്ഥയായി. ഇതോടെ കല്യാണം മാറ്റി വയ്‌ക്കേണ്ടി വന്നു. തുടര്‍ന്ന് പ്രേമിന്റെ ബന്ധു മരിച്ചതിനാല്‍ കല്യാണം ഒരു വര്‍ഷം നടത്താന്‍ കഴിയാത്ത സ്ഥിതിയായി.
പിന്നീട് 2019 ലെ ഓണക്കാലത്ത് കല്യാണം നടത്താന്‍ തീരുമാനിച്ചപ്പോള്‍ പ്രളയം കാരണം അതും മാറ്റേണ്ടി വന്നു. ഒടുവില്‍ 2020 മാര്‍ച്ച് 20, 21 തിയ്യതികളിലായിരുന്നു വിവാഹത്തിനായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കോവിഡ് മൂലം മൂന്നാം തവണയും വിവാഹം മാറ്റി വയ്‌ക്കേണ്ടി വന്നതിലുള്ള ആശങ്കയിലാണ് ഇവരുടെ കുടുംബം. ഞായറാഴ്ച്ച കല്യാണത്തിനായി എല്ലാം ഒരുക്കങ്ങളും പൂര്‍ത്തിയായിരുന്നു. വിവാഹത്തിനും റിസപ്ഷനുമായി രണ്ടായിരം പേരെയാണ് ഇരുവീട്ടുകാരും ക്ഷണിച്ചിരുന്നത്.

