'അന്ന് ഞങ്ങള്‍ക്കുണ്ടായ നഷ്ടത്തില്‍ ഇന്ന് അഭിമാനം തോന്നുന്നു'; ശൈലജ ടീച്ചറെ കുറിച്ച് പൂര്‍വ്വവിദ്യാര്‍ത്ഥിനിയുടെ കുറിപ്പ്

'അന്ന് ഞങ്ങള്‍ക്കുണ്ടായ നഷ്ടത്തില്‍ ഇന്ന് അഭിമാനം തോന്നുന്നു'; ശൈലജ ടീച്ചറെ കുറിച്ച് പൂര്‍വ്വവിദ്യാര്‍ത്ഥിനിയുടെ കുറിപ്പ്

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചറെ കുറിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥിനി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായി. കണ്ണൂര്‍ സ്വദേശിനിയായ മാനസി പി.കെയാണ് തന്റെ അധ്യാപികയായിരുന്ന ശൈലജ ടീച്ചറെ കുറിച്ച് എഴുതിയത്. 

2003-2004 അധ്യയന വര്‍ഷത്തില്‍ ശിവപുരം ഹയര്‍ സെക്കന്ററി സ്‌കൂളിലെ തന്റെ രസതന്ത്ര അധ്യാപികയായിരുന്നു ശൈലജ ടീച്ചര്‍ എന്ന് മാനസി പറയുന്നു. പാഠങ്ങളേക്കാളുപരി എങ്ങനെ നല്ലൊരു പ്രാസംഗികയാകാമെന്ന് ടീച്ചര്‍ പഠിപ്പിച്ചു. യുവജനോത്സവങ്ങളിലെ വിവിധ മത്സരങ്ങളില്‍ വിജയിച്ച് സ്‌കൂളിലെ കലാതിലക പട്ടം നേടിയപ്പോള്‍ ടീച്ചറെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ലെന്നും മാനസി കുറിച്ചു. 

വൊളന്ററി റിട്ടയര്‍മെന്റെടുത്താണ് ശൈലജ ടീച്ചര്‍ മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. അപ്പോള്‍ നല്ലൊരു അധ്യാപികയെ നഷ്ടപ്പെട്ട ദുഃഖം ഉണ്ടായിരുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ ആ നഷ്ടം ഇന്ന് നാടിന്റെ നന്മയ്ക്കായി മാറിയത് കാണുമ്പോള്‍ അതിയായ സന്തോഷം തോന്നുന്നുവെന്നും മാനസി പറയുന്നു.

അത്രയും കരുതലോടെയാണ് ടീച്ചര്‍ ഓരോരുത്തരെയും ചേര്‍ത്ത് പിടിക്കുന്നതെന്നും അന്ന് തങ്ങള്‍ക്കുണ്ടായ നഷ്ടത്തില്‍ ഇന്ന് അഭിമാനം തോന്നുന്നുവെന്നും പറഞ്ഞാണ് മാനസി കുറിപ്പ് അവസാനിപ്പിക്കുന്നത്. 

മാനസിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍ വായിക്കാം:  

2003-2004 അദ്ധ്യായന വർഷം ശിവപപുരം ഹയർ സെക്കന്ററി സ്കൂളിൽ എന്റെ കെമിസ്ട്രി അദ്ധ്യാപികയായിരുന്നു കെ കെ ശൈലജ ടീച്ചർ. 5 മുതൽ 7വരേയുള്ള പഠനകാലയളവിൽ എന്നെ പാഠങ്ങൾ പഠിപ്പിച്ചിരുന്നില്ല പക്ഷെ എങ്ങനെ ഒരു മികച്ച പ്രാസംഗിക ആകാമെന്ന് ടീച്ചർ പഠിപ്പിച്ചു തന്നിട്ടുണ്ട്. യൂത്ത് ഫെസ്റ്റിവെലിന് പ്രസംഗവേദികളിലും, മിമിക്രിയും, മോണോ ആക്ടും, നാടകവുമൊക്കേയായി സ്കൂളിലെ കലാതിലകപട്ടം നേടിയപ്പോഴുള്ള സന്തോഷം ഓർക്കുമ്പോൾ ടീച്ചറും, മലയാളം അദ്ധ്യാപകൻ രാജീവൻ സാറും ഓർമ്മയിൽ വരാതിരിക്കുന്നതെങ്ങനെ.
ആ അദ്ധ്യായന വർഷം തന്നെ വളന്ററി റിട്ടേയർമെന്റ് എടുത്ത് മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് ടീച്ചർ പ്രവേശിക്കുമ്പോൾ നല്ലൊരു അദ്ധ്യാപികയെ നഷ്ട്ടപ്പെട്ട ദു:ഖത്തിൽ ഇരുന്നിട്ടുണ്ട്. വെറുമൊരു
അദ്ധ്യാപിക എന്നതിലുപരി ടീച്ചർ കുട്ടികളുടെ ഇടയിലും, നാട്ടുകാരുടെ ഇടയിലും എങ്ങനെയൊക്കെയായിരുന്നു ഇടപെട്ടിരുന്നത് എന്ന് എണ്ണിപ്പറയാൻ നിന്നാൽ ഒരുപാട് പറയേണ്ടി വരും.

പക്ഷെ ആ നഷ്ട്ടം ഇന്ന് നാടിന്റെ നന്മക്കായി മാറിയത് കാണുമ്പോൾ അതിയായി സന്തോഷം തോന്നുന്നു.

മികച്ച വിദ്ധ്യാർഥികളെ എങ്ങനെ വാർത്തെടുക്കണം എന്ന് വ്യക്തമായി അറിയുന്ന ടീച്ചർക്ക് തന്റെ ജനതയെ എങ്ങനെ ചേർത്തു പിടിക്കണമെന്ന് ആരും പറഞ്ഞ് കൊടുക്കേണ്ടതില്ല.
നോക്കൂ എത്ര വ്യക്തതയോടേയാണ് ടീച്ചർ തന്റെ ജനങ്ങളോട് സംസാരിക്കുന്നത്. എത്ര കൃത്യമായ രാഷ്ട്രീയവും, മാനുഷികവുകമായ നിലപാടിലൂടേയാണ് ടീച്ചർ നമുക്ക് പ്രിയപ്പെട്ടതായത്.
എത്ര മാന്യമായാണ് പ്രതിപക്ഷത്തോട് ടീച്ചർ സംസാരിക്കുന്നത്. എത്ര സന്തോഷത്തോടേയാണ് നിങ്ങൾ എന്നെ ടീച്ചറമ്മയെന്ന് വിളിക്കുന്നതിൽ പരിഭവമില്ലെന്ന് പറയുന്നത്.
എത്ര മികച്ച രീതിയിലാണ് ആരോഗ്യരംഗത്ത് അത്രയും കരുതലോടെ ഓരോരുത്തരേയും ചേർത്തു പിടിക്കുന്നത്.

പ്രിയപ്പെട്ട ടീച്ചർ തീർച്ചയായും അന്ന് ഞങ്ങൾക്കുണ്ടായ നഷ്ട്ടത്തിൽ ഇന്ന് അഭിമാനം തോന്നുന്നു. 

Manasi PK, an old student of minister KK Shailaja teacher posted a note about her experience with Shailaja teacher on facebook.

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES