കേരളത്തിലേക്ക് മടങ്ങിയെത്തുന്ന ഇതരസംസ്ഥാനത്തൊഴിലാളികളായ നമ്മുടെ സ്ത്രീകൾക്ക് എന്തായിരിക്കും പറയാനുണ്ടാവുക?

കേരളത്തിലേക്ക് മടങ്ങിയെത്തുന്ന ഇതരസംസ്ഥാനത്തൊഴിലാളികളായ നമ്മുടെ സ്ത്രീകൾക്ക് എന്തായിരിക്കും പറയാനുണ്ടാവുക?

കൊറോണക്കാലത്ത് നമ്മൾക്ക് ധാരാളം ജാഗ്രതാനിർദേശങ്ങൾ കിട്ടുന്നുണ്ട്.  പറ്റുന്നത്ര യാത്ര ചെയ്യാതിരിക്കാനും വീടുകളിൽ കഴിയാനും സർക്കാരും ആരോഗ്യപ്രവർത്തകരും നമ്മളോട് പറയുന്നുണ്ട്. നാട് എന്നുപറയുന്നത് കേരളമാവുന്ന അവസ്ഥയിൽ പുറം സംസ്ഥാനങ്ങളിൽ കഴിയുന്ന ധാരാളം കുടുംബങ്ങളുണ്ട്. അവരിൽത്തന്നെ ജോലിക്കായി കുടുംബത്തെ കേരളത്തിൽ വിട്ട് തനിയെ കഴിയേണ്ടി വരുന്ന സ്ത്രീകളുണ്ട്. ഇപ്പോഴത്തേത് പോലെ ഒരു അനിശ്ചിതാവസ്ഥയിൽ  കേരളത്തിലേക്ക് മടങ്ങിയെത്തുന്ന അന്യസംസ്ഥാനത്തൊഴിലാളികളായ നമ്മുടെ സ്ത്രീകൾക്ക് എന്തായിരിക്കും പറയാനുണ്ടാവുക?

ബീഹാറിൽ കുടുംബശ്രീയുടെ NRO ആയി പ്രവർത്തിക്കുന്ന ഉമ അഭിലാഷ് ഇന്നലെ വൈകുന്നേരമാണ് തിരികെ കേരളത്തിൽ എത്തുന്നത് . പട്നയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള കണക്ഷൻ ഫ്‌ളൈറ്റിൽ ഏതാണ്ട് 25 പേരാണ് ഉണ്ടായതെന്ന് ഉമ പറയുന്നു. എയർപോർട്ടുകൾ മിക്കവാറും കാലിയാണ്. സ്ത്രീകളെ സ്വയംതൊഴിൽ പഠിപ്പിക്കുന്ന, സ്വാശ്രയജീവിതത്തെക്കുറിച്ച് ദിവസവും സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരാൾ എന്ന നിലയിൽ രാജ്യം നേരിടാൻ പോവുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയാണ് ഉമ ആദ്യം ഷെയർ ചെയ്തത്.

വീട്ടിൽ എത്തിയ ശേഷം നേരെ ദിശയിലും ഹെൽത് സെന്ററിലും എത്തിയ വിവരം അറിയിക്കുകയും ഹോം ക്വാറന്റൈൻ ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. രണ്ടു ചെറിയ കുട്ടികളുള്ള ഒരു സ്ത്രീ ഏതാണ്ട്  ആറു മാസങ്ങൾക്ക് ശേഷം വീട്ടിലെത്തുമ്പോൾ കുട്ടികളോട് അകലം പാലിക്കേണ്ടി വരുന്ന അവസ്ഥ എത്ര ഭീകരമാണെന്ന് എല്ലാ അമ്മമാർക്കും മനസിലാകും. താൻ അറിയിച്ചതിനു ശേഷവും നിരന്തരം പോലീസ് സ്റ്റേഷനിലും ദിശയിലും മറ്റും ഇങ്ങനെയൊരാൾ വന്നിട്ടുണ്ട് എന്ന് വിളിച്ചറിയിക്കുന്ന നാട്ടുകാരെക്കുറിച്ച് പറയുമ്പോൾ അത്ര ഗൗരവമായാണ് കേരളം കൊറോണയെ നേരിടുന്നത് എന്ന് മനസ്സിലാവും. എന്നാൽ അതേ സമയം ഇനി വരാനിരിക്കുന്ന വലിയ സാമ്പത്തികവീഴ്ചയിൽ ഒപ്പമുണ്ടാവുക ആരായിരിക്കും എന്ന ആശങ്ക കൂടെ ഉമ പങ്കുവെക്കുന്നു.  
"ഞാൻ ബീഹാറിൽ  താമസിച്ചിരുന്ന ഗ്രാമത്തിൽ ഓറിയോ ബിസ്കറ്റ് വേണമെങ്കിൽ ഒരു മണിക്കൂർ യാത്ര ചെയ്യണം, ഒരു സിനിമ കാണണമെങ്കിൽ മൂന്ന് മണിക്കൂറും. അവിടെന്ന് പുറത്ത് വരുമ്പോഴെക്കെയും കുറച്ച് ദിവസം എല്ലാം അത്ഭുതകാഴ്ച്ചകൾ ആണ്. വന്നിറങ്ങുന്ന സമയം മുതൽ റോഡ് സൈഡ് ഫുഡ്‌ കഴിച്ചോണ്ടാണ് സാധരണ വീട്ടിൽ വരുന്നത്. വന്ന ദിവസം മുതൽ പോകുന്ന വരെ വീട്ടിൽ ഇരിക്കാറില്ല. ആ ഞാൻ ഇന്നലെ നേരെ വീട്ടിലേക്ക് പോന്നു. മക്കളോട് പോലും അടുത്ത് പെരുമാറുന്നില്ല. ദേഷ്യവും സങ്കടവും തോന്നുന്നുണ്ട് എന്നാലും പതിനാലു ദിവസം വീട്ടിൽ തന്നെ ഒരു മുറിയിൽ ഒതുങ്ങണം." ഉമ പറയുന്നു. 

ഉമയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം :

ഇന്നലെ നാട്ടിൽ എത്തി. വന്നയുടനെ ദിശയിലും,ഹെൽത്ത്‌ സെന്ററിലും അറിയിച്ചിട്ടുണ്ട്. 
അത്ഭുതം തോന്നിയത് നാട്ടിലുള്ളവർ ഞാൻ പറയുന്നതിന് മുന്പേ എല്ലായിടത്തും അറിയിപ്പ് കൊടുത്തു എന്നുള്ളതാണ്.  എത്രമാത്രം ഭയത്തിലാണ് ഇന്ന് നമ്മുടെ സമൂഹം. ശരിയായ രീതിയിൽ ഉള്ള മാനസികാരോഗ്യ പ്രവർത്തങ്ങൾ കൂടി ഇതിനൊപ്പം നടത്തിയില്ലെങ്കിൽ ഒരുമിച്ച് നിന്ന് അതിജീവിക്കുക എന്ന നമ്മുടെ രീതികൾ മാറി പോകും. ഒരു കുടുംബം മുഴുവൻ വീട്ടിൽ ഇരിക്കുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ബുദ്ധിമുട്ട് എത്രയായിരിക്കുമെന്ന് ആലോചിക്കാവുന്നതേ ഉള്ളു. അതു കൂടി ചുറ്റും ഉള്ളവർ ശ്രദ്ധിക്കുമ്പോ  ആയിരിക്കും ഇത്തരം വിളിച്ചു പറയലുകൾ കൂടുതൽ ഭംഗിയുള്ളതാകുക. പട്നയിൽ നിന്ന് വന്ന ഫ്ലൈറ്റ് ഏകദേശം കാലിയായിരുന്നു. വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി നമ്മൾ ഊഹിക്കുന്നതിനേക്കാൾ എത്രയോ വലുതായിരിക്കും. നോട്ടു നിരോധനം, ജി എസ് ടിക്ക്  ശേഷം ചെറുകിട സംരഭം, നിർമാണപ്രവർത്തനങ്ങൾ ഒക്കെ നിലച്ച മട്ടാണ്. പ്രാദേശിക സാമ്പത്തിക വികസനം എന്നൊന്ന് നടക്കുന്നില്ല.  അതിനിടക്കാണ്  ഇത്തരമൊരു സാഹചര്യം കൂടി രാജ്യം നേരിടുന്നത്. അസുഖം ബാധിച്ചു മരിക്കുന്നതിനേക്കാൾ ആളുകൾ പട്ടിണി കൊണ്ടു മരിക്കുകയോ ആത്മഹത്യ ചെയ്യുകയോ ഉണ്ടാകുമെന്ന   പേടിയുണ്ട്. സത്യത്തിൽ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഞാൻ വീട്ടിൽ ഇരിക്കുമ്പോൾ ഭർത്താവിന്റെ വരുമാനം കൊണ്ടു മാത്രം ഇനി വരുന്ന മാസങ്ങളിലെ ലോൺ, ചിലവുകൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആശങ്കയുണ്ട്.  മിഡിൽ  ക്ലാസ്സെന്ന്  അവകാശപ്പെടുന്ന എന്നെപ്പോലുള്ളവരുടെ  സാഹചര്യം പോലും ഇത്രയും മോശമാകുമെങ്കിൽ, ആലോചിക്കാൻ വയ്യ നമ്മൾ എങ്ങനെയാണു ഈ സമയത്തെ അതീജീവിക്കുക എന്ന്. ആകെ ഉള്ള ധൈര്യം സംസ്ഥാനസർക്കാരിലുള്ള വിശ്വാസം ആണ്. മറ്റു സംസ്ഥാനങ്ങളിലെ  ഭരണരീതികളും പ്രതിസന്ധികളെ നേരിടുന്ന വിധവും കണ്ടിട്ടുണ്ട്.  നമ്മുടെ ഗവണ്മെന്റ് അവരിൽ നിന്ന് എത്രയോ മുൻപിലാണ് ജനങ്ങളുടെ ഒപ്പം നിൽക്കുന്ന കാര്യത്തിൽ.

 ഞാൻ ബീഹാറിൽ  താമസിച്ചിരുന്ന ഗ്രാമത്തിൽ ഓറിയോ ബിസ്കറ്റ് വേണമെങ്കിൽ ഒരു മണിക്കൂർ യാത്ര ചെയ്യണം, ഒരു സിനിമ കാണണമെങ്കിൽ മൂന്ന് മണിക്കൂറും. അവിടെന്ന് പുറത്ത് വരുമ്പോഴെക്കെയും കുറച്ച് ദിവസം എല്ലാം അത്ഭുതകാഴ്ച്ചകൾ ആണ്. വന്നിറങ്ങുന്ന സമയം മുതൽ റോഡ് സൈഡ് ഫുഡ്‌ കഴിച്ചോണ്ടാണ് സാധരണ വീട്ടിൽ വരുന്നത്. വന്ന ദിവസം മുതൽ പോകുന്ന വരെ വീട്ടിൽ ഇരിക്കാറില്ല. ആ ഞാൻ ഇന്നലെ നേരെ വീട്ടിലേക്ക് പോന്നു. മക്കളോട് പോലും അടുത്ത് പെരുമാറുന്നില്ല. ദേഷ്യവും സങ്കടവും തോന്നുന്നുണ്ട് എന്നാലും പതിനാലു ദിവസം വീട്ടിൽ തന്നെ ഒരു മുറിയിൽ ഒതുങ്ങണം. ഒരു പക്ഷേ ഞാൻ ഏറ്റവും നന്നായി എന്റെ ജീവിതത്തിൽ ഉപയോഗിക്കാൻ പോകുന്ന സമയം ഇതായിരിക്കാം എന്നുതോന്നുന്നു. കുറേ അധികം ഓർമ്മകൾ ഉണ്ട് എഴുതിവക്കാൻ. വായിച്ചു തീർക്കാൻ കുറേ പുസ്തകങ്ങൾ ഉണ്ട്. ജൂണിൽ ഒരു എക്സാം ഉണ്ട്, ബുക്ക് എവിടെയാണെന്ന് അറിയില്ല, നോക്കിയെടുത്തു വായിച്ചു തുടങ്ങാം.  അടുക്കള കണ്ടാൽ തലകറക്കം വരുന്ന എനിക്ക് പുതിയ പരീക്ഷങ്ങൾ നടത്താം. മക്കൾക്ക് കുറച്ചു  കഥകൾ പറഞ്ഞു കൊടുക്കാം, അവരുടെ കൂടെ കളിക്കാം. ഫേസ് ബുക്കിൽ  ഇടക്കൊക്കെ സമയം കളയാം. ഈ വരുന്ന ഞായർ പ്ലേറ്റ് കൊട്ടി കളിക്കാം. എന്നാലും ഇടക്ക് മനസ്സിൽ വരുന്നുണ്ട്, എന്റെ കൊറോണ വൈറസേ  ഈ ചതി മനുഷ്യരോട് വേണ്ടായിരുന്നു... ഗോ കൊറോണ, കൊറോണ ഗോ ....

Uma Abhilash, a Kudumbasree NRO working at Bihar is back to Kerala in corona effect. She shares her concerns about financial future of middle class families in India

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES